കോഴിക്കോട്: ജില്ലയില്‍ നിപബാധിച്ച കുട്ടിയുടെ മരണത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം, സാംപിള്‍ എടുക്കുന്നതിനുമുമ്പ് മസ്തിഷ്‌കജ്വരവും മരുന്നുകളോട് പ്രതികരിക്കാത്തവിധത്തില്‍ ആവര്‍ത്തിച്ചുള്ള അപസ്മാരവുമുണ്ടായിരുന്നു. ഈ ലക്ഷണങ്ങളെത്തുടര്‍ന്നാണ് കുട്ടിയുടെ സ്രവ സാംപിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സിറം, പ്ലാസ്മ, സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നീ മൂന്ന് സാംപിളുകള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്നു സാംപിളുകളും പോസിറ്റീവാകുകയുംചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. മറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പില്‍നിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങള്‍മാത്രമേ മുഖവിലയ്‌ക്കെടുക്കാവൂവെന്നും കളക്ടര്‍ പറഞ്ഞു. 

Content Highlights:  Kozhikode Collector warns against Nipah fake news, Health