പിടിപെട്ടാല്‍ മരണം ഉറപ്പെന്ന് ലോകമെങ്ങും വിശ്വസിച്ച രോഗത്തെ അതിജീവിച്ച നാടാണ് കോഴിക്കോട്. പകച്ചുനില്‍ക്കാതെ എങ്ങനെ നിപയെ നേരിടാമെന്ന് ലോകത്തിനു കാട്ടിക്കൊടുത്ത നാട്. നിപയെ അതിജീവിച്ച രണ്ടുപേര്‍ ഈ നാടിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഐക്യബോധത്തിന്റെയും സാക്ഷികള്‍.

കൂട്ടായിനിന്നാല്‍ നിപയെന്നല്ല, ഏത് ആപത്തിനെയും തുരത്താനാവുമെന്നു തെളിയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് കോഴിക്കോട് കേരളത്തോട് പറയുന്നത്: ''പേടി വേണ്ട. ജാഗ്രതയും സൂക്ഷ്മതയും മതി''

അതിവേഗം തിരിച്ചറിയല്‍

രണ്ടാമത്തെ രോഗിയില്‍ത്തന്നെ നിപയാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതാണ് കോഴിക്കോടിനു തുണയായത്. 2018 മേയ് അഞ്ചിന് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ചുകെട്ടിവീട്ടില്‍ സാബിത്തിന്റെ മരണമാണ് ആദ്യ നിപ കേസ് എന്നു കരുതുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് സാലിഹ് മേയ് 18-ന് മരിച്ചതോടെയാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിപയാകാമെന്ന ഡോ. എ.എസ്. അനൂപ് കുമാറിന്റെ സംശയമാണ് സ്ഥിരീകരണത്തിലേക്കു നയിച്ചത്. നിപയെന്ന് മണിപ്പാലില്‍നിന്ന് വിവരം കിട്ടിയപ്പോള്‍ത്തന്നെ ചുവപ്പുനാടകള്‍ക്കപ്പുറമുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞിരുന്നു.

കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ എന്തുചെയ്യണം, പോസ്റ്റ്മോര്‍ട്ടവും ശവസംസ്‌കാരവും ഉള്‍പ്പെടെ കാര്യങ്ങളില്‍ വേണ്ട സൂക്ഷ്മത, ആശുപത്രികളിലും ആളുകള്‍ കൂടുന്നിടങ്ങളിലും എന്തൊക്കെ ശ്രദ്ധിക്കണം, ചകിതരാകാതെ ഈ വിഷമഘട്ടത്തെ എങ്ങനെ നേരിടണം-അങ്ങനെ ഓരോ കാര്യത്തിലും ഉടനുടന്‍ തീരുമാനങ്ങളെടുക്കേണ്ട ഘട്ടമായിരുന്നു.

ഉണര്‍ന്നുപ്രവര്‍ത്തിച്ച് അധികൃതര്‍, ഒപ്പംനിന്ന് നാട്ടുകാര്‍

അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മന്ത്രിമാരായിരുന്ന എ.കെ. ശശീന്ദ്രനും ടി.പി. രാമകൃഷ്ണനും രോഗഭീതിയൊഴിയുംവരെ ജില്ലയില്‍ തങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത മേയ് 18-നു രാത്രി കോഴിക്കോട്ടെത്തി നടപടികള്‍ക്ക്നേതൃത്വം നല്‍കി. ഗവ. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ വിദഗ്ധരും കേന്ദ്ര ആരോഗ്യസംഘവും എത്തി.

രോഗം കൂടുതല്‍പേരിലേക്കു പടരാതിരിക്കാനും സംശയമുള്ള ഒരാളെപ്പോലും വിട്ടുപോകാതെ നിരീക്ഷിക്കാനും സൂക്ഷ്മമായ സംവിധാനമാണ് പ്രവര്‍ത്തിച്ചത്. അന്ന ജില്ലാകളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളോട് നാട് ഒറ്റമനസ്സോടെ സഹകരിച്ചു.

ഭീതിയുടെ മുഖാവരണമണിഞ്ഞ നാളുകള്‍

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 16 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ആദ്യം മരിച്ച സാബിത്തിന്റെ പേരുകൂടി ചേര്‍ക്കുമ്പോള്‍ ഇത് 17 ആകും. പഴം കഴിക്കുന്ന വവ്വാലില്‍നിന്നാണ് വൈറസ് മനുഷ്യനിലേക്കെത്തിയതെന്നാണ് നിഗമനം.

വവ്വാല്‍തൊട്ട പഴങ്ങള്‍ കഴിക്കരുതെന്നും മുഖാവരണം ഉപയോഗിക്കണമെന്നും വൃത്തിശീലങ്ങള്‍ പാലിക്കണമെന്നുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കപ്പെട്ടു.

ശവസംസ്‌കാരച്ചടങ്ങുകള്‍ക്കും കര്‍ക്കശസന്നാഹം

നിപ വൈറസ് ബാധയേറ്റവരെ ചികിത്സിച്ച ആശുപത്രികളില്‍ ജാഗ്രതയോടെയാണ് സംവിധാനങ്ങളൊരുക്കിയത്. രോഗികള്‍ക്കുമാത്രമല്ല, പരിചരിക്കുന്നവര്‍ക്കും പ്രത്യേകവസ്ത്രങ്ങളും മാസ്‌കുകളും ഉള്‍പ്പെടെയുള്ള സുരക്ഷയേര്‍പ്പെടുത്തി. അത്യാവശ്യമില്ലാതെ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന നിര്‍ദേശത്തിനും അനുകൂലപ്രതികരണമുണ്ടായി.

2018 മേയ് 31-നാണ് നിപ മൂലമുള്ള അവസാന മരണമുണ്ടായത്. മരിച്ചവരുടെ ശവസംസ്‌കാരച്ചടങ്ങുകളിലും ജാഗ്രത പുലര്‍ത്തി.

അതിജീവനത്തിന്റെ കിരണങ്ങള്‍

2018 ജൂണ്‍ 11-നാണ് നിപയെ അതിജീവിച്ച അജന്യയും ഉബീഷും ആശുപത്രി വിട്ടത്. പിറ്റേന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു. നാടും നഗരവും പതുക്കെപ്പതുക്കെ സജീവമായി. അതിസുരക്ഷാകാലഘട്ടമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച സമയപരിധി ജൂണ്‍ 30-ന് പൂര്‍ത്തിയായി. ജൂലായ് ഒന്നിന് കോഴിക്കോട് നിപയില്‍നിന്ന് വിമുക്തി നേടിയതായി മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു.

Content highlight: deadly Nipah Virus, Nipah Virus, Nipah kerala, Nipah Kozhikode