ചാത്തമംഗലം (കോഴിക്കോട് ): നിപബാധ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വൈറസിന്റെ ഉറവിടം കണ്ടെത്താനായി ശ്രമംതുടങ്ങി. മൃഗസംരക്ഷണ, വനംവകുപ്പ് അധികൃതർ ചാത്തമംഗലം പാഴൂർ മുന്നൂരിലെത്തി തിങ്കളാഴ്ച സാംപിളുകൾ ശേഖരിച്ചു. നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ രണ്ട് ആടുകളുടെ രക്തം, ഉമിനീര്, തറവാട്ടു വീടിനടുത്തുള്ള റമ്പൂട്ടാൻ മരത്തിലെ പഴങ്ങൾ, സമീപത്ത് വവ്വാലുകളുടെ ആവാസകേന്ദ്രത്തിൽനിന്ന് വവ്വാലുകളുടെ വിസർജ്യം എന്നിവയാണ് ശേഖരിച്ചത്. വവ്വാലുകൾ കടിച്ച റമ്പൂട്ടാൻ പഴങ്ങളുമുണ്ട്. വിസർജ്യം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കും.

രോഗത്തിന്റെ ഉറവിടം വവ്വാലുകളാകാമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.

ആടുകളിൽനിന്ന് രോഗംപകരുന്നതായി ഇതുവരെ സൂചനയില്ല. കുട്ടിയുടെ വീട്ടിലെ ആടുകൾക്ക് രണ്ടുമാസം മുമ്പ് അസുഖം വന്നതായും കുട്ടി ആടുകളുമായി അടുപ്പം പുലർത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞതിനാലാണ് ആടുകളിൽനിന്ന് സാംപിളുകൾ എടുത്തത്. സാംപിളുകൾ ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് വിദഗ്ധ സംഘത്തിന് നേതൃത്വംനൽകിയ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. ബേബി പറഞ്ഞു. വവ്വാലുകളെ ജീവനോടെ പിടിച്ച്‌ ഇതുവരെ പരിശോധന നടത്തിയിട്ടില്ല. മൂത്രവും തൊണ്ടയിൽ നിന്നുള്ള സ്രവവുംകൂടി പരിശോധിച്ചതിനു ശേഷമേ ഉറവിടം അവതന്നെയാണെന്ന് അന്തിമ നിഗമനത്തിലെത്താനാവൂ.

കുട്ടി റമ്പൂട്ടാൻ പഴം കഴിച്ചതിന്റെ 200 മീറ്ററോളം അടുത്താണ് പുഴയ്ക്ക് അക്കരെയായി ചേന്ദമംഗലൂർ പുൽപ്പറമ്പിൽ വവ്വാലുകളുടെ ആവാസകേന്ദ്രം. ഇവിടെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസിസ് ടീമിൽനിന്നും വരുംദിവസങ്ങളിൽ വിദഗ്ധരെത്തും. വനംവകുപ്പിന്റെ പരിശോധനാ സംഘത്തിന് വെറ്ററിനറി അസി. മെഡിക്കൽ ഓഫീസർ ഡോ. അരുൺ സത്യൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. രാജീവ് എന്നിവർ നേതൃത്വംനൽകി