''ഒമ്പതുമാസം ഗര്‍ഭിണിയായിരിക്കെയാണ് എന്റെ ഭാര്യ സിനിക്ക് കോവിഡ് ബാധിച്ചത്. ഗുരുതരാവസ്ഥയിലായതോടെ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍നിന്ന് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേയ്ക്കയച്ചു. ഒട്ടും പ്രതീക്ഷയില്ലാതെയാണ് മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഞങ്ങളുടെ ജീവിതം തിരിച്ചുനല്‍കി- മണ്ണുത്തി പാണ്ടിപ്പറമ്പ് സ്വദേശി അരുണ്‍ ഇതു പറയുമ്പോള്‍ വാക്കുകളിടറി.

ഈ വാക്കുകളില്‍ ഒട്ടും അതിശയോക്തിയില്ല. ഇതുവരെ കോവിഡ് ബാധിച്ച 600 ഗര്‍ഭിണികള്‍ക്കാണ് മെഡിക്കല്‍ കോളേജ് സ്ത്രീ രോഗവിഭാഗം ചികിത്സ നല്‍കിയത്. ഇതില്‍ 320 എണ്ണവും സിസേറിയനായിരുന്നു. മറ്റു ആശുപത്രികള്‍ കൈയൊഴിഞ്ഞ സങ്കീര്‍ണമായ പ്രസവങ്ങളായിരുന്നു ഭൂരിപക്ഷവും.

തൃശ്ശൂരിന് പുറമെ, പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. സ്ത്രീരോഗ വിഭാഗത്തിലെ പത്ത് ഡോക്ടര്‍മാരും പി.ജി. ഡോക്ടര്‍മാരും വിശ്രമമില്ലാതെ ജോലിയെടുത്താണ് ഇവരെയെല്ലാം അപകടസ്ഥിതിയില്‍നിന്ന് കരകയറ്റിയത്. ഒരു കോവിഡ് രോഗിയുടെ പ്രസവം നടത്താനായി ശരാശരി പത്തു മണിക്കൂര്‍ പി.പി.ഇ. കിറ്റ് ധരിച്ച് ഡോക്ടര്‍ രോഗിയുടെ കൂടെ നില്‍ക്കണം. തുടര്‍ച്ചയായി പത്തുദിവസമാണ് ഡോക്ടര്‍മാര്‍ക്ക് കോവിഡ് ഡ്യൂട്ടി. ഈ സമയത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ ഡ്യൂട്ടിയെടുക്കണം.

ഇത് കഴിഞ്ഞാലും വിശ്രമമില്ല. പിറ്റേ ദിവസം തന്നെ ഒ.പി.യിലോ ശസ്ത്രക്രിയ തിയേറ്ററിലോ ജോലിക്ക് കയറണം. കോവിഡ് ഡ്യൂട്ടിക്കിടെ ഇതുവരെ പി.ജി. ഡോക്ടര്‍മാരടക്കം 15 പേര്‍ക്ക് കോവിഡ് ബാധിച്ചു. വിശ്രമമില്ലാത്ത ഡോക്ടര്‍മാരുടെ ഈ സേവന മനോഭാവം കാരണം കോവിഡ് ചികിത്സക്കിടയിലും ഇതര ചികിത്സകളും മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനായി. ബുധനാഴ്ച സ്ത്രീ രോഗവിഭാഗം വകുപ്പ് മേധാവി അംബുജം വിരമിച്ചതോടെ അഞ്ച് ഡോക്ടര്‍മാരുടെ കുറവുണ്ട്.

Content Highlights: National Doctors day 2021 Thrissur Medical college