ചികിത്സാ പിഴവുകള്‍ ആരോപിക്കപ്പെട്ട് ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെ എണ്ണം ഏറി വരുകയാണ്. അതിനാല്‍ തന്നെ റിസ്‌കെടുത്ത് പല രോഗങ്ങളും ഏറ്റെടുത്തു ചികിത്സിക്കാന്‍ പോലും ഡോക്ടര്‍മാര്‍ മടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. എന്നാല്‍ സ്വയം രക്ഷിക്കാനായി സ്വീകരിക്കാവുന്ന 'ഡിഫന്‍സിവ് മെഡിസിന്‍' എന്ന രീതി പരീക്ഷിക്കാതെ രോഗിയെ രക്ഷിക്കാന്‍ നടത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ഐ.എം.എ സോഷ്യല്‍ മീഡിയ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്ററായ ഡോ സുല്‍ഫി നൂഹു...രോഗി മലയാളത്തിന്റെ മഹാനടന്‍ തിലകനും.

ന്ന് ഡോക്ടര്‍സ് ദിനം. ഇന്നീ കഥ ഒന്നുകൂടി പറയണമെന്ന് തോന്നുന്നു. ദിവംഗതനായ പ്രശസ്ത നടന്‍ ശ്രീ തിലകന്റെ വാതില്‍ക്കല്‍ മരണമെത്തിയ കഥ. ഇതുപോലെ നൂറു നൂറു കഥകള്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും പറയനുണ്ടാകും, ഡിഫന്‍സിവ് മെഡിസിന്‍ അഥവാ 'സ്വയം പ്രതിരോധ ചികിത്സ 'എന്ന  ചികിത്സാരീതിയിലേക്ക് ഡോക്ടര്‍മാരെ  തള്ളി വിടുന്ന ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഈ കഥ വീണ്ടും ഒന്നുകൂടെ ഓര്‍മിപ്പിക്കുകയാണ്.

ഏറെ കൊല്ലങ്ങള്‍ക്കു മുമ്പാണ്.അത്യാഹിതവിഭാഗം നൈറ്റ്  ഡ്യൂട്ടി.രാത്രി ഒരു മണികഴിഞ്ഞിട്ടുണ്ടാവണം.തിരക്കൊന്നൊതുങ്ങിയപ്പോള്‍ മൊബൈലില്‍ കുത്തി അത്യാഹിത വിഭാഗത്തിലെ ഹോളിനെതിരെയുള്ളതന്നെ ഡ്യൂട്ടി റൂമില്‍ ഞാന്‍ ഹാജര്‍.പെട്ടെന്ന് വലിയ ശബ്ദകോലാഹലം. സിസ്റ്റര്‍ ഓടിവന്ന് അത്യാഹിത വിഭാഗത്തിലേക്ക് ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടു.അവിടേക്ക് ചെല്ലുമ്പോള്‍ മുറി നിറയെ വലിയ ആള്‍ക്കൂട്ടം.ആശുപത്രിയുടെ മുന്നില്‍  ആംബുലന്‍സും നിറയെ മറ്റു വാഹനങ്ങളും. ജനക്കൂട്ടത്തെ പുറത്താക്കി,  രോഗി കിടന്ന കട്ടിലിലിനടുത്തേക്ക് എത്തിയപ്പോള്‍  പ്രശസ്തനടനെ തിരിച്ചറിയുവാന്‍ അധികസമയം വേണ്ടിവന്നില്ല, ശ്രീ തിലകന്‍.

Dr. Sulphi Noohuപ്രശസ്തമായ ശാര്‍ക്കര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള നാടക കളരിയില്‍ മേക്കപ്പ് അണിഞ്ഞപ്പോള്‍ അനാഫൈലക്‌സിസ് അഥവാ ഗുരുതരമായ അലര്‍ജി, സിസ്റ്റര്‍ പെട്ടെന്ന് പറഞ്ഞു നിര്‍ത്തി. നോക്കുമ്പോള്‍ പള്‍സ് വളരെ വീക്ക്. വീക്കെന്ന് പറഞ്ഞാല്‍ പോരാ ,കിട്ടുന്നില്ല. ബിപി റെക്കോഡ് ചെയ്യാന്‍ കഴിയുന്നതിലും താഴെ. ദേഹം മുഴുവന്‍ തടിച്ച പൊന്തിയിട്ടുണ്ട്.കാര്യത്തിലെ ഗൗരവം വളരെ കൃത്യം. സെക്കന്‍ഡുകള്‍ക്കകം എന്തെങ്കിലും ചെയ്താല്‍  ചിലപ്പോള്‍ രോഗി രക്ഷപ്പെടും. രണ്ടാമത്തെ മാര്‍ഗം 30 കിലോമീറ്റര്‍ അകലെയുള്ള നഗരഹൃദയത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുക.30 കിലോമീറ്റര്‍ ഓടിയെത്താന്‍ കുറഞ്ഞത് 30 മിനിറ്റ്. 30 മിനിറ്റ് പോയിട്ട് 5 മിനിറ്റിനപ്പുറം പോലും ജീവന്‍ നില്‍ക്കില്ല. അതെ ,മരണം വാതില്‍ക്കല്‍!

ഇതില്‍ പറഞ്ഞ രണ്ടാമത്തെ ചോയിസ് ആണ് ഡിഫന്‍സിവ് മെഡിസിന്‍.ഡിഫന്‍സീവ് മെഡിസിന്‍ വളരെ എളുപ്പമാണ്.ഒട്ടും റിസ്‌ക് എടുക്കാതിരിക്കുക.കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് രോഗിയുടെ കൂട്ടിരിപ്പുകാരോട് പറയുക.കത്തെഴുതുക. കത്ത് കൊടുക്കുക തീര്‍ന്നു.അന്ന് ഡോക്ടര്‍മാരെ തല്ലുന്ന ശീലം  അങ്ങനെയങ്ങ് സാധാരണമായി തുടങ്ങിയിരുന്നില്ല.അതായത് ,ഒരുപക്ഷേ രോഗിമരിച്ചാലും തല്ലൊന്നും കിട്ടില്ല .കിട്ടിയാല്‍ ജീവന്‍. ഇല്ലെങ്കില്‍ അല്പം സങ്കടം. ഞാനും സിസ്റ്റര്‍മാരും രോഗിയുടെ പുറത്തേക്ക് ചാടി വീഴുന്നു.

ഇഞ്ചക്ഷനുകളും  മറ്റ് സംവിധാനങ്ങളും മരുന്നുകളും ഏതാണ്ട് അരമണിക്കൂറോളം. പതിയെ പള്‍സ് ശക്തിയുള്ളതാകുന്നതും ബിപി റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ഉയരുന്നതും ഞങ്ങള്‍ കണ്ടറിഞ്ഞു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അപകടമേഖല ഏതാണ്ട് തരണം ചെയ്തു.ആ സംഭവം കഴിഞ്ഞ് കൊല്ലങ്ങള്‍ കഴിഞ്ഞാണ് പ്രശസ്തനടന്‍ നമ്മെ വിട്ടു പിരിഞ്ഞത്.
അന്ന് ഡിഫന്‍സീവ് മെഡിസിന്‍ എന്ന എളുപ്പമുള്ള വഴി സ്വീകരിച്ചിരുന്നെങ്കില്‍ അടുത്ത ജംഗ്ഷന്‍ പോലും എത്തില്ല.ഉറപ്പല്ലേ.

മരണം വാതിക്കല്‍ എത്തുമ്പോള്‍ ഡോക്ടര്‍ക്ക് ചികിത്സിക്കാന്‍ സ്വാതന്ത്ര്യം വേണം.
ആത്മ ധൈര്യം വേണം
നിങ്ങളുടെ പിന്തുണ വേണം
എന്തും ചെയ്യൂ  ഡോക്ടര്‍,
ഒന്ന് ശ്രമിച്ചു നോക്കൂ എന്നുപറയുന്ന മനസ്സ്! അത് വേണം.
അതിനുപകരം  ജീവന്‍ തിരിച്ചു കിട്ടിയില്ലെങ്കില്‍ തന്നെ കൊല്ലുമെടോയെന്ന് പറഞ്ഞാല്‍, എളുപ്പവഴി ഡിഫന്‍സീവ് മെഡിസിന്‍. പ്രതിരോധ ചികിത്സ എളുപ്പം. വിവരം പറയുക, കത്തെഴുതുക, നല്‍കുക തീര്‍ന്നു.ആരുടെയും ഭീഷണിയോ  തല്ലു കിട്ടുമോയെന്ന ഭയമോ വേണ്ട. ഇങ്ങനെ ഡോക്ടര്‍മാരെ ഡിഫന്‍സീവ് മെഡിസിനിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള പെരുമാറ്റം അപൂര്‍വം ചിലരിലെങ്കിലും ഉണ്ടാകുന്നു.ഇത് മാറേണ്ടതാണ്.

ജൂലൈ 1 ഡോക്ടര്‍സ്  ദിനം. കാലാകാലങ്ങളായുള്ള ആചാരം. ഇത്തവണ പലതും വ്യത്യസ്തം കോവിഡ് 19 നിടയില്‍  മരണം കൊണ്ടുപോയത് മൊത്തം 1553 ഡോക്ടര്‍മാരുടെ ജീവനുകള്‍. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്, മരണം വാതില്‍ക്കലെത്തിയത്. ആദ്യ തരംഗത്തില്‍ 753 .രണ്ടാം തരംഗത്തില്‍ 800. ജീവന്‍ രക്ഷിക്കാന്‍ ഞങ്ങളെ അനുവദിക്കണം. അതിനിടയില്‍ തല്ലരുത്. രോഗി മരിച്ചാലും രക്ഷപ്പെട്ടാലും. മരണമെത്തുമ്പോള്‍ സധൈര്യം ചികിത്സിക്കാന്‍ അനുവദിക്കണം അത്രമാത്രം. ഡോക്ടേഴ്‌സ് ദിനാശംസകള്‍.

Content Highlights: National doctors day 2021 Dr. Sulphi Noohu share a memory about actor Thilakan