ഞാന്‍ മൂന്നാം വര്‍ഷം എം.ബി.ബി.എസിന് പഠിക്കുന്ന കാലമാണ്. ക്ലിനിക്കല്‍ പോസ്റ്റിങ് തുടങ്ങുന്നത് അപ്പോഴാണ്. സര്‍ജറിയിലായിരുന്നു എന്റെ പോസ്റ്റിങ്. 

ഒരു ദിവസം ഏതാണ്ട് ഇരുപതോ ഇരുപത്തൊന്നൊ വയസ്സുള്ള ഒരു ചെറിയ പെണ്‍കുട്ടി ഒ.പിയില്‍ വന്നു. ഏഴ്മാസം ഗര്‍ഭിണിയാണ് അവള്‍. ബ്രസ്റ്റില്‍ ചെറിയൊരു തടിപ്പുണ്ടെന്നതാണ് പ്രശ്‌നം. പരിശോധനയില്‍ അതൊരു മുഴയാണെന്ന് കണ്ടപ്പോള്‍ കൂടുതല്‍ ചെക്കപ്പുകള്‍ക്ക് വേണ്ടി അവരെ പറഞ്ഞയച്ചു. 

പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ബയോപ്‌സിയില്‍ ആ  പെണ്‍കുട്ടിക്ക് കാന്‍സറാണെന്ന് തെളിഞ്ഞു. ഗര്‍ഭിണിയായതുകൊണ്ട് അപ്പോള്‍ ചികിത്സ നടത്താതെ പ്രസവം കഴിഞ്ഞ ഉടനേ ബ്രസ്റ്റിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയയും കീമോതെറാപ്പിയും ചെയ്യാനാണ് ഡോക്ടര്‍മാര്‍ അവള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഏഴ്മാസം ഗര്‍ഭിണിയായതിനാല്‍ പ്രസവത്തിനും ഇനിയും അധികം നാളുകളില്ലല്ലോ, ചികിത്സ വൈകില്ലല്ലോ എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. 

പിന്നീട് ഞാനവളെ കാണുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. കാന്‍സര്‍ രണ്ട് സ്തനങ്ങളിലേക്കും പടര്‍ന്നിരുന്നു. വളരെ മോശമായ അവസ്ഥ. പരിശോധനയില്‍ കാന്‍സര്‍ എല്ലുകളിലേക്കും ശ്വാസകോശത്തിലേക്കും പടര്‍ന്നതായി കണ്ടെത്തി. 

ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ നിസഹായയായ അവളോട് ഞാന്‍ 'അന്ന് ട്രീറ്റ്‌മെന്റ് എടുത്തിരുന്നില്ലേ എന്ന് ചോദിച്ചു.' ഇല്ലെന്നായിരുന്നു മറുപടി. ശസ്ത്രക്രിയക്കും കീമോതെറാപ്പിക്കും പകരം ഏതോ നാട്ടു ചികിത്സകള്‍ ചെയ്യാന്‍ പോയെന്നാണ് അവള്‍ പറഞ്ഞത്. 

ഇനി ശസ്ത്രക്രിയയൊന്നും ആ ശരീരത്തില്‍ സാധ്യമായിരുന്നില്ല. പകരം കീമോതെറാപ്പിയും മരുന്നുകളുമായി രോഗത്തോട് പൊരുതാനായി ഞങ്ങളുടെ തീരുമാനം. എങ്കിലും അധികം വൈകാതെ അവള്‍ മരണത്തിന് കീഴടങ്ങി. അതും അത്രയും ചെറിയ പ്രായത്തില്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മനസ്സില്‍ മായാതെ മുറിവായി കിടക്കുന്ന സംഭവമാണത്. നീറുന്ന ഓരോര്‍മയുമാണ്. അവളുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല. 

(ഐ.എം.എ. കൊച്ചി വനിതാ ഡോക്ടേഴ്സ് വിഭാഗം ചെയര്‍പേഴ്സണാണ് ലേഖിക)

Content Highlights: National Doctor's Day 2021, Health