പാലക്കാട്: ഇന്ന് ഡോക്ടര്‍മാരുടെ ദിനം. കോവിഡ് കാലത്ത് സമൂഹത്തിന്റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്രപരിശ്രമങ്ങള്‍ ജില്ലയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഇതിനിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുമുണ്ട്. എങ്കിലും ജോലി എന്നതിനേക്കാളുപരി കോവിഡ് ഡ്യൂട്ടിയെ സേവനമായി കാണുന്നവരാണ് ഡോക്ടര്‍മാര്‍.

സ്വന്തം ജീവന്‍വരെ പണയംവെച്ചാണ് ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ ജീവിതത്തിന്റെ വില ഓര്‍മിപ്പിക്കുന്ന ദിനംകൂടിയാണിത്. കോവിഡ് ഡ്യൂട്ടിയിലുള്ള ചില ഡോക്ടര്‍മാരുടെ അനുഭവങ്ങളിലൂടെ...

കോവിഡ് ഡ്യൂട്ടി സ്വയം തിരഞ്ഞെടുത്തവര്‍

ജില്ലയില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ കോവിഡ് ഡ്യൂട്ടിക്ക് മതിയാകാതെവന്നപ്പോള്‍ സ്വയം കോവിഡ് ഡ്യൂട്ടി തിരഞ്ഞെടുത്ത ഡോക്ടര്‍മാരും ഏറെയാണ്. കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ചെയ്ത് കോവിഡ് ഡ്യൂട്ടി തിരഞ്ഞെടുത്തവര്‍... അത്തരത്തിലുള്ള ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍

സേവനം എന്ന അനുഭവം

കോവിഡ് ഡ്യൂട്ടിയെന്നത് ഒരുജോലി എന്നതിനേക്കാളുപരി ജീവിതത്തിലെ ഏറ്റവുംമികച്ച അനുഭവമായിരുന്നു. ഡോക്ടറായി ആദ്യസേവനം കോവിഡ് വാര്‍ഡില്‍ പി.പി.ഇ. കിറ്റും ധരിച്ച്... ഇത്തരത്തിലൊരു തുടക്കം മികച്ചതായാണ് കാണുന്നതെന്ന് പറയുന്നു ഡോ. കെ.എസ്. അര്‍ച്ചന.

എം.ബി.ബി.എസ്. കഴിഞ്ഞ് ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് കോവിഡ് വ്യാപകമാകുന്നത്. പിന്നീട് കോവിഡ് ബ്രിഗേഡിലൂടെ പാലക്കാട് ജില്ലയിലെ കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി. രണ്ടുമാസമായി മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. തുടക്കത്തിലുണ്ടായിരുന്ന ചെറിയ പേടിയെല്ലാം മുതിര്‍ന്ന ഡോക്ടര്‍മാരുടെകൂടെ ജോലി ചെയ്തപ്പോള്‍ ഇല്ലാതായി. രോഗികള്‍ ഏറെയുണ്ടായിരുന്ന സമയത്തും രോഗികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലുമെല്ലാം കോവിഡ് ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ലോകംമുഴുവന്‍ കോവിഡ് മഹാമാരിക്കെതിരേ പൊരുതുന്ന സാഹചര്യത്തില്‍ കോവിഡ് ഡ്യൂട്ടിയുടെ ഭാഗമാകാനായത് ഭാഗ്യമായാണ് കരുതുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ഡോ. അര്‍ച്ചന. സുരേഷ് ബാബു, ബിന്ദു എന്നിവരുടെ മകളാണ്. അരുണ്‍ ആണ് സഹോദരന്‍.

സേവനത്തിന്റെ ദിനങ്ങള്‍, സ്‌നേഹത്തിന്റെയും

കോവിഡ് ഭേദമായി ആശുപത്രിയില്‍നിന്ന് മടങ്ങുന്നവരുടെ മുഖത്തുകാണുന്ന ചിരി. കോവിഡ് ഡ്യൂട്ടിക്കിടെ ലഭിച്ച ഏറ്റവും മികച്ച പ്രതിഫലം അതായിരുന്നു... ഡോ. വി. ഹരിത പറയുന്നു. രോഗംബാധിച്ച് ആശങ്കയോടെയും ഭീതിയോടെയും ആശുപത്രിയിലെത്തിയവരെ ലഭ്യമായ എല്ലാ സൗകര്യങ്ങളുംനല്‍കി ചികിത്സിച്ചു. ആ സന്തോഷം പലരും രോഗംഭേദമായി മടങ്ങുമ്പോള്‍ പങ്കുവെച്ചിരുന്നു. എം.ബി.ബി.എസ്. കഴിഞ്ഞ് ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് കോവിഡ് വ്യാപകമാകുന്നത്.

പിന്നീട് കോവിഡ് ബ്രിഗേഡിലൂടെ ഡോ. വി. ഹരിത പാലക്കാട് ജില്ലയിലെ കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി. രണ്ട് മാസമായി മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. ഈ രണ്ട് മാസത്തിനിടെ ലഭിച്ച അനുഭവം ജീവിതകാലം മുഴുവന്‍ മറക്കാനാവാത്തതാണ്. പഠനത്തിന് ശേഷം ആദ്യമായി ചെയ്യുന്നത് കോവിഡ് ഡ്യൂട്ടിയാണ്. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഓരോദിവസത്തെയും അനുഭവം. പ്രായമായവരടക്കം എത്രയോ പേര്‍ കോവിഡിനെതിരേ പൊരുതി ജീവിതത്തിലേക്ക് മടങ്ങിവരുന്നത് കാണാന്‍ കഴിഞ്ഞു. കോവിഡ് ഡ്യൂട്ടി ചെയ്യണം എന്ന തീരുമാനമെടുക്കുമ്പോള്‍ വീട്ടില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. മലപ്പുറം സ്വദേശിയാണ്. വിനോദ്, സത്യഭാമ എന്നിവരാണ് മാതാപിതാക്കള്‍. ഹേമന്ദ് ആണ് സഹോദരന്‍.

ഇഷ്ടത്തോടെ തിരഞ്ഞെടുത്ത ഡ്യൂട്ടി

കോവിഡ് ഡ്യൂട്ടി ചെയ്യണം എന്നത് ഉറച്ചതീരുമാനമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കോവിഡ് ഡ്യൂട്ടി സേവനമായാണ് കണ്ടത്. കോവിഡ് രണ്ടാംതരംഗത്തിന്റെ സമയത്താണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നത്. ഏറെ പ്രതിസന്ധിനിറഞ്ഞ സാഹചര്യത്തില്‍ എല്ലാ പരിമിതികളെയും തോല്‍പ്പിച്ചാണ് ആ സമയത്ത് ഓരോ ഡോക്ടറും കോവിഡ് ഡ്യൂട്ടി ചെയ്തിരുന്നത്. ഡോ. ഇന്‍ഷാദ് ഹംസ പറയുന്നു.

Doctor's day
ഡോ. ഇന്‍ഷാദ് ഹംസ

നാല് മാസമായി ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രിയാണ് പാലക്കാട് ജില്ലാ ആശുപത്രി. ഓരോ കോവിഡ് രോഗിക്കും മികച്ച ചികിത്സ ലഭ്യമാക്കാനാണ് ഓരോ ഡോക്ടറുടെയും ശ്രമം. അതിനിടെ വിഷമംതോന്നിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റ് ആശുപത്രികളില്‍നിന്ന് വളരെ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ കൂട്ടിരിപ്പുകാര്‍പോലുമില്ലാതെ ജില്ലാ ആശുപത്രിയിലേക്കെത്തിക്കാറുണ്ട്. എന്നാല്‍, ഇവരില്‍ ആരുടെയെങ്കിലും ജീവന്‍ നഷ്ടമായാല്‍ ബന്ധുക്കളെത്തി ചികിത്സ മോശമായതിനാലാണ് മരണം സംഭവിച്ചതെന്ന് ആരോപിക്കുന്നത് ഏറെ വേദനിപ്പിച്ചിരുന്നു.

എങ്കിലും നിരവധി കോവിഡ് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനമായാണ് കാണുന്നത്. പഠനത്തിനുശേഷം ക്ലിനിക്കില്‍ ജോലിചെയ്തിരുന്നു. അതിനുശേഷമാണ് കോവിഡ് ബ്രിഗേഡിലൂടെ ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നത്. പാലക്കാട് മണ്ണൂര്‍ സ്വദേശിയാണ്. ഡോ. ഫാത്തിം ഷെറിന്‍ ആണ് ഭാര്യ. ഐസയാണ് മകള്‍. ഹംസയുടെയും ഇല്‍മുന്നിസയുടെയും മകനാണ്. ഹഫ്‌സ, ഹാരിസ്, ഹഷ്‌റീന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Content Highlights: National Doctors day 2021 Doctors share their experiences