ഹരിപ്പാട്: സുഹൃത്തുക്കളായ ഡോ. ജോണി ഗബ്രിയേലും ഡോ. എസ്. പ്രസന്നനും ഇരുപതു വര്‍ഷമായി ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കുകയാണ്. ഡോ. ജോണി ഗബ്രിയല്‍ എല്ലാ മാസത്തെയും ആദ്യ ഞായറാഴ്ച സൗജന്യ ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കും. മരുന്നും നല്‍കും. അത്യാവശ്യം രക്തപരിശോധനകള്‍ വീട്ടില്‍വച്ചു തന്നെ നടത്തും. കൂടുതല്‍ പരിശോധന വേണമെങ്കില്‍ സ്വന്തം ചെലവില്‍ ലബോറട്ടറികളില്‍ ചെയ്യിക്കും.

ഡോ. പ്രസന്നന്‍ സാന്ത്വനം എന്നപേരില്‍ സ്വന്തം നിലയിലും റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ സൗജന്യമായി നടത്തുന്നു. കഷായവും അരിഷ്ടവും ലേഹ്യങ്ങളും എണ്ണയുമെല്ലാം ക്യാമ്പില്‍ സൗജന്യമായി കൊടുക്കും. പതിനായിരത്തോളം പേര്‍ക്കാണു പ്രസന്നന്‍ ഡോക്ടറുടെ ക്യാമ്പുകളില്‍ ഇതുവരെ ചികിത്സ നല്‍കിയത്.

എറണാകുളം സ്വദേശിയായ ഡോ. ജോണി ഗബ്രിയേല്‍ 2010-ല്‍ പാലക്കാട് ജനറല്‍ ആശുപത്രിയില്‍നിന്നാണ് വിരമിച്ചത്. കരുവാറ്റ അമൃതാലയം വീട്ടില്‍ ഡോ. എസ്. പ്രസന്നന്‍ പറവൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍നിന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായി വിരമിച്ചതാണ്.

ജോണി ഗബ്രിയേല്‍ കരുവാറ്റ പി.എച്ച്. സെന്ററില്‍ മെഡിക്കല്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. അന്നു മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. റോട്ടറി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചതോടെ സാധാരണക്കാരെ സഹായിക്കാന്‍, പഠിച്ച ചികിത്സാവിധി തിരഞ്ഞെടുക്കുകയായിരുന്നു.

ഹരിപ്പാട്ട് അറുപതോളം കിടപ്പുരോഗികളെയാണ് ഡോ. ജോണി ഗബ്രിയേല്‍ പരിചരിക്കുന്നത്. ഉച്ചവരെ കിടപ്പു രോഗികളെ വീട്ടിലെത്തി പരിചരിക്കും. ഉച്ചയ്ക്കു ശേഷം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന് സമീപം ഡോക്ടറുണ്ടാകും. യാത്രചെയ്യാന്‍ കഴിയുന്നവര്‍ ഡോക്ടറെത്തേടി ഇവിടെയെത്തും. ഇങ്ങനെ നൂറോളം പേരുണ്ട്. എല്ലാവര്‍ക്കും ചികിത്സയും മരുന്നുകളും സൗജന്യമാണ്.

ഹരിപ്പാട്ടെ ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകര്‍ ഡോക്ടര്‍ക്കും ഒപ്പമുള്ളവര്‍ക്കും യാത്രാ സൗകര്യം ഒരുക്കും. അത്യാവശ്യം മരുന്നുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. റൂഫിനയാണ് ഡോക്ടറുടെ ഭാര്യ. മക്കള്‍: ഡോ. ജെറി ഗബ്രിയേല്‍ ജോണ്‍, ഡോ. ലിസിയ മേരി.

ഡോ. പ്രസന്നന്‍ തീരദേശം കേന്ദ്രീകരിച്ചാണ് പ്രധാനമായും ചികിത്സാ ക്യാമ്പുകള്‍ നടത്തുന്നത്. മിഥുനം, കര്‍ക്കടക മാസങ്ങളിലാണ് കൂടുതല്‍. ഭാര്യ ഡോ. വത്സലാദേവിയും ഒപ്പമുണ്ടാകും. ഡോ. ജോണി ഗബ്രിയേലും ഡോ. എസ്. പ്രസന്നനും ഒന്നിച്ച് വൈദ്യപരിശോധനാ ക്യാമ്പുകള്‍ നടത്താറുണ്ട്. മഹാപ്രളയ കാലത്ത് ഇത്തരം ക്യാമ്പുകള്‍ ഇരുവരും നടത്തിയിരുന്നു.

Content Highlights: National Doctor's Day 2021 two doctor's work for good cause