കോട്ടയം: കോവിഡ് കാലത്ത് സ്വന്തം ജീവന്‍ അപകടത്തിലാക്കിയും രോഗീശുശ്രൂഷ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് അക്രമങ്ങളേക്കൂടി ചെറുക്കേണ്ട അവസ്ഥയാണുള്ളത്. ഇതാണ് ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ വൈദ്യസമൂഹം ചര്‍ച്ചചെയ്യേണ്ട വിഷയമെന്ന് കേരള ചായ് പ്രസിഡന്റും കാരിത്താസ് ആശുപത്രി ഡയറക്ടറുമായ ഫാ. ഡോ. ബിനു കുന്നത്ത് പറയുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍പ്രകാരം കോവിഡ് ആദ്യ തരംഗത്തില്‍ ഇന്ത്യയില്‍ 748 ഡോക്ടര്‍മാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഇത് 776 ആയി വര്‍ധിച്ചു. ഇന്ത്യയില്‍ ആധുനിക വൈദ്യശാസ്ത്ര ബിരുദമെടുത്ത് എട്ടു ലക്ഷത്തോളം ഡോക്ടര്‍മാരാണ് ചികിത്സാരംഗത്തുള്ളത്. ഇന്ന് ഏകദേശം 1700 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ഡോക്ടര്‍-രോഗി അനുപാതം. നമ്മുടെ രാജ്യത്തെ ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ ഇത് വളരെ തുച്ഛമായ അനുപാതമാണ്. ഒരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ഡോക്ടര്‍മാരുടെ കരുത്തുള്ള പ്രവര്‍ത്തന മികവിലൂടെയാണെന്ന് ഫാ. ഡോ. ബിനു കുന്നത്ത് പറയുന്നു.

സ്വന്തം കുടുംബത്തേയും ജീവനേയും കുറിച്ച് ചിന്തിക്കാതെ, മനസ്സിലെ സങ്കടങ്ങളും ആശങ്കകളുമെല്ലാം മാറ്റിവെച്ച് ജീവന്, കാവല്‍വിളക്കായി നില്ക്കുന്ന ദൈവദൂതരായ ആരോഗ്യപ്രവര്‍ത്തകരെ സമൂഹം ആദരവോടുകൂടി പരിഗണിക്കേണ്ടതുണ്ട്.

Content Highlights: National Doctor's day 2021 problems that doctor's face now a days