രോ പിറവിയും ധന്യതയുള്ള പുണ്യം, കരച്ചിൽ ഇവിടെ സംഗീതംപോലെ പ്രിയംകരം, ഡോക്ടർ സാന്ത്വനവും. നാല്പതുവർഷത്തോളം മലബാറിലെ വിവിധ ജില്ലകളിൽ പ്രസവമെടുത്ത ഡോ. വി.കെ. ജുബൈരിയത്ത്, തന്നെ തേടിയെത്തുന്നവർക്ക് ‘ഡോക്ടറുമ്മ’യാകുന്നത് അങ്ങനെയാണ്. ലക്ഷത്തിലേറെ പുതുജീവനുകളാണ് തന്റെ കൈകളിലൂടെ ഈ ലോകത്തിന്റെ പ്രകാശത്തിലേക്ക് പ്രവേശിച്ചതെന്നുപറയുമ്പോൾ ഡോക്ടറുടെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കമുണ്ട്.

ഗൈനക്കോളജിയിൽ സ്പെഷ്യലിസ്റ്റായിത്തന്നെ സർവീസിൽ പ്രവേശിച്ചതാണ് ഈ വലിയനേട്ടത്തിനുപിന്നിലെന്ന് ഡോക്ടർ പറയുന്നു. കൂട്ടുകാരികളിൽ പലരും പത്താംക്ലാസിൽ പഠനം നിർത്തിയ കാലത്ത്, പോസ്റ്റ് മാസ്റ്ററായിരുന്ന ബാപ്പ കണ്ണൂർ വാഴയിൽ കെ.പി. ഹസ്സൻകുഞ്ഞിയാണ് കൂടുതൽ പഠിക്കാനും ഡോക്ടറാകാനും പ്രോത്സാഹിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പാസായ ജുബൈരിയത്ത് ഡി.ജി.ഒ.യും എം.ഡി.യും ഡി.എമ്മുമൊക്കെ നേടി.

1980-ൽ വയനാട് ജില്ലാ ആശുപത്രിയിലായിരുന്നു സർവീസിന്റെ തുടക്കം. സ്പെഷ്യലിസ്റ്റ് ഡോക്ടറായി. അന്ന് ചികിത്സാസൗകര്യങ്ങൾ പരിമിതം. വനത്തിലൂടെ നടന്നുപോയി ചികിത്സമുതൽ പോസ്റ്റ്‌മോർട്ടംവരെ നടത്തേണ്ടിവന്നിട്ടുണ്ട്. വൈദ്യശാസ്ത്രസാങ്കേതികവിദ്യകളുടെ പിൻബലവും തീരെ കുറവ്.

പ്രതിസന്ധികളുടെ ആ കാലം ഡോക്ടർക്ക് അസാധാരണ അനുഭവപരിജ്ഞാനവും വളരെയേറെ മനുഷ്യപ്പറ്റും സമ്മാനിച്ചു. ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലും പ്രധാന ആശുപത്രികളിലും സേവനമനുഷ്ഠിച്ചു.

ജില്ലാ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുമ്പോൾ പ്രതിമാസം 400-450 പ്രസവശുശ്രൂഷകൾ നിർവഹിച്ച ഡോക്ടർ, ഇപ്പോഴും മാസം ഇരുനൂറിലേറെ കേസുകൾ അനായാസം കൈകാര്യംചെയ്യുന്നു. തന്റെ കൈകളിലേക്ക് പിറന്നുവീണ കുഞ്ഞ്, വളർന്ന് വർഷങ്ങൾ കഴിഞ്ഞ് തന്റെ കൺമുന്നിൽ അമ്മയാവുന്നത് കാണുന്നതാണ് ഏറ്റവും സന്തോഷംനൽകുന്ന നിമിഷമെന്ന് ഡോക്ടർ ജുബൈരിയത്ത് പറയുന്നു. പലവട്ടം തലമുറപ്പകർച്ചയുടെ ഈ സുകൃതത്തിന് സാക്ഷിയായിട്ടുണ്ട് ഡോക്ടർ.

ഭർത്താവ് ഡോ. അബ്ദുൾ സലാം റിട്ട. ഡി.എം.ഒ.യാണ്. സഹോദരി ഡോ. വി.കെ. സാഹിതയും ഡോക്ടർ. ഡോ. ജുബൈരിയത്തിന്റെ മകളും മകനും മരുമക്കളും ഡോക്ടർമാരാണ്. ഏഴുഡോക്ടർമാരുള്ള ഡോക്ടർ കുടുംബത്തിൽ മകൾ ഡോ. ആയിഷ സലാം ഉമ്മയുടെ വഴിതന്നെ തിരഞ്ഞെടുത്തു; ആറുവർഷമായി ഗൈനക്കോളജിസ്റ്റാണ്. ഇപ്പോൾ കണ്ണൂർ ആസ്റ്റർ മിംസിലാണ് ഉമ്മയും മകളും സേവനമനുഷ്ഠിക്കുന്നത്.

Content Highlights: National Doctor's Day 2021,Gynaecologist Dr. Jubairieth K V, Health