ഡോക്ടർമാർ ഒരുപാടുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. മുത്തശ്ശൻ, അച്ഛൻ, അനിയൻ, അവന്റെ ഭാര്യ, അനിയത്തി എന്നിവരെല്ലാം വൈദ്യ സേവന പാതയിലുള്ളവരാണ്. എന്നാലും പ്രിയപ്പെട്ട ഡോക്ടർ ആരാണെന്ന് ചോദിച്ചാൽ ഡോ. ജയന്തി രാഘവൻ എന്ന പേരേ പറയൂ. എന്റെ ഗൈനക്കോളജിസ്റ്റ് ആയിരുന്നു അദ്ദേഹം. ഡോ. ഭദ്രനാണ് ഈ പേര് ആദ്യം നിർദേശിച്ചത്. അങ്ങനെയാണ് കോഴിക്കോട്ടുള്ള ഡോ. ജയന്തി രാഘവന്റെ ക്ലിനിക്കിൽ എത്തിയത്. ഗർഭിണിയായത് മുതൽ എന്റെ മാനസികവും ശാരീരികവുമായ എല്ലാ പ്രയാസങ്ങൾക്കും ഒരു കാരണവരെ പോലെ അദ്ദേഹം തന്ന പിന്തുണ ഒരിക്കലും മറക്കാനാവില്ല.

പ്രസവമടുത്തപ്പോഴേക്കും അദ്ദേഹം ക്ലിനിക്കിൽ എത്തുന്നത് വല്ലപ്പോഴുമായി. ഈ ഇടവേളയുടെ കാരണം മനസിലായപ്പോൾ ഞാൻ ഞെട്ടിപ്പോയി കാൻസർ ബാധിതനായ ഡോ. ജയന്തി അതിന്റെ ചികിത്സയ്ക്കിടയിലാണ് സ്വന്തം രോഗികളെ കാണാൻ എത്തുന്നത് എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.

2017 ഒക്ടോബർ ആയപ്പോഴേക്കും ഇടയ്ക്കിടെ ഞാൻ ലേബർ റൂമിൽ കയറുകയും ഇറങ്ങുകയും പതിവായി. ഒടുവിൽ 30ന് രക്തസമ്മർദ്ദം കൂടി ഞാൻ ലേബർ റൂമിലെത്തി. ഇപ്രാവശ്യം ശരിക്കും പ്രസവം നടന്നു. ബി.പി. കൂടിയത് കൊണ്ട് സിസേറിയൻ ആയിരുന്നു. തീയേറ്ററിലേക്ക് കയറ്റുന്നതിന് മുമ്പ് രക്തസമ്മർദം കൂടി എന്റെ ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി. ഞാൻ ഡോക്ടറോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, "രാമ രാമാ"ന്ന് ജപിച്ചാൽ മതി എല്ലാം ശരിയാവുമെന്ന്. പക്ഷേ ജപിക്കാൻ പോലും ശക്തിയില്ലായിരുന്നു. ഞാൻ വീണ്ടും ഒരു അഭ്യർഥന മുന്നോട്ട് വെച്ചു, 'എനിക്ക് ഫുൾ അനസ്തേഷ്യ തരുമോ' എന്ന്. എന്റെ അവസ്ഥ കണ്ടിട്ടാണോ എന്തോ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഒന്നുമറിയാതെ ഞാൻ പ്രസവിച്ചു.

ഏറെ ദിവസമായുള്ള ആശുപത്രി വാസം എന്റെ ഉറക്കം കെടുത്തിയിരുന്നു. എന്നാൽ മരുന്നിന്റെ മയക്കവും ക്ഷീണവും കൊണ്ട് ഞാൻ സുഖമായി ഉറങ്ങി, ശരീരത്തിൽ കീറി മുറിച്ചതിന്റെ വേദന അറിയാതെ... അടുത്ത ദിവസം രാവിലെ നഴ്സ് കഞ്ഞിയുമായി വന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞു. 'മോളെ, നീയിത് കുടിച്ചില്ലേൽ ജയന്തി സാറ് എന്നോട് ദേഷ്യപ്പെടും' എന്നായി നഴ്‌സ്. ഞാൻ കാരണം അവർക്ക് ചീത്ത കേൾക്കേണ്ട എന്ന് കരുതി ഞാൻ പേരിന് ഇത്തിരി രുചിച്ചു. രോഗികളോട് ഏറെ അനുകമ്പയോടെ പെരുമാറുമ്പോൾ തന്നെ എല്ലാം നിഷ്കർഷതയോടെ നടക്കണമെന്ന് നിർബന്ധമുള്ള കർക്കശക്കാരൻ കൂടിയാണ് അദ്ദേഹമെന്ന് ഞാൻ മനസ്സിലാക്കി.

2020 സെപ്റ്റംബർ 27ന് ഡോ. ജയന്തി രാഘവൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ഡോക്ടറിലൂടെ മരണ വിവരം അറിഞ്ഞപ്പോൾ ഞാൻ തരിച്ചിരുന്നു. ഫെയ്സ്ബുക്കിൽ ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ ഒരുപാട് പേർ മെസേജുകൾ അയച്ചു, അദ്ദേഹം ധൈര്യം കൊടുത്ത ഒരുപാട് പൊന്നോമനകളുടെ അമ്മമാർ. പലർക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. തന്റെ ആരോഗ്യസ്ഥിതി ദുർബലമായപ്പോഴും മനോബലത്താൽ നിരവധിപേർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയ ആളായിരുന്നു അദ്ദേഹം. ഡോക്ടർമാരുടെ ദിനത്തിലെന്നല്ല, ഞാനും കുടുംബവും ആ വ്യക്തിയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല...

Content Hifhlights: National Doctor's Day 2021, K.M. Roopa shares her memories with gynecologist Dr. Jayandhi Raghavan, Health