കേരളത്തിൽ പി.ജി. കിട്ടുന്നത് ഒരു ലോട്ടറിയായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. അങ്ങനെ കിട്ടിയ ഒരു ലോട്ടറിയുമായി ഞാനും ഒരു സർക്കാർ മെഡിക്കൽ കോളേജിൽ 2013 ൽ പി.ജിക്ക് ചേർന്നു. ഈ മൂന്നു വർഷക്കാലം എല്ലാവർക്കും പീഡനകാലമാണ്. പക്ഷേ, പിടിച്ചുനിൽക്കാനും പഠിക്കാനും ഒക്കെ സ്നേഹമുള്ള കുറച്ച് അധ്യാപകർ സഹായിച്ചു. ഞങ്ങളുടെ കോളേജിൽ ആകെ അന്ന് ഒരു വർഷം 10 പി.ജി. സീറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഏകദേശം എല്ലാദിവസവും ഡ്യൂട്ടി തന്നെ. 
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്റെ മികവുകളെ മൂർച്ച കൂട്ടാൻ സഹായിച്ചത് ഈ മൂന്നു വർഷങ്ങൾ തന്നെയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

ഈ മൂന്നുവർഷക്കാലവും മനസ്സിനെ ഏറെ സ്പർശിച്ച ഒരുപാട് രോ​ഗികൾ ഉണ്ട്. എങ്കിലും ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കുന്ന ഒരു രോ​ഗിയെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്. 

ആ രോ​ഗിയെ നമുക്ക് സൗമ്യ എന്ന് വിളിക്കാം. സൗമ്യ‌യെ ആദ്യം ഞാൻ കാണുന്നത് പ്ര​ഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഒ.പിയിൽ രജിസ്റ്റർ ചെയ്യാൻ വന്നപ്പോഴാണ്. ആർക്കും സ്നേഹവും അടുപ്പവും തോന്നുന്ന നല്ല മനോഹരമായ ചിരിയോടെയാണ് 24 വയസ്സുകാരിയായ സൗമ്യയെ കാണാനാവുക.

വിശദമായി ചോദിച്ചപ്പോഴാണ് അറിയുന്നത്. അവൾക്ക് രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. ആദ്യ പ്രസവം സിസേറിയൻ ആയിരുന്നു. അത് ഇവിടെ തന്നെയാണെന്നും പറഞ്ഞു. നേരത്തെ ഒരു രോ​ഗവും ഇല്ലാത്തതു കൊണ്ടും മറ്റ് പരിശോധനകൾ നോർമൽ ആയതുകൊണ്ടും സൗമ്യയെ ലോ റിസ്ക് കാറ്റ​ഗറിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തു. 

അടുത്ത മാസം യൂണിറ്റ് മാറി ഞാൻ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്നു. ആ സമയത്ത് ഒരിക്കൽ ഛർദിയുമായി സൗമ്യ അവിടെ എത്തി. ഭക്ഷണരീതികളെക്കുറിച്ചൊക്കെ ഞാൻ വിശദ​മായി സൗമ്യയ്ക്ക് പറഞ്ഞുകൊടുത്തു.  അപ്പോൾ സൗമ്യയ്ക്ക് എന്തൊക്കെയോ ടെൻഷൻ ഉള്ളതായി എനിക്ക് തോന്നിയിരുന്നു. അത് എന്താണെന്ന് പറയാൻ സൗമ്യ ആ​ഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ടും സൗമ്യയുടെ സാധാരണ ജീവിതത്തെ അത് ബാധിക്കുന്നില്ല എന്നതുകൊണ്ടും ഞാൻ പിന്നെ അതിന്റെ പിറകെ പോയില്ല. 

കാഷ്വാലിറ്റി ഡ്യൂട്ടി തീരുന്നതിന്റെ കുറച്ചുദിവസം മുൻപ് സൗമ്യ വീണ്ടും വന്നു. വിശപ്പില്ലായ്മയായിരുന്നു പ്രശ്നം. അന്ന് ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ അസ്വാഭാവികത(Abnormal) കണ്ടതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഏകദേശം രണ്ടാഴ്ചക്കാലം സൗമ്യ ആശുപത്രിയിൽ കിടന്നു. ടെസ്റ്റുകൾ ചെയ്തു. വെെകാതെ ലിവർ ഫങ്ഷൻ ടെസ്റ്റ് നോർമലായി. അങ്ങനെ സൗമ്യയെ ഡിസ്ച്ചാർജ് ചെയ്തു. ചില സാധ്യതകൾ അല്ലാതെ പൂർണമായ ഒരു രോ​ഗനിർണയം നടത്താൻ അന്ന് സാധിച്ചില്ല. അന്ന് സൗമ്യയുടെ ​ഗർഭസ്ഥ ശിശുവിന് പത്ത് ആഴ്ച മാത്രമായിരുന്നു പ്രായം. പിന്നീട് മൂന്ന് മാസം സൗമ്യ ഒ.പിയിലോ കാഷ്വാലിറ്റിയിലോ വന്നില്ല. 

പിന്നീട് മൂന്ന് മാസങ്ങൾക്കു ശേഷം, ​ഗർഭസ്ഥശിശുവിന് 22 ആഴ്ചയും നാല് ദിവസവും ആയ സമയത്ത് ദേഹം മുഴുവൻ നീരും മഞ്ഞപ്പിത്തം ബാധിച്ചതുപോലെ കണ്ണുകൾക്കും ശരീരത്തിനും മഞ്ഞനിറവുമായി സൗമ്യ വീണ്ടും വന്നു. നിരീക്ഷണത്തിനായി ലേബർ റൂമിലേക്ക് സൗമ്യയെ പ്രവേശിപ്പിച്ചു. ഞാനും എന്റെ സുഹൃത്ത് ഡോ. ജമീലയുമായിരുന്നു അന്ന് ലേബർ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജിക്കാർ. ക്ഷീണിതയായിരുന്നെങ്കിലും ചിരിക്കുന്ന മുഖത്തോടെ തന്നെയാണ് സൗമ്യ ലേബർ റൂമിലേക്ക് കയറി വന്നത്. എന്തുകൊണ്ടാണ് ഇതുവരെ വരാതിരുന്നത്, എന്താണ് സ്കാനുകൾ സമയത്ത് ചെയ്യാത്തത് എന്നുള്ള ഞങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം സൗമ്യ തന്നില്ല. എല്ലാത്തിനും അവളുടെ ഉത്തരം ഒരു ചിരി മാത്രമായിരുന്നു. 

സൗമ്യയെ പരിശോധിച്ചപ്പോൾ ഹൃദയമിടിപ്പും ബി.പിയും സാധാരണയിൽ കൂടുതൽ ആയിരുന്നു. അത് ടെൻഷൻ കൊണ്ടായിരിക്കും എന്ന് കരുതി. അതിനാൽ തന്നെ അല്പം വിശ്രമിച്ച് ഈ അന്തരീക്ഷവുമായി ഒരു പരിചയം വരട്ടെ എന്ന് കരുതി അൽപസമയം കഴിഞ്ഞ് ബി.പി.  വീണ്ടും നോക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. 

രക്തപരിശോധനകളുടെ ഫലം വന്നപ്പോൾ  വിചാരിച്ചതുപോലെ തന്നെ ലിവർ ഫങ്ഷൻ ടെസ്റ്റ് അബ്നോർമൽ ആയി വന്നു. വിശ്രമിച്ച് 10-15 മിനിറ്റിന് ശേഷവും ബി.പി. നോർമൽ ആകാത്തതു കൊണ്ട് സിവിയർ പ്രീഎക്ലാംസിയ ‍ എന്ന രോ​ഗനിർണയത്തിൽ ഞങ്ങൾ എത്തി. ഹൃദയമിടിപ്പ് കൂടിനിൽക്കുന്നതിന് കാരണം എന്താണെന്ന് മനസ്സിലാക്കാനായില്ല. 

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഞങ്ങളുടെ ഏറ്റവും പ്രിയങ്കരിയായ ഡോ. പ്രിയദർശിനി മാഡം ആയിരുന്നു. നെഞ്ചിൽ സ്റ്റെത്ത് വെച്ച് നോക്കിയ മാഡത്തിന് സൗമ്യയുടെ ഹൃദയമിടിപ്പിന് വ്യതിയാനമുള്ളതായും മർമ്മർ ഉള്ളതായും മനസ്സിലായി. അങ്ങനെ ഇ.സി.ജി. എടുത്ത് കാർഡിയോളജിസ്റ്റിനെ കാണിക്കാം എന്ന് തീരുമാനിച്ചു.  

അപ്പോഴും, എനിക്ക് ഒരു ബുദ്ധിമുട്ടുകളും ഇല്ല, നിങ്ങൾക്ക് ഇതു എന്തിന്റെ കേടാ എന്ന ഭാവത്തിൽ ചിരിച്ചുകൊണ്ടുതന്നെ നമ്മുടെ സൗമ്യ. ട്രോളിയിൽ കൊണ്ടുപോയി ഇ.സി.ജി. എടുത്ത ശേഷം കാർഡിയോളജി ഐ.സി.യുവിൽ പോയി കാർഡിയോളജിസ്റ്റിനെ കണ്ട് തിരിച്ചുവരാം എന്ന തീരുമാനത്തിൽ എത്തി. ഞങ്ങൾ ഒരു ഹൗസ് സർജനെയും കൂട്ടി പേഷ്യന്റിനെ അവിടേക്ക് വിട്ടു. അപ്പോൾ സമയം ഏകദേശം വെെകീട്ട് മൂന്നായി. 

ഞങ്ങളോട് കെെവീശി ചിരിച്ചുകൊണ്ട് എനിക്ക് ട്രോളി ഒന്നും വേണ്ട, ഞാൻ നടന്നുപൊയ്ക്കോളാം എന്നും പറഞ്ഞ് നടന്നു തുടങ്ങിയ സൗമ്യയെ വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങൾ ട്രോളിയിൽ പിടിച്ചുകിടത്തിയത്. 

സൗമ്യയെ വിട്ട് മറ്റ് തിരക്കുകൾ ഒക്കെ ഒന്ന് ഒതുക്കി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പ്രിയദർശിനി മാഡത്തിന്റെ ഡിസ്കഷൻ സൗമ്യയെക്കുറിച്ചായിരുന്നു. ''I think Soumya is in Cardiac failure, അങ്ങനെ ആകാതെ ഇരിക്കട്ടെ അല്ലേ മഞ്ജൂ., ഇനിയിപ്പോൾ കാർഡിയാക് ഫെയ്ലിയർ ആണെങ്കിൽ നേരത്തെ സിസേറിയനെ ഒക്കെ അതിജീവിച്ചതല്ലേ''  എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. അനുഭവജ്ഞാനമുള്ള ​ഗുരുവാണ് പുസ്തകങ്ങളെക്കാളും വലുത് എന്ന് മനസ്സിലാക്കാൻ അധികം നേരം എടുത്തില്ല. 

കാർഡിയോളജി ഡോക്ടറുടെ വിളി വന്നു. ''ഇപ്പോൾ കൺസൾട്ടേഷനായി വിട്ട സൗമ്യ വഴിയിൽ വെച്ച് കൊളാപ്സ് ആയി(ഹൃദയസ്തംഭനം).  വെന്റിലേറ്ററിൽ ആണ്. രോ​ഗിക്ക് ഒപ്പമുള്ളവരും നിങ്ങളും പെട്ടെന്ന് ഇവിടേക്ക് വരണം''. 

ഇത് കേട്ടപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറുപാത്രം അങ്ങനെ തന്നെ അടച്ചുവെച്ച് ഞങ്ങൾ കാർഡിയോളജി ഐ.സി.യുവിലേക്ക്  ഓടി. അവിടെ കണ്ട കാഴ്ച ഇന്നും കണ്ണുനിറയാതെ ഓർക്കാൻ എനിക്ക് സാധിക്കില്ല. 

ചിരിച്ചുകൊണ്ട് ഞങ്ങളോട് ബെെ പറഞ്ഞ സൗമ്യ 20 മിനിറ്റുകൾക്കപ്പുറം വെന്റിലേറ്ററിന്റെ മാത്രം സഹായത്തോടെ ശ്വസിക്കുകയും ജീവൻ നിലനിർത്തുകയും ചെയ്യുന്നു. This is a case of......(കുറച്ച് നീണ്ട ഒരു രോ​ഗവിവരണം കാർഡിയോളജി ഡോക്ടർ പറഞ്ഞു). ഉടൻ  ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. ഒരു ഭാവഭേദവും അദ്ദേഹത്തിൽ ഞങ്ങൾ കണ്ടില്ല, നിസ്സഹായമായ ഒരു നോട്ടം ഉണ്ടായിരുന്നു ആ മനുഷ്യനിൽ കണ്ടത്.  

സൗമ്യയുടെ കൂടെ കാർഡിയോളജി ഐ..സി.യുവിൽ ഒരാൾ നിൽക്കാം  എന്ന് തീരുമാനിച്ച് ഞാനും മാഡവും ജമീലയെ അവിടെ നിർത്തി ലേബർ റൂമിലേക്ക് പോയി. ഒരു ആപത്തും സൗമ്യയ്ക്ക് വരല്ലേ എന്നായിരുന്നു ഞങ്ങൾ എല്ലാവരുടെയും ഉള്ളുരുകിയുള്ള പ്രാർഥന. 

രാത്രി ഏഴ് മണിയോടെ സൗമ്യയ്ക്ക് പ്രസവവേദന തുടങ്ങി. ഒരു നോർമൽ പ്രസവത്തെ അതിജീവിക്കാൻ സൗമ്യയുടെ ഹൃദയത്തിന് സാധിക്കില്ല. സിസേറിയൻ ചെയ്താൽ പോലും രക്ഷപ്പെടുന്നതിനുള്ള സാധ്യത പത്ത് ശതമാനത്തിൽ താഴെ ആണെന്ന് അനസ്തീഷ്യ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ദീപ ഞങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കി തന്നു. 

ഒൻപത് മണിയോടെ വേദന കൂടി. അതോടെ സിസേറിയൻ ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാവുകയും ചെയ്തു. അനസ്തീഷ്യ ടീം പെട്ടെന്ന് സജ്ജമായി.  സിസേറിയനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി 11 മണിയോടെ മരിച്ച കുഞ്ഞിനെ പുറത്തെടുത്തു. സൗമ്യ സിസേറിയനെ അതിജീവിച്ചു. ഞങ്ങൾ എല്ലാവരും- അനസ്തീഷ്യ സംഘം ഉൾപ്പടെ ആശ്വസിച്ചു. സിസേറിയന് ശേഷം എല്ലാവരും സൗമ്യയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. രാവിലെ ആറുമണി ആയപ്പോൾ സൗമ്യയുടെ വെന്റിലേറ്റർ മോണിറ്ററിൽ കാണുന്ന അക്കങ്ങളും അക്ഷരങ്ങളും ഞങ്ങളിൽ പ്രതീക്ഷകൾ ഉണർത്തി. 

ഡ്യൂട്ടി തുടങ്ങി 24 മണിക്കൂർ പിന്നിട്ടിരുന്നു അപ്പോഴേക്കും. എല്ലാവരും ക്ഷീണിച്ച് അവശരായിരുന്നു. അനസ്തീഷ്യ ടീം അപ്പോഴും ഉത്സാഹത്തിൽ തന്നെ. ഞാനും ജമീലയും അരമണിക്കൂർ ഉറങ്ങാൻ തീരുമാനിച്ചു. 6.10 ആയിരുന്നു അപ്പോൾ. 6.40 ന് ഞങ്ങൾ തിരിച്ചെത്തി. അപ്പോഴേക്കും അത് സംഭവിച്ചിരുന്നു. ആറരയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായി സൗമ്യ പോയി എന്ന്  പ്രിയദർശിനി മാഡം വളരെ വിഷമത്തോടെ പറഞ്ഞു.  

പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് സൗമ്യയ്ക്ക് നേരത്തെ തന്നെ ഹൃദയത്തിന് സാരമായ തകരാർ ഉണ്ടായിരുന്നെന്ന്. ആദ്യപ്രസവം ഇവിടെ തന്നെ ആയിരുന്നു എന്ന് പറഞ്ഞത് കള്ളമായിരുന്നു. മറ്റൊരു ആശുപത്രിയിലായിരുന്നു ആദ്യത്തെ സിസേറിയൻ നടന്നത്. ഹൃദയത്തിന് തകരാർ ഉള്ളതിനാൽ ഇനി ​ഗർഭിണിയാകരുതെന്ന് അവിടെ നിന്നും പറഞ്ഞിരുന്നുവെന്നും അറിഞ്ഞു!.  

സൗമ്യ എല്ലാം ഞങ്ങളിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞിട്ടാണ് അവൾ ഞങ്ങൾക്കു മുൻപിൽ ചിരിച്ചുകൊണ്ടിരുന്നത്. വീണ്ടും ​ഗർഭിണിയാകരുതെന്നും അങ്ങനയുണ്ടായാൽ സ്വന്തം ജീവൻ തന്നെ നഷ്ടമാവും എന്നറിഞ്ഞിട്ടും  സൗമ്യ എന്തിന് വീണ്ടും ​ഗർഭിണിയായി? എല്ലാം അറിഞ്ഞിട്ടും മരണത്തെ സ്വീകരിക്കുകയായിരുന്നില്ലേ സൗമ്യ? തനിക്ക് രണ്ടാമത് ഒരു കുഞ്ഞ് വേണ്ട എന്ന് തീരുമാനിച്ച് സ്വന്തം ജീവൻ രക്ഷിക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് ഇല്ലായിരുന്നോ? ഞങ്ങൾക്ക് മുൻപിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് സൗമ്യ പോയത്. 

ഇപ്പോഴും മനസ്സിൽ മുഴങ്ങുന്ന ഒരു ചോദ്യമുണ്ട്- സൗമ്യയുടെ ഈ മരണം ഒരു ആത്മഹത്യയാണോ? അതോ കൊലപാതകമാണോ? ആരാണ് ഉത്തരവാദി!?

Content Highlights: National Doctor's Day 2021, Health, Gynaecologist Dr. Manju V.K shares her doctor life experience