രോഗനിർണയം, ചികിത്സ എന്നിവ നിമിഷങ്ങൾമുതൽ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ചെയ്യുന്ന ഡോക്ടർമാർ ഏർപ്പെട്ടിരിക്കുന്നത് സങ്കീർണമായ ധൈഷണിക-പ്രായോഗിക തലങ്ങളിലുള്ള പ്രക്രിയയാണെന്ന് സമൂഹം ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ഡോക്ടർമാരും മനുഷ്യരാണെന്നും മറ്റേതു തൊഴിൽ മേഖലകളിലുള്ളവരെപ്പോലെ അവർക്കും പരിമിതികളുണ്ടെന്നും പരിഗണന നൽകേണ്ടതുണ്ടെന്നും അറിയേണ്ടതുണ്ട്.

കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതി ചർച്ചചെയ്യുമ്പോൾപ്പോലും സാമൂഹികബോധം, സാക്ഷരത, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയ്‌ക്കൊപ്പംതന്നെ മെഡിക്കൽ സമൂഹത്തിന്റെ നിസ്തുലമായ സേവനവും ഉയർത്തിക്കാണിക്കുന്നതിൽ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണിക്കുന്ന വിമുഖത വിസ്മയകരമാണ്. മൂന്നുവർഷം മുമ്പുണ്ടായ നിപ പകർച്ചപ്പനിയും രണ്ടുവർഷമായി വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയും വേണ്ടിവന്നു വൈദ്യസമൂഹത്തിന്റെ സേവനം പൊതുജന ശ്രദ്ധയിൽപ്പെടാൻ.

വെല്ലുവിളികൾ

ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യമില്ലായ്മ, മാനുഷികവിഭവശേഷിയുടെ കുറവ്, രോഗനിർണയത്തിനുവേണ്ട നൂതന സാങ്കേതിക വിദ്യയുടെ അഭാവം, ഉയർന്ന രോഗി-ഡോക്ടർ അനുപാതം എന്നിവ സർക്കാർ മേഖലയിലെ ഒ.പി. വിഭാഗത്തിലും കിടത്തിച്ചികിത്സാ വിഭാഗത്തിലും വലിയൊരളവുവരെ ആരോഗ്യ ചികിത്സാമേഖലയിൽ സംഘർഷങ്ങൾക്കു കാരണമാകുന്നുണ്ട്. സമയക്ലിപ്തതയില്ലാത്ത ജോലി, വിശ്രമവേളകളുടെ അഭാവം, മാനുഷിക വിഭവശേഷിയുടെ കുറവ് എന്നിവ പലപ്പോഴും ഡോക്ടർമാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെപ്പോലും ബാധിക്കുന്നതായി കാണാം.

ദേശീയ ദുരന്തനിവാരണ നിയമം ഓർഡിനൻസായും പിന്നീട് പാർലമെന്റിൽ നിയമമാകുകയും ചെയ്തിട്ടും വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം നൂറോളം ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഇതിൽ പത്തോളം സംഭവങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി. എന്നാൽ, മിക്കവാറും സംഭവങ്ങളിൽ പ്രതികളെ അറസ്റ്റ്‌ ചെയ്യുകയോ ക്രമസമാധാനപാലകർ വേണ്ടത്ര ശുഷ്കാന്തി കാണിക്കുകയോ ചെയ്തില്ല.

രോഗീസമ്പർക്കംമൂലമുണ്ടാകുന്ന രോഗങ്ങൾ വന്നാൽപ്പോലും സ്വന്തം ചെലവിൽ ചികിത്സിക്കേണ്ട അവസ്ഥയാണ് ഡോക്ടർമാർക്കിന്നുള്ളത്. ശമ്പളത്തോടുകൂടിയ അവധി, സമ്പൂർണ സൗജന്യ ചികിത്സാപദ്ധതി, സാമൂഹികസുരക്ഷാ പദ്ധതി എന്നിവ നടപ്പാക്കണം. ആശുപത്രി സംരക്ഷണനിയമം ദേശീയതലത്തിൽ കൊണ്ടുവരുകയും ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെയുള്ള അക്രമങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർചെയ്ത് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളാക്കുകയും ചെയ്യുന്നതിനുവേണ്ട ഭേദഗതി ആശുപത്രി സംരക്ഷണ നിയമത്തിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. മെഡിക്കൽരംഗത്തെ മറ്റൊരു തൊഴിൽരംഗമായി കാണേണ്ടിയിരിക്കുന്നു. ചികിത്സാരംഗത്ത് ജോലിചെയ്യുന്ന തൊഴിലാളികളായിത്തന്നെ ഡോക്ടർമാരെ കാണുകയും അവർക്ക് ഭയരഹിതമായും നിഷ്പക്ഷമായും നൈതികമായും ചികിത്സ നടത്താൻവേണ്ട സാഹചര്യമൊരുക്കുകയും വേണം. അതിനുവേണ്ട നയപരമായ തീരുമാനം കൈക്കൊള്ളാൻ ഇനിയും വൈകിക്കൂടാ.

 (ഐ.എം.എ. മുൻ പ്രസിഡന്റ്‌ ആണ് ലേഖകൻ)

Content Highlights: National Doctor's Day 2021, Dr. V.G. Pradeep Kumar writes about Doctor's Day, Health