ഗ്രഹിക്കാത്ത ഒന്നായിരുന്നു ഡോക്ടർ എന്നത്. പത്താം ക്ലാസ്സ് വരെ കംപ്യൂട്ടർ എൻജിനീയർ ആകാനായിരുന്നു എനിക്ക് ഇഷ്ടം. പക്ഷേ, അമ്മയുടെ നിർബന്ധവും വാശിയും എന്നെ ഒരു ഡോക്ടർ ആക്കി മാറ്റി. 2006 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കാലെടുത്ത് വച്ച ശേഷം പിന്നീട് ഒരിക്കലും എടുത്ത തീരുമാനം തെറ്റായി എന്ന് തോന്നിയിട്ടില്ല. അനാട്ടമി ഡിസ്സെക്ഷൻ ഹാളിൽ എഴുതിയ വാചകം മനസ്സിൽ ഒരു ഡോക്ടറുടെ ജീവിതം മുന്നോട്ടു നയിക്കാനുള്ള എനർജി നൽകി.

അതു കഴിഞ്ഞ് അടുത്ത വർഷം ക്ലിനിക്കൽ മെഡിസിൻ തുടങ്ങി രോഗികളോട് ആദ്യമായി ഇടപഴകാൻ തുടങ്ങിയപ്പോൾ മനസ്സിൽ പേടിയായിരുന്നു. എന്നാൽ അവർ അധ്യാപകരായി ആ പേടിയെ സ്നേഹമാക്കി മാറ്റി. രോഗികളെ ബന്ധുക്കളായി കാണാൻ പഠിച്ചു. നമ്മൾ ചോദിക്കുന്ന ഓരോ ചോദ്യത്തിനും അവർ മറുപടി പറയുമ്പോൾ എന്താണ് ഒരു രോഗിക്ക് ഡോക്ടറോടുള്ള വിശ്വാസം എന്ന് മനസ്സിലായി.

ആറു വർഷത്തെ കലാലയ ജീവിതത്തിനു ശേഷം കാത്തിരുന്നത് യഥാർഥ ജീവിതങ്ങളാണ്. ഒ.പി.യിൽ വരുന്ന ഓരോരുത്തർക്കും രോഗത്തിന്റെ കൂടെ പറയാൻ ഒരു പാട് കഥകൾ ഉണ്ടായിരുന്നു. ഓരോ ജീവനും എത്ര വിലപ്പെട്ടതാണെന്ന് ഏറ്റവും അധികം മനസ്സിലാക്കുന്ന ഒരു പ്രൊഫഷനാണ് എന്റേത് എന്നതിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു. 

from Dr. Soumya
അനാട്ടമി ഡിസ്സെക്ഷൻ ഹാളിൽ എഴുതിയ വാചകം

ഒരു ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെടുമ്പോൾ നമ്മുടെ കുടുംബമാണ് കൺമുന്നിൽ വരിക. ഒരു രോഗിയിൽ സ്വന്തം അച്ഛനെയും അമ്മയെയും മകനെയും മകളെയും ആണ് ഏതോരു ഡോക്ടറും കാണുക. ഒരു ജീവൻ രക്ഷിക്കപ്പെടുമ്പോൾ നന്ദി എന്നു പറയുന്ന കൂട്ടിരിപ്പുകാർ ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ സ്വന്തം അമർഷം തീർക്കുന്നത് പല സ്ഥലങ്ങളിലും ഇപ്പോൾ കാണുന്നത് അതേ ഡോക്ടറെ തല്ലിയാണ്. എന്നാൽ ഒന്നറിയുക. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഏറ്റവും അധികം കരയുന്നതും ഒരു ജീവൻ രക്ഷിക്കാൻ പറ്റുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നതും ഒരു ഡോക്ടർ ആണ്. അത് തുടങ്ങുന്നത് ഒരു ഡോക്ടർ ആയ ശേഷമല്ല. ഹൗസ് സർജൻസി ചെയ്യുമ്പോഴും പി.ജി. ചെയ്യുമ്പോഴും അവർക്ക് ഔദ്യോഗികമായി ഉത്തരവാദിത്വങ്ങൾ ഇല്ല എന്നറിഞ്ഞു കൊണ്ടു തന്നെ ആണ് കൺമുൻപിൽ വന്ന രോഗിയെ രക്ഷപ്പെടുത്താൻ അവർ പെടാപ്പാട്പെടുന്നത്. സ്വന്തമായി ഒന്നും ആഗ്രഹിക്കാതെ സേവനം തുടങ്ങുന്നതും ആ കാലഘട്ടത്തിലാണ്. അതിന്റെ പ്രതിഫലമാണ് ഈ മഹാമാരിക്കാലത്ത് മെഡിക്കൽ കോളേജുകളിൽ രോഗികൾ കാണുന്നത്. സ്വന്തം ബന്ധുക്കളെ കാണാൻ പറ്റാതെ വിഷമിക്കുന്ന കോവിഡ് രോഗികൾക്ക് അമ്മയായും അച്ഛനായും മകനായും മകളായും ഇവർ മാറുന്നതും ആ മനസ്സിൽ ജീവന്റെ വില മറ്റാരെക്കാളുമറിയാവുന്നതു കൊണ്ടു തന്നെയാണ്. 

സ്വന്തം കുടുംബം മാത്രം നോക്കി വീട്ടിൽ ഇരിക്കാൻ മനസ്സറിഞ്ഞ് ഒരു ഡോക്ടർക്കും സാധിക്കില്ല. മഹാമാരിയെ നേരിട്ട് ജീവൻ വെടിഞ്ഞ എല്ലാ ഡോക്ടർമാരും അതിന് ഉദാഹരണമാണ്. അങ്ങ് അതിർത്തിയിൽ പട്ടാളക്കാർ ഉറക്കമൊഴിഞ്ഞ് നമ്മുടെ നാടിനെ രക്ഷിക്കുന്നു. എന്നാൽ ഇവിടെ ഓരോ ആശുപത്രിയിലും ദിവസവും എത്ര ഡോക്ടർമാർ സ്വന്തം ഉറക്കം കളഞ്ഞ് ജീവനുകൾ രക്ഷിക്കുന്നു എന്ന് ഒരു നിമിഷം ചിന്തിക്കുക. 

ഡോക്ടേഴ്സ് ഡേ ആശംസകൾ നേരുന്നത് സന്തോഷം. എന്നാൽ എല്ലാ ദിവസവും ഞങ്ങൾക്ക് ഡോക്ടേഴ്സ് ഡേ തന്നെയാണ്. ഡോക്ടർ ദൈവതുല്യരാണ് എന്ന് ഒരു പാട് കേട്ടിട്ടുണ്ട്. ഒന്നു പറയാൻ ആഗ്രഹിക്കുന്നു. ഡോക്ടർ ദൈവമല്ല. മജീഷ്യനുമല്ല. പച്ചയായ മനുഷ്യനാണ്. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്നതൊക്കെ ചെയ്യും. എന്നാൽ പരിധികളുള്ള മനുഷ്യരാണ്. അത് മനസ്സിലാക്കുക. ആത്മരോഷം ഡോക്ടറുടെ മേൽ ഉള്ള പ്രഹരങ്ങൾ ആകാതിരിക്കട്ടെ. ആയാൽ ഇനി വരുന്ന തലമുറ ഡിഫൻസീവ് മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയേക്കും. അങ്ങനെ വന്നാൽ അവിടെ നഷ്ടപ്പെടുന്നത് പലർക്കും ആയിരിക്കും. എല്ലാം എഴുതി ഒപ്പിട്ട് ചെയ്യുന്നതു വരെ ചിലപ്പോൾ ജീവൻ കാത്തിരിക്കില്ല. ഡോക്ടർമാരെ രോഗികളെ ചികിത്സിക്കുന്നതിനേക്കാൾ പ്രാധാന്യം അത് ഒഫിഷ്യൽ റെക്കോഡ് ചെയ്യുക ആണെന്ന് പഠിപ്പിക്കാതിരിക്കുക. അത് ഭാവിയിലെ ആതുര രംഗത്തെ ഡിഫൻസീവ് മെഡിസിനിലേക്ക് നയിക്കുന്നതാകും. അവരെ അവരുടെ വഴിക്ക് വിടൂ. അവർക്കറിയാം ആരെക്കാളും അധികം ജീവന്റെ വില. ഒരു ജീവൻ പൊലിയുമ്പോൾ അത് അവരുടെ ആരുമല്ലാതിരുന്നിട്ടും അവരുടെ മുഖം മാറുന്നത് അതിനാലാണ്. ദൈവം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നതും കൺമുൻപിൽ ഒരു ജീവന്റെ അവസാന ശ്വാസം കാണുമ്പോഴാണ്. അവരുടെ കടമ അവർ ചെയ്തോളും. ഇകഴ്ത്താതിരുന്നാൽ മാത്രം മതി. ഇതേ മനസ്സുള്ള എല്ലാ സഹപ്രവർത്തകർക്കും ഡോക്ടേഴ്സ് ഡേ ആശംസകൾ.

(പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: National Doctor's Day 2021, Dr.Soumya Sathyan shares her view on Doctor's Day, Health