ബൈസ്റ്റാൻഡേഴ്‌സ്‌ അഥവാ കൂട്ടിരിപ്പുകാർ രോഗിപരിചരണത്തിന്‌ അനിവാര്യ ഘടകമാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. എന്നാൽ ഡോക്ടർ- രോഗി ബന്ധങ്ങളിലോ ആരോഗ്യ രംഗത്തെ ചർച്ചകളിലോ എന്തിന്‌ കഥകളിൽ പോലമോ ഇവരെക്കുറിച്ച്‌ പരാമർശിച്ച്‌ കണ്ടിട്ടില്ല. ഡോക്ടർമാരിൽനിന്നും മറ്റ്‌ ജീവനക്കാരിൽ നിന്നും എന്നു വേണ്ട രോഗികളിൽ നിന്നുപോലും കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്ന വരാണ്‌ ഈ ഹതഭാഗ്യർ. ഇവരെ ശല്യക്കാരായി കരുതുന്നവരാണ്‌ നമ്മളിൽ പലരും. എന്നത്‌ മറച്ച്‌ വെച്ചിട്ട്‌ കാര്യമില്ല.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന്‌ എം.ബി.ബി.എസും കഴിഞ്ഞ്‌ കാഞ്ഞിരപ്പള്ളിക്കടു ത്തുള്ള പഴയിടം ആശുപത്രിയിൽ ഒറ്റയാൻ ഡോക്ടറായി സേവന മനുഷ്ഠിക്കുന്ന കാലം. പ്രകൃതി സുന്ദരമായ പഴയിടം ഗ്രാമത്തിലെ ജനങ്ങ ളുടെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ആ ആശുപത്രി. 

രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച വൃദ്ധയെ ഒരു വൈകുന്നേരമാണ്‌ ആശുപ ത്രിയിൽ കൊണ്ടുവരുന്നത്‌. കുറച്ചുകൂടി സൗകര്യ മുള്ള ഒരു ആശുപത്രിയിൽ കൊണ്ടു പോകാൻ തക്ക ഭൗതിക സാഹചര്യമില്ലാത്ത ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു അവർ. രോഗനി ലയെപറ്റി ബന്ധുക്കളെ പറഞ്ഞ്‌ മനസിലാക്കിയ തിനു ശേഷം അവരെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. ആന്റി ബയോട്ടിക്കുകളും മറ്റും കൊടുത്തു ചികിത്സ തുടങ്ങി. പക്ഷേ ദിവസ ങ്ങൾക്കുശേഷവും കാര്യമായ പുരോഗതി ഒന്നും കണ്ടില്ല. കൾച്ചർ ആന്റ്‌ സെൻസിറ്റിവിറ്റി റിപ്പോർട്ട്‌ വന്നു. വിലകൂടിയ മരുന്നുകളാണ്‌ ആവ ശ്യമുള്ളത്‌. 90 വയസ്സുള്ള രോഗിക്ക്‌ ഇത്‌ എത്രത്തോളം ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ എനിക്ക്‌ ബലമായ സംശയമുണ്ടായിരുന്നു. ന്യൂമോ ണിയയെ പ്രായമായവരുടെ കൂട്ടുകാരൻ ( Friend of the aged) എന്നാണ്‌ വിളിക്കാറ്‌. കൂടുതൽ കഷ്ടപ്പാടുകൾക്ക്‌ ഇട നൽകാതെ രോഗിയെ മരണം കൂട്ടിക്കൊണ്ട്‌ പോകുമെന്നു തന്നെ സാരം.

കൂട്ടിരിപ്പുകാരനെ പരിചയപ്പെടുത്തിയില്ലല്ലോ. കൂലിപ്പണിക്കാരനായ ചന്ദ്രൻ. രോഗിയുടെ ഇളയ മകനാണ്‌. അന്നന്നത്തെ അധ്വാനം കൊണ്ട്‌ അപ്പം തേടുന്ന സാധാരണക്കാരൻ. ഞാൻ ചന്ദ്രനോട്‌ കാര്യങ്ങൾ വിശദീകരിച്ചു. വിലകൂടിയ മരുന്നുകൾ കൊടുക്കുന്നതിന്റെ പ്രായോഗിക വശങ്ങളും, രോഗി രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമാണെന്നുള്ള വസ്തുതയും പറഞ്ഞു മനസ്സിലാക്കി. എന്നാൽ ചന്ദ്രന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ''സാറേ, ഞാൻ ചെയ്യുന്നത്‌ കണ്ടല്ലേ എന്റെ മക്കൾ വളരുന്നത്‌. ഏതു മരുന്നു വേണമെങ്കിലും എഴുതിക്കോ, അമ്മ രക്ഷപ്പെട്ടാലും ഇല്ലെങ്കിലും എന്റെ കടമ എനിക്ക്‌ ചെയ്യണം”. അയാൾ മരുന്നു വാങ്ങിക്കൊണ്ടുവന്നു. നാലഞ്ച്‌ ദിവസങ്ങൾക്ക്‌ ശേഷം ആ രോഗി മരിക്കുകയും ചെയ്തു. തികച്ചും ശാന്തനായി അമ്മയുടെ മൃതദേഹത്തിന്‌ മുമ്പിൽ നിന്ന ചന്ദ്രന്റെ മുഖം ഇന്നും എന്റെ ഓർമ്മ യിൽ തിളങ്ങി നിൽക്കുന്നു. അയാളുടെ വാക്കു കൾ ഏത്‌ തത്വജ്ഞാനിയുടെ ഉദ്ധരണികളെക്കാളും വലുതല്ലേ. ലജ്ജിക്കുക! ഉയർന്ന വിദ്യാഭ്യാസവും സമൂഹത്തിൽ നിലയും വിലയും ഒക്കെയുള്ള നമ്മേക്കാൾ എത്രയോ ഉയരത്തിലല്ലേ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ആ ദിവസക്കൂലിക്കാരൻ.

ബിരുദാനന്തര ബിരുദം കഴിഞ്ഞ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ ജോലി നോക്കവേ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുള്ള ഒരു ചോദ്യശരമുണ്ട്‌. രക്ഷപെടുമെന്ന്‌ ഡോക്ടർക്ക്‌ ഉറപ്പുണ്ടോ? എങ്കിൽ ഏത്‌ പരിശോധനയ്ക്കും, ചികിത്സയ്ക്കും സമ്മതം. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക സൗകര്യങ്ങളും ഉള്ളവരാണ്‌ ഇവരിൽ മിക്കവരും. ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടും ചന്ദ്രനെ ഓർക്കേണ്ടി വരുന്നു. അളവറ്റ ആദരവോടെ...

                                                                  ***********************

എയ്ഡ്സ്‌ എന്നു കേൾക്കുമ്പോഴേ സദാചാര വാദികളാകുന്നവരാണ്‌ നാം കേരളീയർ. ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും പോലും ഇതിൽനിന്ന്‌ വ്യത്യസ്തരല്ല. എച്ച്‌. ഐ.വി. പോസ റ്റീവായ കുട്ടികളെ സ്‌കൂളുകളിൽനിന്ന്‌ പുറത്താക്കുന്നതുവരെ വളർന്നിരിക്കുന്നു നമ്മുടെ സംസ്കാരം. തൃശൂർ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗം ഒ.പിയിൽ വച്ചാണ്‌ ലക്ഷ്മിയെ (യഥാർഥ പേരല്ല)  കണ്ടുമുട്ടിയത്‌. ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലർക്കായി ജോലി ചെയ്യുന്ന അവർ തീർച്ചയായും നമുക്കൊക്കെ ഒരു മാതൃകയാണ്‌.

ഒരു വിമുക്തഭടനാണ്‌ ലക്ഷ്മിയുടെ ഭർത്താവ്‌. ഏകദ്ദേശം 45 വയസ്സ്‌ പ്രായം. അടുത്ത കാലത്ത്‌ തുടർച്ചയായി അനുഭവപ്പെട്ട ചുമയെ തുടർന്ന്‌ കഫം പരിശോധിച്ചപ്പോഴാണ്‌ ക്ഷയരോഗാ ണുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്‌. ചികിത്സ തുടങ്ങി ഒന്നു രണ്ടുമാസത്തിനു ശേഷവും പറയ ത്തക്ക പുരോഗതി കാണാതെ വന്ന സാഹചര്യത്തിലാണ്‌ കൂടുതൽ പരിശോധന ആവശ്യമായി വന്നത്‌.

ക്ഷയരോഗത്തോടൊപ്പം എച്ച്‌.ഐ.വി.യും ബാധിച്ചിരുന്നതാണ്‌ ലക്ഷ്മിയുടെ ഭർത്താവിന്റെ ചികിത്സ വേണ്ടത്ര വിജയിക്കാതിരുന്നതിനു കാരണമായത്‌. സൈനികസേവന വേളയിൽ ഉണ്ടായ അപകടത്തെ തുടർന്ന്‌ സ്വീകരിച്ച രക്തം വഴിയോ, അതോ ചെറുപ്പകാലത്തെ അതിരുവിട്ട തമാശകൾ വഴിയോ, ആയിരിക്കണം അയാൾ എച്ച്‌.ഐ.വി. ബാധിതനായത്‌. എന്തായാലും ഇതൊന്നും ലക്ഷ്മിയെ നിരാശയാക്കിയതേയില്ല. തന്റേയും, മകന്റെയും രക്തപരിശോധന നടത്തി അസുഖമൊന്നുമില്ലെന്നു വരുത്താൻ അവൾ മുന്നോട്ടു വന്നു. ഇടയ്ക്കിടെ ഒ.പി.യിൽ വരുമ്പോഴും, കൗൺസിലറെ സന്ദർശി ക്കുമ്പോഴുമൊന്നും തന്നെ ഭർത്താവിന്റെ ഭൂത കാലം ചികയാനോ, കുറ്റപ്പെടുത്താനോ, അവർ ശ്രമിച്ചതേയില്ല എന്നത്‌ തെല്ലൊരവിശ്വസനീ യതയോടെയാണ്‌ ഞങ്ങളൊക്കെ നോക്കികണ്ടത്‌. തനിക്ക്‌ അസുഖം പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുമ്പോൾ തന്നെ ഭർത്താവിന്‌ മാനസികവും ശാരീരികവുമായ ഒറ്റപ്പെടൽ ഉണ്ടാവാതിരിക്കാൻ അവർ ശ്രദ്ധാലുവായിരുന്നു.

രോഗീപരിചരണത്തിൽ ലക്ഷ്മി കാണിച്ച ശുഷ്കാന്തി എന്നെ പലപ്പോഴും അൽഭുതപ്പെടുത്തി. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിനെക്കുറിച്ചും, ആഹാര കാര്യത്തിലുമൊക്കെ രോഗിയെക്കാളേറെ ശ്രദ്ധിച്ചിരുന്നത്‌ ഈ ബൈസ്റ്റാൻഡറായിരുന്നു. ഇട യ്ക്കിടെ ഒ.പിയിൽ വരുമ്പോൾ അയാളുടെ കഫ ത്തിൽ ക്ഷയരോഗാണുക്കൾ ഇല്ലാതായതിനെക്കുറിച്ചും, രക്തത്തിലെ സി.ഡി 4 കോശങ്ങളുടെ എണ്ണത്തിലെ വർധനവിനെക്കുറിച്ചുമൊക്കെ ആവേശപൂർവ്വം സംസാരിച്ചിരുന്ന ലക്ഷ്മി സ്നേഹത്തിന്റെ, ത്യാഗത്തിന്റെ ഉദാത്ത മാതൃകയല്ല?

ചന്ദ്രൻ, ലക്ഷ്മി- രണ്ട്‌ വ്യക്തികളെന്നതിനു പരി ഇവർ നന്മയുടെ, മനുഷ്യത്വത്തിന്റെ, ത്യാഗത്തിന്റെ അപൂർവ്വ ഉദാഹരണങ്ങളത്രേ. ബന്ധങ്ങൾ മറക്കുന്ന, നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കുന്ന ഒരു സമൂഹത്തിലെ ഇന്നും അണയാത്ത തിരിനാളങ്ങൾ. ഇവരല്ലേ യഥാർഥത്തിൽ മഹദ്‌ വ്യക്തികൾ. നന്മയുടെ ഇത്തരം പ്രകാശ ഗോപുരങ്ങൾക്ക്‌ മുമ്പിൽ നമുക്ക്‌ ശിരസ്സ്‌ നമിക്കാം.

(ആലപ്പുഴ ​ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാ​ഗം അഡീഷണൽ പ്രൊഫസറാണ് ലേഖകൻ)

Content Highlights: National Doctor's Day 2021, Dr. P.S. Shajahan shares his memories, Health