നസ്സിലെങ്കിലും സംഗീതമില്ലാത്തവർക്ക് ഹൃദയത്തെ കൈകാര്യംചെയ്യാനാവില്ല. ശ്രുതിയും താളവും ചേരുന്ന സംഗീതംപോലെയാണ് ഹൃദയതാളവും. 22 വർഷത്തിനിടെ പതിനായിരത്തോളം ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ഒപ്പം സംഗീതത്തെ നെഞ്ചേറ്റുകയും ചെയ്യുന്നൊരു ഹൃദ്രോഗവിദഗ്ധന്റെ സാക്ഷ്യമാണിത്; പെരിന്തൽമണ്ണയിലെ ഡോ. ബി.കെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് കെയർ ആൻഡ്‌ റിസർച്ച് മാനേജിങ് ഡയറക്ടർ ഡോ. കെ.പി. ബാലകൃഷ്ണൻ. അദ്ദേഹമടക്കം മൂന്ന് ഡോക്ടർമാരും ഒരു മെഡിക്കൽ വിദ്യാർഥിയുമടങ്ങുന്ന ഈ കുടുംബമാകെ സംഗീതത്തെ കൂടെകൂട്ടിയവരാണ്.

1999 മുതൽ ഹൃദയങ്ങളെ താലോലിക്കാനും കീറിമുറിക്കാനും തുടങ്ങിയ ഡോ. ബാലകൃഷ്ണൻ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. എങ്കിലും സൂക്ഷ്മശ്രദ്ധയും ക്ഷമയും ആവശ്യമുള്ള തൊഴിലിന്റെ സമ്മർദം കുറയ്ക്കാൻ സംഗീതം ഏറെ സഹായിക്കുന്നതായി ഡോക്ടർ പറയുന്നു. ഭാര്യ ഇ.എൻ.ടി. സർജനായ ഡോ. സംഗീതയും മകൾ ഡെൽഹി എയിംസിലെ നേത്രരോഗവിദഗ്ധയായ ഡോ. നീലിമയും മകൻ മണിപ്പാലിൽ എം.ബി.ബി.എസ്. വിദ്യാർഥിയായ ഹരിഗോവിന്ദും അടങ്ങുന്നതാണ് കുടുംബം. മൂവരും ശാസ്ത്രീയമായി സംഗീതം പഠിച്ചവരും വിവിധ വേദികളിൽ പ്രതിഭ തെളിയിച്ചവരുമാണ്. മക്കൾ ചേർന്ന് 'ഹരിനീൽ' എന്നപേരിൽ യു ട്യൂബിലെ ബാൻഡിലാണ് പരിപാടികൾ ഇടുന്നത്.

കവി ഒ.എൻ.വി.യുടെ 'ഭൂമിക്കൊരു ചരമഗീതം' കവിതയ്ക്ക് ഡോ. ബാലകൃഷ്ണൻ ഈണംനൽകി ഭാര്യ സംഗീതയാണ് ആലപിച്ചത്. യു ട്യൂബിൽ എട്ടുലക്ഷത്തോളംപേർ കണ്ട ഈ കവിതയ്ക്കാണ് കൂടുതൽ വ്യൂവേഴ്‌സ് ഉള്ളതും. അമേരിക്കയിൽനിന്നടക്കം പലരും ഇതിന് ദൃശ്യാവിഷ്‌കാരം നടത്തി. ഒ.എൻ.വി. അന്തരിച്ചപ്പോൾ ഒരു മലയാളം ചാനൽ പശ്ചാത്തലസംഗീതമായി നൽകിയത് ഈ കവിതയുടെ ട്യൂണായിരുന്നു. ഇവ ജീവിതത്തിലെ അഭിമാനമായിത്തോന്നിയ കാര്യങ്ങളായിരുന്നു.

ലളിതഗാനങ്ങളുമായി മൂന്ന് ആൽബങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹം ഒട്ടേറെ കവിതകൾക്കും ഈണംനൽകി. 'നൊസ്റ്റാൾജിയ' എന്ന സംഗീത കൂട്ടായ്‌മയുടെ ചെയർമാൻകൂടിയാണ് ഡോ. ബാലകൃഷ്ണൻ.

ദക്ഷിണ മലബാറിൽ ആദ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്ത ഡോ. ബാലകൃഷ്ണൻ ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജിയുടെ സംസ്ഥാന പ്രസിഡന്റാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയുള്ള ഹൃദയശുശ്രൂഷയുടെ പരിചയസമ്പത്തുമായാണ് പെരിന്തൽമണ്ണ മാനത്തുമംഗലത്ത് സ്വന്തമായി സ്ഥാപനം തുടങ്ങിയത്. തിരുനാവായ കൊള്ളഞ്ചേരി പൂത്തൂരത്ത് രാമചന്ദ്രൻ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്.

Content Highlights: National Doctor's Day 2021, Dr.K.P. Balakrishnan a music lover and his family, Health