രു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുമെന്ന് പറഞ്ഞത് പ്രശസ്ത തത്വചിന്തകനായ ജോസഫ് ഡി മെയ്സ്റ്റര്‍ ആണ്. ജനാധിപത്യത്തെക്കുറിച്ച് ആലങ്കാരികമായി പറഞ്ഞതാണെങ്കിലും ആതുരസേവന രംഗത്തെക്കുറിച്ചുള്ള വിലയിരുത്തലിന് പരിഗണിക്കുമ്പോള്‍  'ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഡോക്ടറെ ലഭിക്കും' എന്ന് തിരുത്തിയെഴുതിയാല്‍ നന്നാവുമെന്ന് തോന്നിയിട്ടുണ്ട്.  ധിഷണാപരമായ വളര്‍ച്ചയ്ക്ക് അദ്ധ്യാപകനും ആരോഗ്യകരമായ സ്ഥിരതയ്ക്ക് ഡോക്ടറും നല്‍കുന്ന സേവനങ്ങളാണ് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയുടെ അടിസ്ഥാനപരമായ ഘടകങ്ങള്‍. ഈ രണ്ട് ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പാളിച്ച സംഭവിച്ചാല്‍ വളര്‍ന്ന് വരുന്ന സമൂഹം മൂല്യശോഷണം സംഭവിച്ചതായി മാറുന്നത് സ്വാഭാവികമാണ്. അടിസ്ഥാനപരമായി നല്ല മനുഷ്യനായിരുന്നാല്‍ മാത്രമേ അദ്ദേഹത്തിനൊരു നല്ല ഡോക്ടര്‍ കൂടി ആയി മാറുവാന്‍ സാധിക്കുകയുള്ളൂ.

നിരവധി വര്‍ഷങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപകനെന്ന നിലയിലും ഡോക്ടറെന്ന നിലയിലും സേവനനിരതമായതിനാല്‍ ഈ വിഷയത്തില്‍ വലിയ ആശങ്ക കുറച്ച് കാലമായി മനസ്സിലുണ്ട്. 1998ലാണ് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ന്യൂുറോ സര്‍ജറി വിഭാഗത്തില്‍ ചാര്‍ജ്ജെടുത്തുകൊണ്ട് ഞാന്‍ കോഴിക്കോട്കാരനായി മാറുന്നത്. അന്ന് ഞാനുള്‍പ്പെടെ മൂന്ന് ന്യൂറോ സര്‍ജന്മാരായിരുന്നു കോഴിക്കോടുണ്ടായിരുന്നത്. ഇന്നത് 30ല്‍ എത്തി നില്‍ക്കുന്നു. ഇത്രയധികം ന്യൂറോസര്‍ജന്മാരുണ്ടായത് ഗുണകരമല്ലേ എന്ന് തോന്നുന്നത് സ്വാഭാവികമാണ്. ന്യൂറോ സര്‍ജറി എന്നത് സാന്ദര്‍ഭികമായി ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ സമസ്തമാന മേഖലകളിലുമുള്ള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ രണ്ട് പതിറ്റാണ്ടിനപ്പുറത്തുണ്ടായിരുന്നതിനേക്കാള്‍ വലിയ തോതിലുള്ള വളര്‍ച്ച സംഭവിച്ചിരിക്കുന്നു.

കാലം മാറുന്നതിനനുസരിച്ചുള്ള സ്വാഭാവികമായ വളര്‍ച്ചയല്ലേ എന്ന് തോന്നാമെങ്കിലും അതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള അനിയന്ത്രിതമായ വര്‍ദ്ധനവ് പൊതുസമൂഹത്തിന് എത്രകണ്ട് ഗുണകരമാകും എന്നത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. കൂണുകള്‍ പോലെ മുളച്ച് പൊന്തിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അടവെച്ച് വിരിയിച്ച് പുറത്ത് വരുന്ന എത്ര പേര്‍ക്ക് സമൂഹം അര്‍ഹിക്കുന്ന നിലയിലുള്ള സേവനം നല്‍കുവാന്‍ സാധിക്കും? 

ചില കണക്കുകള്‍

കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം കേരളത്തിലെ 28 മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ശരാശരി 3000 പേര്‍ പ്രതിവര്‍ഷം എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു! അതായത് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനിടയില്‍ മാത്രം മുപ്പതിനായിരത്തിലധികം ഡോക്ടര്‍മാര്‍ സമൂഹത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇന്ത്യയില്‍ ആയിരത്തില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ ഡോക്ടര്‍മാര്‍ ആവശ്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് അഞ്ഞൂറ് പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന രീതിയിലായി മാറിക്കഴിഞ്ഞു. ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഇരുനൂറില്‍ ഒന്ന് എന്ന അവസ്ഥയിലേക്ക് മാറ്റപ്പെടും. പ്രഥമദൃഷ്ടിയിലെ അവലോകനത്തില്‍ നല്ലതാണെന്ന് തോന്നിയേക്കാം. പക്ഷെ ഈ അവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതം നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലുതാണ്. ജനസംഖ്യാനുപാതികമായ പഠനം നടത്താതെ എം.ബി.ബി.എസിനോ, പോസ്റ്റ് ഗ്രൂജ്വേറ്റ് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ക്കുള്ള സീറ്റുകള്‍ ഇനി വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്ന് തീരുമാനം കര്‍ശനമായി കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഡോക്ടര്‍ ദൈവമാകണം, സേവനം ഉള്‍വിളിയാകണം

ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ സ്വീകരിച്ച് പേരിന് മുന്‍പില്‍ സ്വീകരിച്ച ബിരുദത്തിന്റെ അധികവാക്ക് കൂടി കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞാല്‍ ഡോക്ടറായി മാറി എന്ന് ധരിക്കരുത്. അതൊരു തപസ്യയാണ്, ദൈവതുല്യമായ നിയോഗമാണ്. അഭിരുചിയും നന്മയും, ബുദ്ധിയും, ക്ഷമയും, സ്നേഹവുമൊക്കെ ആവശ്യമായ ദൈവനിയോഗം. ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം എന്ന രീതിയെ പിന്‍തുടരാതെ സേവനത്തിന്റെ പാത സ്വീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബാക്കിയെല്ലാം സേവനത്തിന്റെ പ്രതിഫലമായി തേടിയെത്തുക തന്നെ ചെയ്യും.  1951 ലാണ് തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത്. അതിന് മുന്‍പുള്ള കാലത്ത് കേരളത്തിന് പുറത്ത് മദ്രാസിനേയോ കല്‍ക്കത്തയെയോ ഒക്കെ ആശ്രയിച്ച് മാത്രമേ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ തന്നെ ആ കാലത്ത് ഡോക്ടര്‍മാരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. സമ്പത്തുള്ളവന് മാത്രം പ്രാപ്യമായ ഒന്ന് എന്നതായിരുന്നു അവസ്ഥ. എന്നാല്‍ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് പിന്നാലെ 1957 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജും 1962ല്‍ കോട്ടയം മെഡിക്കല്‍ കോളേജും 1963ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജും യാഥാര്‍ത്ഥ്യമായതോടെ കേരളത്തിലെ ഡോക്ടര്‍മാരുടെ സുവര്‍ണ്ണ കാലം ആരംഭിച്ചു എന്ന് പറയാം.

മെറിറ്റ് മാത്രമായിരുന്നു പ്രവേശന മാനദണ്ഡം. ബി.എസ്.സിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് മൂന്നില്‍ രണ്ട് സീറ്റുകള് മാറ്റിവെച്ചതിനാല്‍ പ്രവേശനം നേടുന്നത് നല്ല തലച്ചോറുള്ളവരും അത്യാവശ്യത്തിന് പക്വത നേടിയവരുമായിരിക്കും. സ്വാഭാവികമായും ഈ കാലത്ത് പഠനം പൂര്‍ത്തിയാക്കിയിറങ്ങിയവരില്‍ മഹാഭൂരിപക്ഷം പേരും ജീവിതത്തിലെ വലിയ പ്രതിസന്ധികളെ നേരിട്ടറിഞ്ഞ സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കളായിരുന്നു. പഠനത്തിലെ മിടുക്കര്‍, ബിരുദം കഴിഞ്ഞ പ്രായത്തിന്റെ പക്വത, ഇതോടൊപ്പം പച്ചയായ ജീവിതം നേരിട്ടറിഞ്ഞവര്‍. സമൂഹത്തിന്റെ ഭാഗമായി മാറുന്ന ഡോക്ടര്‍മാരായി അവര്‍ സ്വയം സൃഷ്ടിക്കപ്പെടുകയായിരുന്നു. 1970 കളെയൊക്കെ സുന്ദരമായ ഈ കാലത്തിന്റെ മൂര്‍ദ്ധന്യം എന്ന് വിശേഷിപ്പിക്കാം. അന്ന് പഠിച്ചിറങ്ങിയവരെല്ലാം പ്രതിഭയുടെ കയ്യൊപ്പ് പതിച്ചവരായി മാറ്റപ്പെട്ടത് ചരിത്രം.  ഇവരില്‍ മഹാഭൂരിഭാഗം പേരും ഏതെങ്കിലും ചെറിയ പ്രദേശങ്ങളുടെ കണ്‍കണ്ട ദൈവങ്ങളായി മാറിയിരുന്നു.

എന്‍ട്രന്‍സിന്റെ വരവ്

1981ലാണ് കേരളത്തില്‍ ആദ്യമായി എന്‍ട്രന്‍സ് എക്സാമിലൂടെ മെഡിക്കല്‍ പ്രവേശനം എന്ന ആശയം നടപ്പിലാകുന്നത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഉള്ള പ്രവേശനത്തിന് യോഗ്യത നേടാന്‍ കേരളയൂണിവേഴ്സിറ്റിയെ ഉന്നതര്‍ മാര്‍ക്ക് ലിസ്റ്റ് തിരിമറി നടത്തിയതായിരുന്നു എന്‍ട്രന്‍സ് എന്ന ആശയത്തിലേക്കെത്തിച്ചത്. 0+0+2=428 എന്ന പേരിലായിരുന്നു ഈ മാര്‍ക്ക് തട്ടിപ്പ് അന്നറിയപ്പെട്ടിരുന്നത്. കോച്ചിംഗ് സെന്ററുകളുടെ ആവിര്‍ഭാവം മൂലം ഈ മേഖലയില്‍ സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ക്ക് പരിഗണന കൂടുതല്‍ ലഭിച്ചത് സ്വാഭാവികമായിരുന്നു. എങ്കിലും ഒരു പരിധിവരെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ ഈ സാഹചര്യത്തിലും സാധിച്ചു.

സ്വാശ്രയ വിദ്യാഭ്യാസം

രണ്ടായിരത്തിന്റെ തുടക്കം വരെ കേരളത്തിന്റെ പൊതുസമൂഹത്തില്‍ ജനസംഖ്യയിലെ വര്‍ധനവിന് ആനുപാതികമായ രീതിയില്‍ തന്നെയായിരുന്നു ഡോക്ടര്‍മാരുടെ എണ്ണവും വര്‍ദ്ധിച്ചത്. ആരോഗ്യകരമായ ആ സാഹചര്യത്തിലാണ് ലോകം മുഴുവന്‍ വാഴ്തപ്പെട്ട കേരള മോഡല്‍ പോലും സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്ന് വരവോടെ സാമൂഹികമായ സകല ആനുപാതങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് പൊതുസമൂഹത്തിലേക്ക് എം ബി ബി എസ് കഴിഞ്ഞിറങ്ങുന്നവരുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. മാര്‍ക്കിന്റെ മാനദണ്ഡങ്ങളൊന്നുമില്ലാതെ എന്‍.ആര്‍.ഐ. ക്വാട്ടയിലും മറ്റും പ്രവേശനം നേടിയ പലരും ഇന്ന് സര്‍ക്കാര്‍ തലത്തില്‍ പല പ്രധാനപ്പെട്ട ഇടങ്ങളിലും നയരൂപീകരണങ്ങള്‍ പോലും നടത്തുന്നു എന്നത് ഭീതിജനകമായ യാഥാര്‍ത്ഥ്യമാണ്. ഇതിന് പുറമെയാണ് റഷ്യ, ചൈന മുതലായ രാജ്യങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ എണ്ണവും. ഇവയെല്ലാം കൂടി സമന്വയിക്കുമ്പോള്‍ വരാനിരിക്കുന്ന നിലവാരത്തകര്‍ച്ചയുടെ ആഘാതം കൂടുതല്‍ വര്‍ദ്ധിക്കും. 

ശാസ്ത്രീയമല്ലാത്ത നയരൂപീകരണങ്ങള്‍

ദേശീയ തലത്തിലുള്ള ശരാശരിയോട് താരതമ്യപ്പെടുത്തിയാണ് ഇവിടെയും നയരൂപീകരണങ്ങള്‍ നടക്കുന്നതും സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമൊക്കെ. 1000:1 എന്ന അനുപാതത്തെ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുമ്പോള്‍ ഇന്ത്യയില്‍ അതിന് ഏകമാനമില്ല എന്ന് കൂടി ഓര്‍ക്കണം. ഇന്ത്യയിലെ പൊതുവായ അവസ്ഥയില്‍ 2000:1 എന്നതാണ് ശരാശരി. ഇതില്‍ തന്നെ ഹരിയാനയില്‍ ഇത് 6000:1, ജാര്‍ഖണ്ഡില്‍ 8000:1 എന്ന അവസ്ഥയിലുമാണ്. ജാര്‍ഖണ്ഡിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തി മെഡിക്കല്‍ സീറ്റ് വര്‍ധനയും അനുബന്ധ കാര്യങ്ങളും നടപ്പിലാക്കിയാല്‍ എന്താവും കേരളത്തിലെ അവസ്ഥ?

അവശ്യം വേണ്ട വികസനങ്ങള്‍ പോലും ഇത്തരം അശാസ്ത്രീയമായ നയരൂപീകരണങ്ങളുടെ ഭാഗമായി നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ക്ക് അന്യമായി തീരുന്നു, നിലവാരമുള്ള ഡോക്ടര്‍മാരായ അദ്ധ്യാപകരും ഡോക്ടര്‍മാരും സൃഷ്ടിക്കപ്പെടാതെ പോകുന്നു, അനാരോഗ്യകരമായ ഡോക്ടര്‍-രോഗീ അനുപാതം നിര്‍മ്മിക്കപ്പെടുന്നു എല്ലാറ്റിലുമുപരിയായ പണമിറക്കി പഠിച്ചിറങ്ങുന്നതിനാല്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം എന്നനിലയിലുള്ള താല്‍പര്യം മുതലായവയെല്ലാം ഈ അശാസ്ത്രീയമായ നയരൂപീകരണങ്ങളുടെ ഭാഗമായി സംഭവിക്കുന്നുണ്ട്. 

ഈ അവസ്ഥയ്ക്ക് മാറ്റം വരുമോ?

ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടും അല്ലാതെയും ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്നത് തന്നെയാണ്. എങ്ങിനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, നയങ്ങള്‍ മാറുക എന്നതാണത്. ദീര്‍ഘകാലമായി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തിരിക്കുന്ന അശാസ്ത്രീയമായ രീതിയില്‍ നിന്ന് ശാസ്ത്രീയതയിലേക്ക് ഒരു സുപ്രഭാതം കൊണ്ട് തിരിച്ച് പോവുക എന്നത് എളുപ്പമല്ല എങ്കിലും സമയമെടുത്താണെങ്കിലും കൃത്യമായ നയരൂപീകരണങ്ങളിലേക്ക് കടന്ന് വരികയും സാമൂഹികമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ മാത്രം ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുകയും അല്ലാത്തപക്ഷം സമീപ ഭാവിയില്‍ തന്നെ ആരോഗ്യപരമായ അനിശ്ചിതാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം പ്രവേശിക്കേണ്ടി വരും എന്ന് ഓര്‍മ്മിക്കുക.

(കോഴിക്കോട് ആസ്റ്റര്‍ മിംസ് ന്യൂറോസയന്‍സസ് വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: National Doctor's Day 2021 Dr. Jacob Alapatt