കാഷ്യാലിറ്റിയിലെ ക്ലോക്കിൽ സമയം 7:50 എ.എം. 8 മണിക്ക് എമർജൻസി ഡ്യൂട്ടി തീരും. അതു കഴിഞ്ഞ് ഓട്ടമാണ്. 8:30 ആവുമ്പോഴേക്ക് കുളിച്ചു, ഭക്ഷണം കഴിച്ചു വാർഡിലേക്ക് എത്തണം. അഡ്മിറ്റ് ആയ രോഗികളെ മുഴുവൻ കാണണം, റിപ്പോർട്ടുകൾ പഠിക്കണം, അവരെ പരിശോധിക്കണം. പ്രൊഫസ്സർ വരുന്നതിനു മുൻപേ മുഴുവൻ രോഗികളുടെയും വിവരങ്ങൾ മനസെന്ന ചെപ്പിൽ സൂക്ഷിക്കണം. ചോദ്യശരങ്ങൾ എറിയുമ്പോൾ കണ്ണു മിഴിച്ചു നോക്കി നിൽക്കാൻ പറ്റില്ല. ഹൗസ് സർജൻസിയുടെ കാലമല്ല. ഹാ! അതൊക്കെ ഒരു കാലം! 

നൈറ്റ് ഡ്യൂട്ടി അവസാനിക്കാൻ പോവുന്ന മണിക്കൂറിനു നീളം കൂടുതലാണെന്ന് തോന്നാത്ത ഡോക്ടർമാർ ഈ ഭൂമുഖത്തു കാണില്ല. ഇനി 10 മിനുറ്റ് കൂടെ. സ്വന്തം വാച്ച്‌ കൂടെ ഒന്നു നോക്കി ഉറപ്പ് വരുത്തി. കാഷ്യാലിറ്റി ക്ലോക്ക് ഇനി നിലച്ചു പോയതാണെങ്കിലോ ? അല്ല ! രണ്ടും ടാലി ആവുന്നുണ്ട്. എന്റെ വാച്ചിൽ സമയം 8 മണി. അറിഞ്ഞു കൊണ്ട്‌ 10 മിനുറ്റ് അധികമാക്കി വെക്കുന്നതാണ്. പണ്ട് തൊട്ടേയുള്ള ശീലം. 
 രാത്രി വന്ന മുഴുവൻ രോഗികളെയും ക്ലിയർ ചെയ്തു വിട്ടിരിക്കുന്നു. ഒന്നുങ്കിൽ അഡ്മിഷൻ അല്ലെങ്കിൽ ഡിസ്ചാർജ് ; അഭിമാനം തോന്നി. ഹാൻഡ് ഓവർ കേസുകൾ ഇല്ല. 
 ഇങ്ങനെ പുളകികനായി ഇരിക്കുമ്പോഴാണ് അതാ വരുന്നു ഒരു ട്രോളി. സർജറി കേസ് ആവണെ പൊന്നു കൃഷ്ണാ! മനസ്സുരുകി പ്രാർത്ഥിച്ചു. കൃഷ്ണന് അത് ഇഷ്ടമായില്ലെന്നു മനസ്സിലായി. അല്ലെങ്കിലും ഒരു ഡോക്ടർ ഇങ്ങനെ പ്രാർത്ഥിക്കാൻ പാടുണ്ടോ ??  കൃഷ്ണന് എന്തറിയാം ? അദ്ദേഹം ഡോക്ടർ ആയിരുന്നില്ലല്ലോ. ! കുറച്ചു ദേഷ്യവും, ചെറുതായിട്ടു വിഷമവും തോന്നി. നമുക്ക് ഇത് പിന്നീട് പറഞ്ഞു തീർക്കാം. കൃഷ്ണനോട് മനസ്സിൽ പറഞ്ഞു. 
 
സർജറി ടേബിളിൽ നിന്നും കേസ് ഷീറ്റ് എനിക്ക് നേരെ നീട്ടി. " മെഡിസിൻ കേസ് ആണ്". ഞാൻ കോട്ടുവാ ഇട്ടു കൊണ്ട് എണീറ്റു. കൺപോളകൾക്ക് കനമേറിയിട്ടുണ്ട്. ഇന്നലെ രാത്രി കഴിച്ച ഹോസ്റ്റലിലെ ചോറും പരിപ്പ് കറിയും വയറ്റിലിരുന്നു കശപിശാ ഉണ്ടാക്കി തുടങ്ങി. 

നോക്കിയപ്പോൾ ഒരു കൊച്ചു പെൺകുട്ടി. 8-9 വയസ്സ് തോന്നിക്കും. കണ്ണടച്ചു കിടന്ന് എന്തൊക്കെയോ പുലമ്പുന്നു. നെറ്റിയിൽ തുണി നനച്ച് ഇട്ടിട്ടുണ്ട്. അച്ഛനും അമ്മയും ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കൂടെ വന്ന രണ്ടു പേർ നിറകണ്ണുകളിലൂടെ ദയനീയമായി എന്നെ നോക്കി. 
 
പീഡിയാട്രിക്സ് വിഭാഗത്തിൽ പോകേണ്ടവർ ഇവിടെ എങ്ങനെ വന്നു. കേസ് ഷീറ്റ് കയ്യിൽ എടുത്ത് പേരിനു മുൻപേ വയസ്സ് നോക്കി. 12 വയസ്സ് 3 മാസം, കിറുകൃത്യമായി കുറിച്ച് വെച്ചിരിക്കുന്നു. കൗണ്ടറിൽ ഇരിക്കുന്നവനെയും മനസ്സിൽ ചെറുതായി പ്രാകി. 
കുഞ്ഞിനെ ഒന്നുകൂടെ നോക്കി. ഒരു അണ്ണാറകണ്ണനെ പോലെ ഉണ്ട്. മനസ്സിലെ മുഷിപ്പൊക്കെ മാറി. മാറ്റി.. 
 
സമയം വൈകിക്കാതെ തന്നെ പരിശോധന തുടങ്ങി. പനിയും, ബോധക്ഷയവും, പിച്ചും പേയും പറച്ചിലും. തൊട്ടാൽ പൊള്ളുന്ന പനി ഉണ്ട്. പ്ലാന്റാർ റിഫ്ലക്സ് നോക്കി. രണ്ടും എക്സ്റ്റെൻസർ  റെസ്പോൻസ്, കൂടെ നെക്ക് റീജിഡിറ്റിയും ഉണ്ട്. കേസ് ഷീറ്റിന്റെ താഴെ പ്രൊവിഷണൽ ഡയഗ്നോസിസ്  വള്ളി പുള്ളി തെറ്റാതെ എഴുതി ചേർത്തു , " Acute Meningoencephalitis ". CT brain അടക്കം വേണ്ടുന്ന ടെസ്റ്റുകൾ എല്ലാം എഴുതികൊടുത്തു, അഡ്മിറ്റും ചെയ്ത് ഞാൻ ഹോസ്റ്റലിലേക്ക് ഓടി. റിപോർട്ടുകൾക്ക് കാത്തു നിൽക്കാൻ സമയം ഇല്ല. വാർഡിൽ എത്തിയാൽ കാണാം. പനി കുറയ്ക്കാനുള്ള ഇഞ്ചക്ഷൻ കാഷ്യാലിറ്റി സിസ്റ്ററെ കൊണ്ടു ചെയ്യിപ്പിച്ചു. 

ഹോസ്റ്റൽ മെസ്സിൽ ചപ്പാത്തിക്ക് വേണ്ടി കാത്തിരുന്ന് കഴിക്കാൻ സമയം ഇല്ല. റൂമിലിരുന്ന ബ്രഡ് രണ്ടെണ്ണം കഴിച്ചു. ബ്രെഡിന്റെ അരികിൽ പൂപ്പൽ പിടിച്ചോ ? രണ്ട്‌ ദിവസമായി തുറന്ന് കിടക്കുകയാണ്. ആ! കഴിച്ചുപോയി, ഇനിയിപ്പോ പുറത്തെടുക്കാൻ പറ്റില്ല. കൂടെ ഒരു പഴവും, ഒരു ഗ്ലാസ് ചൂട് വെള്ളവും അകത്താക്കി വാർഡിലേക്ക് ഓടി. വയറ്റിലെ പരിപ്പ് വീണ്ടും ബഹളമുണ്ടാക്കി. പല്ലു തേച്ചായിരുന്നോ? ക്ലോസ് അപ് പേസ്റ്റിന്റെ പരസ്യത്തിൽ കാണുന്ന പോലെ കൈപ്പത്തി മുഖത്തിനു നേരെ പിടിച്ചു ഊതി നോക്കി. ഒരു വാട നാറ്റം. വല്യ കുഴപ്പമില്ല. 
 
അന്നു പ്രൊഫസർ നേരത്തെ വന്നു, റൗണ്ടസിന്. തന്റെ പരിചയ സമ്പത്ത്‌ കാണിച്ചില്ലെങ്കിൽ മോശമാണ് എന്ന ഭാവത്തിൽ ട്രീട്മെന്റിൽ ഒരു പാട് മാറ്റങ്ങൾ വരുത്തും. പക്ഷേ എനിക്ക് അദ്ദേഹത്തോട് ബഹുമാനമാണ്. ഇപ്പോഴും പഠിക്കും, പഠിപ്പിക്കും, രോഗികളുടെ രോഗം മാറ്റികൊടുക്കും. പിഴവുകൾ വരുത്തുന്നത് അപൂർവം മാത്രം. രോഗികളുടെ വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് തന്റെ നരച്ചമീശയിൽ പതിവായി തടവും. 
 
മൂന്നു റൗണ്ട്സ് ഉണ്ടാവും, പോസ്റ്റ് എമർജൻസി ദിവസങ്ങളിൽ. ആദ്യം രജിസ്ട്രാർ ,പിന്നെ അസിസ്റ്റന്റ് പ്രൊഫസ്സർ, അത് കഴിഞ്ഞു പ്രൊഫസർ അഥവാ യൂണിറ്റ് ഹെഡ്. 
അന്നും പതിവുപോലെ റൗണ്ട് ബുക്കിൽ നിറച്ചു എഴുതിവെച്ച കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള തിരക്കിലായിരുന്നു ഞാൻ. സഹായത്തിനു കൂടെയുള്ള ഹൗസ് സർജന്റെ കയ്യിലോട്ട് റൗണ്ട് ബുക്ക് കൈമാറി. 
 
സമയം 12:30 ആയിക്കാണും, അപ്പോഴാണ് സിസ്റ്ററിന്റെ വിളി. " ഡോക്ടർ ! യൂണിറ്റ് 4 നു പുതിയ അഡ്മിഷൻ"
 
" ഇപ്പോഴോ ?" 
 ചെന്നു നോക്കിയപ്പോൾ രാവിലെ ഞാൻ കണ്ട കുട്ടിയും മാതാപിതാക്കളും.  നോക്കിയപ്പോൾ ബെഡ് എല്ലാം ഫുൾ ആണ്. തറയിലും രോഗികൾ. എന്റെ ഭാഗ്യത്തിന്, കുട്ടിയുടെ ഭാഗ്യത്തിന് ആദ്യത്തെ റൂമിലെ ഒന്നാം നമ്പർ ബെഡിലെ രോഗി അന്ന് ഡിസ്ചാർജ് ആയിരുന്നു. ആ രോഗി പോയാൽ അതിലോട്ടു കുട്ടിയെ മാറ്റികിടത്താൻ പറഞ്ഞിട്ട് ഞാൻ അവളുടെ റിപോർട്ടുകൾ മറിച്ചു നോക്കി. സി.ടി. ബ്രെയിൻ നോർമൽ ആണ്, ആശ്വാസം. തലച്ചോറിലെ സമ്മർദ്ദം അധികമാണോന്ന് നോക്കണം, അല്ലാതെ lumbar puncture ചെയ്യാൻ പറ്റില്ല. കോട്ടിന്റെ പോക്കറ്റിൽ ഇരുന്ന ഐ ഡ്രോപ്സ് ഓരോ തുള്ളി വീതം കണ്ണിൽ ഉറ്റിച്ചു കൊടുത്തു. 
 
Lumbar puncture ചെയ്ത സാമ്പിൾ ടെസ്റ്റിന് അയച്ച ശേഷമാണ് അവളുടെ അച്ഛൻ രാവിലെ കൊടുത്ത അവസാനത്തെ രക്ത പരിശോധനയുടെ റിപ്പോർട്ട് കൊണ്ടു വന്നത്. നോക്കിയപ്പോൾ മലേറിയ പോസിറ്റീവ്! 
 
ഒരുപാട് സന്തോഷം തോന്നി. റിപ്പോർട്ട് പറഞ്ഞു കൊടുക്കുമ്പോൾ എന്റെ മുഖത്തെ സന്തോഷം കണ്ട്‌ ആ അച്ഛനും അമ്മയും അന്തം വിട്ടു നോക്കി നിൽക്കുകയാണ്. അവരോടു എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ആ കുഞ്ഞു മോളുടെ അസുഖത്തിന് കിട്ടാവുന്ന നല്ല ഡയഗ്നോസിസുകളിൽ ഒന്നാണ് മലേറിയ എന്ന്‌! ട്രീട്മെന്റ് ഉണ്ട്, പെട്ടെന്ന് മാറുകയും ചെയ്യും. 
 
വളരെ പെട്ടെന്ന് തന്നെ ആ കുട്ടി ട്രീട്മെന്റിനോട് പ്രതികരിച്ചു. രണ്ടാം ദിവസം തൊട്ട് എണീറ്റ് നടക്കാൻ തുടങ്ങി. റൗണ്ട്സിന് പോകുമ്പോൾ എന്നെ കണ്ടാൽ അവരുടെ ബഹുമാനം ഇരട്ടിക്കും, പ്രൊഫസറിനെക്കാൾ ബഹുമാനം എനിക്ക്!  മൂന്നാം ദിവസം രാത്രി റൗണ്ട്സ് കഴിഞ്ഞു കേസ് ഷീറ്റിൽ നോട്സ് ഒക്കെ എഴുതി ഞാൻ ഇറങ്ങാൻ നോക്കുമ്പോഴേക്കും ആ കുട്ടിയും അച്ഛനും മുൻപിൽ വന്നു നിൽക്കുന്നു. അവൾ ഒരു ചെറിയ ചോക്ലേറ്റ് എനിക്ക് നേരെ നീട്ടി. വേണ്ടാന്ന് പറഞ്ഞില്ല. സന്തോഷത്തോടെ വാങ്ങി. വാങ്ങിയില്ലെങ്കിൽ ആ കുഞ്ഞു മനസ്സ് വേദനിച്ചാലോ ?? 
 
ഡോക്ടർ ആയതിനു അഭിമാനം തോന്നിയ നിമിഷം. ഉറക്കമില്ലാത്ത തുടർച്ചയായി 36 മണിക്കൂർ ഡ്യൂട്ടി ചെയ്തതിനും, ആവശ്യത്തിനും സമാധാനത്തോടെയും ഭക്ഷണം കഴിക്കാൻ പറ്റാതെ പോയതിനും, ഒന്ന് സമയത്തു മൂത്രമൊഴിക്കാൻ പോലും പറ്റാതെ നിന്നതിനും, യൗവ്വനം മുഴുവൻ ആശുപത്രി ചുവരുകൾക്കുള്ളിൽ കുരുങ്ങി പോയതിനും, കുടുംബത്തെ വിട്ടു നിന്നതിനും, മിസ് ആയിപ്പോയ ആഘോഷങ്ങൾക്കും, കല്യാണവിരുന്നുകൾക്കും ഒന്നും അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല.. അതിനെക്കാളൊക്കെ വലുതായിരുന്നു എനിക്ക് അവൾ തന്ന ആ ചോക്ലേറ്റ്. അവൾക്ക് ഞാനൊരു പേരിട്ടു.
 കുഞ്ഞാറ്റ! 

Content Highlights: National Doctor's Day 2021, Health, Dr.Aswin Mukundan shares his doctor life experience