മാനസികാരോ​ഗ്യ വിദ​ഗ്ധനെ കണ്ട് നന്ദി പറയാൻ ഒരു രോ​ഗി വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുക എന്നത് വളരെ അപൂർവമായ ഒരു സം​ഗതിയാണ്. കാരണം മാനസികാരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന തെറ്റിദ്ധാരണകളാണ്. തനിക്ക് ഒരു മാനസിക പ്രശ്നമുണ്ട് എന്ന് സമ്മതിക്കാനോ അത് ഓർക്കാനോ ബഹുഭൂരിപക്ഷവും ആ​ഗ്രഹിക്കില്ല. അതിനാൽ തന്നെ ചികിത്സിച്ച ഒരു മാനസികാരോ​ഗ്യ വിദ​ഗ്ധനെ പൊതുസ്ഥലത്ത് വെച്ച് കണ്ടാൽ അ​ദ്ദേഹത്തോട് സംസാരിക്കാൻ വിമുഖതയാണ് പലപ്പോഴും രോ​ഗികൾക്കും ഉള്ളത്. ഈ ഒരു പശ്ചാത്തലത്തിലാണ് എന്നെ വളരെയധികം സ്പർശിച്ച ഒരു ചികിത്സാനുഭവം ഡോക്ടേഴ്സ് ദിനത്തിൽ പങ്കുവയ്ക്കാനുള്ളത്. 

വർഷങ്ങൾക്ക് മുൻപ് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയെയും കൊണ്ടാണ് ആ മാതാപിതാക്കൾ എന്റെ അടുത്തുവരുന്നത്. ഇവൻ പഠിക്കാൻ വളരെ മോശമാണ്. ക്ലാസിൽ അടങ്ങിയിരിക്കില്ല. ഒട്ടും ശ്രദ്ധിക്കുന്നില്ല. കണക്കിൽ തെറ്റുവരുത്തുന്നു. പറഞ്ഞാൽ മനസ്സിലാവില്ല. പരീക്ഷകളിൽ തോൽക്കുന്നു. വളരെ കുറവ് മാർക്കാണ് വാങ്ങുന്നത്. മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കുന്നു. വീട്ടിലാണെങ്കിലും രക്ഷിതാക്കൾ പറയുന്നതൊന്നും ശ്രദ്ധിച്ചുകേൾക്കുന്നില്ല ഇങ്ങനെ നിരവധി പരാതികളാണ് ഇവനെക്കുറിച്ച്. അതിനാൽ തന്നെ കഴിഞ്ഞ അഞ്ച് വർഷത്തിനകം അഞ്ച് സ്കൂളുകൾ മാറേണ്ടി വന്നു. ഇനി ജയിപ്പിക്കാൻ പറ്റില്ല എന്നുപറയുമ്പോൾ ടി.സി. വാങ്ങി വേറൊരു സ്കൂളിലേക്ക് പോകേണ്ട അവസ്ഥയാണ്.

അച്ഛന്റെയും അമ്മയുടെയും മൂത്തമകനാണ്. രണ്ട് വയസ്സിന് ഇളയ ഒരു സഹോദരിയുമുണ്ട്. കുടുംബത്തിലെ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ള ആളുകളാണ്. അച്ഛനും അമ്മയും എൻജിനീയർമാർ ആണ്. കസിൻസ് ഒക്കെ പലരും ഡോക്ടർമാരും എൻജിനീയർമാരുമൊക്കെയാണ്. ഇവൻ മാത്രമാണ് ആ കുടുംബത്തിലെ മോശമായിട്ടുള്ള ഒരാൾ. 

സഹപാഠികൾക്കിടയിലും ഇവനൊരു കോമാളി എന്ന ഒരു പ്രതിച്ഛായയാണ്. കാരണം, അധ്യാപകർ എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ ഇവൻ എന്തെങ്കിലും മണ്ടത്തരം പറയും. ബാക്കിയുള്ളവരെല്ലാം ഇവനെ കളിയാക്കും. ഒടുവിൽ, ഇവൻ എഴുന്നേറ്റുനിൽക്കുമ്പോൾ തന്നെ കുട്ടികൾ ചിരിക്കുന്ന അവസ്ഥയായി. അതിനാൽ തന്നെ അധ്യാപകരും പലപ്പോഴും ഇവനെ കോമാളിയായി ചിത്രീകരിക്കുന്ന അവസ്ഥയിലെത്തുകയും മറ്റുള്ള കുട്ടികളുടെ മുൻപിൽ വെച്ച് അവനെ അവഹേളിക്കുകയും ചെയ്യാൻ തുടങ്ങി. പി.ടി. എ. മീറ്റിങ്ങിനൊക്കെ ഇവന്റെ പ്രശ്നങ്ങളെക്കുറിച്ച് അധ്യാപകർ പറഞ്ഞതോടെ രക്ഷിതാക്കൾ ആകെ ബുദ്ധിമുട്ടിലായി. പഠനം മെച്ചപ്പെടാൻ ട്യൂഷന് വിട്ടെങ്കിലും കാര്യമുണ്ടായില്ല. 

എന്തായാലും ഞാൻ അവനുമായി സംസാരിച്ചു. അഞ്ചാറ് വർഷങ്ങളായി അവന് ഈ ലക്ഷണങ്ങളുണ്ടെന്ന് അതിൽ നിന്ന് എനിക്ക് മനസ്സിലായി. മൂന്നാംക്ലാസ്, നാലാംക്ലാസ് മുതൽ തന്നെ ഈ ലക്ഷണങ്ങൾ ഉണ്ട്. അവന് ശ്രദ്ധിച്ചിരിക്കാൻ പറ്റുന്നില്ല എന്ന പ്രധാനമായ ഒരു   പ്രശ്നമുണ്ട്. പറയുന്ന കാര്യങ്ങളൊക്കെ മറന്നുപോകുന്നു. ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ജോലികളൊന്നും ചെയ്യാൻ സാധിക്കുന്നില്ല. അമിതമായ വികൃതിയും എടുത്തുചാട്ട സ്വഭാവവും ഉണ്ട്. പെട്ടെന്ന് ദേഷ്യം വരും. എഴുതുന്നതിൽ തെറ്റ് വരുന്നു, കണക്ക് വഴങ്ങുന്നില്ല. അങ്ങനെയുള്ള പഠനസംബന്ധമായ തകരാറുകൾ വേറെയും. 

വിശദമായി പരിശോധിച്ചപ്പോഴാണ് ആ കുട്ടിക്ക് എ.ഡി.എച്ച്.ഡി. ഉണ്ടെന്ന് മനസ്സിലായത്. തലച്ചോറിന്റെ മുൻഭാ​ഗത്തുള്ള ഫ്രോണ്ടൽ ലോബ് എന്ന ഭാ​ഗത്തുള്ള ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അളവ് കുറയുന്നതിനാൽ തലച്ചോറിന്റെ ഇടത്- വലത് അർധ​ഗോളങ്ങൾ തമ്മിലുള്ള എകോപനം ഇല്ലായ്മയാണ് ഇതിന്റെ കാരണങ്ങൾ. ഇതോടൊപ്പം ആ കുട്ടിക്ക് പഠന വെെകല്യങ്ങൾ അഥവാ ലേണിങ് ഡിസോർഡർ കൂടി ഉണ്ടായിരുന്നു. ബു​ദ്ധി നോർമൽ ആയിരുന്നെങ്കിലും എഴുത്ത്, വായന, കണക്ക് എന്നീ മേഖലയിൽ പ്രശ്നങ്ങൾ ഉള്ള  അവസ്ഥയിലായിരുന്നു. ​

ഗണിതവെെകല്യമായിരുന്നു പ്രധാനം. കണക്ക് ഒട്ടും വഴങ്ങാത്ത അവസ്ഥയായിരുന്നു. സാധാരണയുള്ള കൂട്ടലും കുറയ്ക്കലുമൊന്നും അവന് ശരിക്ക് സാധിക്കുന്നില്ലായിരുന്നു. 

അങ്ങനെ ചികിത്സ ആരംഭിച്ചു. ചികിത്സ ആരംഭിക്കുന്ന സമയത്ത് മാതാപിതാക്കൾക്ക് പോലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. സ്കൂളിലെ അധ്യാപകർ പറഞ്ഞത് പ്രകാരമാണ് അവർ ചികിത്സയ്ക്ക് തയ്യാറായി വന്നത് എങ്കിലും ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് ഇത് എന്ന ഒരു ധാരണയും അവർക്ക് ഉണ്ടായിരുന്നില്ല. ഇത് അവൻ മനപ്പൂർവം കാണിക്കുന്നതാണ്, പഠിക്കാതിരിക്കാനാണ് എന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം. വിദ്യാസമ്പന്നരായ മാതാപിതാക്കളായിരുന്നിട്ടും ഇക്കാര്യത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ എന്നെ അദ്ഭുതപ്പെടുത്തി. ചികിത്സയിലൂടെ ഇത് പരിഹരിക്കാം എന്ന് പറഞ്ഞപ്പോഴും അവർക്ക് ഒട്ടും വിശ്വാസമില്ലാത്ത പോലെയായിരുന്നു. 

ഓരോ തവണ എന്റെ അടുത്ത് എത്തുമ്പോഴും കുട്ടിയെക്കുറിച്ച് നൂറ് നൂറ് പരാതികളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. കുട്ടിയുടെ മുൻപിൽ വെച്ചുതന്നെയാണ് അവനെക്കുറിച്ചുള്ള പരാതികൾ പറഞ്ഞിരുന്നത്. ഇവനെക്കൊണ്ട് ഞങ്ങൾ സഹികെട്ടു, ഇങ്ങനെയൊരുത്തൻ എനിക്ക് ജനിച്ചുപോയല്ലോ എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ആയിരുന്നു അവന്റെ അമ്മയിൽ നിന്നും ഉണ്ടായിരുന്നത്.  കുടുംബത്തിൽ മറ്റ് കുട്ടികൾക്കൊന്നും ഇല്ലാത്ത ഒരു പ്രശ്നം തന്റെ കുട്ടിക്ക് ഉണ്ട് എന്നത് അവരുടെ അഭിമാനത്തിന് വലിയ ക്ഷതം ഏൽപിച്ച കാര്യമാണ് എന്നെനിക്ക് മനസ്സിലായി. 

അങ്ങനെ ഞാൻ അവനോട് ഒറ്റയ്ക്ക് സംസാരിച്ചു. കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പരാതി വീട്ടുകാർ അവനെ ഒട്ടും വിശ്വസിക്കുന്നില്ല, പരി​ഗണിക്കുന്നില്ല എന്നാണ്. ‍'ഞാൻ ഇതെല്ലാം മനപ്പൂർവം ചെയ്യുന്നതാണ് എന്നാണ് എന്റെ മാതാപിതാക്കൾ പറയുന്നത്.  പക്ഷേ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ എനിക്ക് സാധിക്കുന്നില്ല, ഒന്നും ശരിയാവുന്നില്ല, ഞാൻ എന്തുചെയ്യും' എന്നുമാണ് അവൻ പറഞ്ഞത്. അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. 

ആരും അവനെ വിശ്വസിക്കുന്നില്ല. അവന്റെ പ്രയാസങ്ങൾ മനസ്സിലാക്കുന്നില്ല എന്നതു തന്നെയായിരുന്നു അവന്റെ ഏറ്റവും പ്രധാന വിഷമം. ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്ന ഒരു കുട്ടിയ്ക്ക് ആരെങ്കിലും അവനെ മനസ്സിലാക്കുന്നുണ്ട് എന്ന് തോന്നിയാൽ അവൻ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ അവന് ആ ആത്മവിശ്വാസം പകർന്നുകൊടുക്കാൻ ഞാൻ തീരുമാനിച്ചു. 

ജീവിതത്തിൽ ഒട്ടേറെ തൊഴിൽ മേഖലകൾ ഉണ്ടെന്നും ഏത് മേഖലയിൽ പോയാലും അവിടെ വെെദ​ഗ്ധ്യം തെളിയിച്ചാൽ മതി അവിടെ നിലനിൽക്കാൻ എന്നും  അവനെ മനസ്സിലാക്കിക്കൊടുത്തു. കണക്കിൽ മോശമായി പഠിത്തത്തിൽ പിന്നോക്കം പോയ പലരും പിന്നീട് പല മേഖലകളിലും ഉയർന്ന നിലകളിൽ എത്തിയ കഥകൾ അവന് പറഞ്ഞുകൊടുത്തു. കണക്ക് ഒട്ടും വഴങ്ങുന്നില്ലെങ്കിൽ പത്താംക്ലാസ് കഴിഞ്ഞ് കണക്ക് ഉപേക്ഷിച്ചുകൊണ്ട് മറ്റ് വിഷയങ്ങൾ പഠിക്കുന്ന സ്ട്രീമുകളിലേക്കും പോകാം എന്നും അവനെ ബോധ്യപ്പെടുത്തി. 

പക്ഷേ, വീട്ടിൽ അച്ഛനും അമ്മയും എൻജിനീയർമാർ ആയതുകൊണ്ടും അവർ കണക്കിൽ വിദ​ഗ്ധർ ആയതുകൊണ്ടും കണക്ക് ഉപേക്ഷിക്കുക എന്നത് അവർക്ക് ചിന്തിക്കാൻ പോലും ആകാത്ത കാര്യമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ് കണക്കില്ലാത്ത ഒരു സ്ട്രീം പഠിക്കുകയോ എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു മാതാപിതാക്കൾക്ക്. 

കാര്യങ്ങൾ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ വളരെയധികം പ്രയാസപ്പെടേണ്ടി വന്നു. മരുന്നുകൾ കഴിക്കുന്നതിനെക്കുറിച്ചും അവർക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നു. മരുന്ന് കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നു തുടങ്ങി നൂറുകണക്കിന് സംശയങ്ങൾ അവർക്കുണ്ടായിരുന്നു. പേടിക്കേണ്ടതില്ലെന്നും  എ.ഡി.എച്ച്.ഡി.യുടെ ചികിത്സയ്ക്ക് ഉള്ള മരുന്നുകൾ പാർശ്വഫലങ്ങൾ വളരെ കുറവുള്ളതാണെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ അവർ ചികിത്സയ്ക്ക് തയ്യാറായി. 

ചികിത്സ തുടങ്ങി രണ്ടാഴ്ചയായപ്പോൾ തന്നെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. അവന്റെ വികൃതിയും എടുത്തുചാട്ട സ്വഭാവവുമൊക്കെ കുറഞ്ഞു. ​ദേഷ്യം കുറഞ്ഞു. അവൻ ശ്രദ്ധിച്ചിരുന്നു പഠിക്കാൻ തുടങ്ങി. അഞ്ചുമിനിറ്റ് പോലും ശ്രദ്ധിച്ചിരുന്ന് പഠിക്കാൻ കഴിയാതിരുന്ന അവൻ അരമണിക്കൂറൊക്കെ ഏകാ​ഗ്രതയോടെ ഇരുന്ന് പഠിക്കാൻ തുടങ്ങി. പക്ഷേ, എങ്കിലും കണക്കിലുള്ള ബുദ്ധിമുട്ട് തുടർന്നുകൊണ്ടേയിരുന്നു. അമ്മയുടെ ഏറ്റവും വലിയ പരാതിയായി അതുതന്നെ തുടരുകയായിരുന്നു. കണക്ക് ഒട്ടും ശരിയാകുന്നില്ല. 

പഠനവെെകല്യം മരുന്നുകൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന ഒരു സം​ഗതിയല്ല. അതിന് 
പ്രശ്നപരിഹാര വിദ്യാഭ്യാസം അല്ലെങ്കിൽ  റെമഡിയൽ എജ്യുക്കേഷൻ എന്നൊരു പരിശീലന രീതിയാണ് ഉപയോ​ഗിക്കേണ്ടത്. വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണിത്. ചികിത്സിക്കുന്ന വ്യക്തിയ്ക്കും ഒരുപാട് സമയം ചെലവിടേണ്ട കാര്യമാണ്. പ്രശ്നപരിഹാര വിദ്യാഭ്യാസത്തിന്റെ രീതികൾ കുട്ടിക്ക് പറഞ്ഞുകൊടുത്തു. ആ രീതിയിൽ അവനെ പഠിപ്പിക്കാൻ മാതാപിതാക്കൾക്കും നിർദേശം നൽകി. അപ്പോഴും, ഇതുകൊണ്ടൊക്കെ എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന് തന്നെയായിരുന്നു മാതാപിതാക്കളുടെ ചോദ്യം. 

ഓരോ പ്രാവശ്യവും ആ കുട്ടി വരുമ്പോഴും അവന്റെ പെരുമാറ്റത്തിലും പഠനത്തിലും പുരോ​ഗതിയുണ്ടെന്ന് അവൻ തന്നെ പറയുന്നുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കൾ സംതൃപ്തരായിരുന്നില്ല. കണക്കിന് എല്ലാ പരീക്ഷകളിലും തോറ്റുകൊണ്ടിരുന്ന ആ കുട്ടി ആ വർഷത്തെ ക്രിസ്മസ് പരീക്ഷയിൽ ജീവിതത്തിൽ ആദ്യമായി എന്ന് വേണമെങ്കിൽ പറയാം, കണക്കിന് ജയിച്ചു. പക്ഷേ, എന്നിട്ടും മാതാപിതാക്കൾ ഒട്ടും തൃപ്തരായില്ല. കണക്കിന് നൂറിൽ 57 മാർക്ക് മാത്രമേ കിട്ടിയുള്ളൂ, അവന്റെ അതേ പ്രായമുള്ള കസിൻ നൂറിൽ 98 വാങ്ങി എന്നൊക്കെയായിരുന്നു അമ്മയുടെ പരാതി. 

ഈ താരതമ്യങ്ങൾ കുട്ടികളുടെ മാനസികാരോ​ഗ്യത്തെ സാരമായി ബാധിക്കും എന്നൊരു സാഹചര്യമായിരുന്നു. കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യരുത് എന്ന് ആ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഒരുപാട് സമയമെടുത്തു. കണക്ക് ആവശ്യമില്ലാത്ത പല തൊഴിൽ മേഖലകളും ഉണ്ടെന്നും അവിടെയൊക്കെ വെെദ​ഗ്ധ്യം തെളിയിക്കാൻ അവനെക്കൊണ്ടാകുമെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നു.  കുടുംബത്തിലുള്ള മറ്റ് കുട്ടികളുമായി ഒരു കാരണവശാലും നമ്മുടെ കുട്ടികളെ താരതമ്യപ്പെടുത്തരുത്, അവന്റെ ആത്മവിശ്വാസം തകർക്കരുത് എന്ന് കുട്ടിയുടെ മുൻപിൽ വെച്ചുതന്നെ അവരെ ബോധ്യപ്പെടുത്തേണ്ടി വന്നു. 

പതിയെ പതിയെ മാതാപിതാക്കൾ ഈ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായി. പത്താംക്ലാസിലെ അവസാന പരീക്ഷയ്ക്ക് 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി അവൻ ജയിച്ചു. ഏറ്റവും ബുദ്ധിമുട്ടായിരുന്ന കണക്കിലും അവൻ നൂറിൽ 75 മാർക്ക് വാങ്ങി. 

പ്ലസ് വൺ പ്രവേശനത്തിന്റെ സമയമായപ്പോൾ വീണ്ടും പ്രശ്നമായി. കണക്ക് ഉള്ള സ്ട്രീമിൽ മാത്രമേ അവനെ പഠിപ്പിക്കൂ എന്ന് അവന്റ് മാതാപിതാക്കൾക്ക് വലിയ വാശിയായി. കണക്കറിയാതെ ഇവൻ എങ്ങനെ ജീവിക്കും സാർ എന്നായിരുന്നു അവരുടെ ചോദ്യം. ഞാൻ അപ്പോൾ വളരെ വ്യക്തമായി അവരോട് കാര്യങ്ങൾ പറഞ്ഞു. കണക്കിന് വളരെ പ്രയാസം അനുഭവിക്കുന്ന ഈ കുട്ടി ഹയർ സെക്കണ്ടറി തലത്തിൽ കണക്ക് പഠിക്കേണ്ടി വന്നാൽ കാൽക്കുലസ് പോലെയുള്ള സങ്കീർണമായ ​ഗണിതക്രിയകൾ പഠിക്കേണ്ടി വരും. ഒരു പക്ഷേ, അവന് ഉൾക്കൊള്ളാൻ കഴിയാതെ വരും. അതുകൊണ്ട് കണക്ക് ഒഴിവാക്കിക്കൊണ്ടുള്ള സ്ട്രീമുകളാണ് അവന് നല്ലത് എന്ന് ഞാൻ നിർദേശിച്ചു. 

അവന് പഠിക്കാൻ ഇഷ്ടമുണ്ടായിരുന്ന വിഷയങ്ങൾ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെയായിരുന്നു. ഹ്യുമാനിറ്റിസ് സ്ട്രീം എടുത്ത് പ്ലസ് വണ്ണിന് പോകാനായിരുന്നു അവന് ഞാൻ നിർദേശം നൽകിയത്. മാതാപിതാക്കൾ കണക്ക് ഉള്ള സ്ട്രീമിനാണ് അപേക്ഷ നൽകിയതെങ്കിലും ആ സ്കൂളുകളിൽ ഒന്നും അത് ലഭിക്കാത്തതിനാൽ അവനെ ഹ്യുമാനിറ്റിസിൽ ചേർത്തു. 

മൊത്തം 18 മാസക്കാലം അവന്റെ ചികിത്സ നീണ്ടു. ഈ കാലം കൊണ്ട് അവന്റെ ശ്രദ്ധക്കുറവും എടുത്തുചാട്ടവും പിരുപിരുപ്പും എല്ലാം പൂർണമായും മാറി. പഠനത്തിൽ നല്ല രീതിയിലുള്ള പ്രകടനം അവൻ കാഴ്ച വയ്ക്കാൻ തുടങ്ങി. പരീക്ഷകൾക്ക് നല്ല മാർക്ക് കിട്ടാൻ തുടങ്ങി. ചികിത്സയ്ക്കൊടുവിൽ മരുന്ന് പൂർണമായും നിർത്തുകയും ചെയ്തു. 

ശ്രദ്ധയും ഏകാ​ഗ്രതയും കൂട്ടാനും പഠനം മെച്ചപ്പെടുത്താനുമുള്ള മനശ്ശാസ്ത്ര ചികിത്സകളും മരുന്നുകൾക്കൊപ്പം നൽകിയിരുന്നതു കൊണ്ട് അവൻ നല്ല പുരോ​ഗതിയിലേക്കെത്തുകയും മരുന്ന് നിർത്തിക്കഴിഞ്ഞും ആ പുരോ​ഗതി തുടരുകയും ചെയ്തു. പ്ലസ്ടുവിന് നല്ല മാർക്കോട് കൂടി അവൻ പാസ്സായി. അപ്പോൾ ഏത് കോഴ്സിന് ഇനി പോകണം എന്നൊരു ആശങ്കയുമായി വീട്ടുകാർ എന്നെ വീണ്ടും സമീപിക്കുകയുണ്ടായി. 

ഒരുപാട് സുഹൃത്തുക്കൾ ഉള്ള, നല്ല ആശയവിനിമയ ശേഷിയുള്ള ഒരു കൗമാരക്കാരനായി മാറി അപ്പോഴേക്കും അവൻ. മറ്റുള്ളവർക്ക് മുൻപിൽ അവർക്ക് മുഖം കൊടുക്കാനാവാത്ത വിധം ലജ്ജാശീലനായിരുന്ന ആ കുട്ടി ആശയവിനിമയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തതുകൊണ്ട് തന്നെ ആളുകളോടെ നല്ലരീതിയിൽ ഇടപെടാൻ തുടങ്ങി. അതിനനുള്ള ആത്മവിശ്വാസമുണ്ടായി. അവനെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്ന മാതാപിതാക്കൾ അത് നിർത്തിയതുകൊണ്ട് അവന് ആത്മവിശ്വാസം വർധിപ്പിക്കാനുമായി. 

ഇനി ഏത് കോഴ്സിന് ചേരണം എന്ന ചോദ്യവുമായി അവരെത്തിയപ്പോൾ ഞാൻ അവന് നിർദേശിച്ചത് ബി.ബി.എ. കോഴ്സ് ആണ്. കണക്കിന്റെ സാന്നിധ്യം അധികം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഇല്ല, അവന് സമാധാനത്തോടെ പഠിക്കാനാവുന്ന സിലബസ് ആണ് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഈ കോഴ്സ് ആയിരിക്കും അവന് ഉചിതം എന്ന് ഞാൻ പറഞ്ഞു. നല്ല രീതിയിൽ ആളുകളോട് ഇടപഴകാനും ടീംവർക്കിൽ നേതൃസ്ഥാനത്ത് നിൽക്കാനും അവന് കഴിയുന്ന അവസ്ഥ ഈ കാലയളവിനുള്ളിൽ കെെവരിച്ചിരുന്നു. മികച്ച നേതൃ​ഗുണമുള്ള കുട്ടിക്കുള്ള സ്കൂളിലെ ഒരു പുരസ്ക്കാരം അവന് കിട്ടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അവന്റെ ശേഷികൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ കോഴ്സ് ഞാൻ നിർദേശിച്ചത്. ഇക്കാര്യത്തിലും വീട്ടുകാർക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും അധികം ബുദ്ധിമുട്ടാതെ തന്നെ സമ്മതിച്ചു. അങ്ങനെ അവൻ ബി.ബി.എയ്ക്ക് ചേർന്നു. പിന്നീട് കുറേനാളത്തേക്ക് അവന്റെ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഒരിക്കൽ വഴിയിൽ എവിടെയോ വെച്ച് കുടുംബത്തോടൊപ്പം അവനെ കണ്ടു. അവൻ നന്നായി പഠിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. 

അഞ്ച് വർഷത്തിന് ശേഷം 2019 ലാണ് പിന്നീട് അവനെ കണ്ടത്. അതൊരു ഡോക്ടേഴ്സ് ദിനത്തിലായിരുന്നു- ജൂലായ് ഒന്ന്. അവൻ എന്റെ വീട്ടിലേക്ക് വന്നു. അവന്റെ കെെയിൽ ഒരു കവർ ഉണ്ടായിരുന്നു. ആ കവർ അവൻ എനിക്ക് നീട്ടി. ഞാൻ തുറന്നുനോക്കി.  പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിൽ മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ അവന് ജോലി ലഭിച്ചുകൊണ്ടുള്ള ഒരു അപ്പോയിന്റ്മെന്റ് ഓർഡർ ആയിരുന്നു ആ കവറിൽ ഉണ്ടായിരുന്നത്. ആ കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുന്നതിന് മുൻപായി എന്നെ കാണാൻ വന്നതാണ്. ബി.ബി.എയ്ക്ക് ശേഷം ഇന്ത്യയിലെ പ്രമുഖമായ ഒരു സ്ഥാപനത്തിൽ നിന്നും എം.ബി.എയും അവൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അവിടെ നിന്നുള്ള ക്യാമ്പസ് സെലക്ഷന്റെ ഭാ​ഗമായിട്ടാണ് അവന് ഈ ജോലി കിട്ടിയത്. 

അവന്റെ ഒപ്പം പത്താംക്ലാസിൽ പഠിച്ചിരുന്ന, അവനെ കളിയാക്കിയിരുന്ന പലരും പത്തിനും പ്ലസ്ടുവിനും ശേഷം എൻജിനീയറിങ്ങിന് പോയി ജോലി കിട്ടാതിരിക്കുകയും ഒട്ടും തൃപ്തികരമല്ലാത്ത ജോലി ചെയ്യുകയും ചെയ്യുമ്പോൾ കളിയാക്കൽ നേരിട്ടിരുന്ന ഈ പയ്യൻ അവന് ഇഷ്ടപ്പെട്ട ജോലി നേടി നല്ല രീതിയിൽ ഉയർന്നുവന്നിരിക്കുന്നു. 

അവന് ജോലി കിട്ടിയപ്പോൾ എന്നെ ഓർത്ത് ഒരു ഡോക്ടേഴ്സ് ദിനത്തിൽ തന്നെ അവൻ എന്നെ കാണാൻ വന്നു എന്നത് എനിക്കേറെ സന്തോഷം നൽകി. അവൻ എന്നോട് പറഞ്ഞത് ഇതായിരുന്നു- ലോകത്തിൽ ആരും എന്നെ വിശ്വസിക്കാതിരുന്ന കാലത്ത്, മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളുമൊക്കെ ഞാൻ ഒരു കോമാളിയാണെന്ന് പറയുകയും അത്തരത്തിൽ എന്നോട് പെരുമാറുകയും ചെയ്യുന്ന കാലത്ത്, എന്നെ വിശ്വസിച്ച ഒരേയൊരു വ്യക്തിയേ ലോകത്തുണ്ടായിരുന്നുള്ളു. അത് ഡോക്ടറാണ്. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ഡോക്ടർക്കാണ്. അതിനാൽ തന്നെ ജോലി കിട്ടിയ കാര്യം ആദ്യം അറിയിക്കേണ്ടത് ഡോക്ടറെയാണ് എന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ വന്നത്. എന്റെ ജീവിതം മികച്ചതാക്കിയതിൽ നന്ദി എന്ന് പറഞ്ഞുകൊണ്ട് അത് കുറിക്കുന്ന വാക്കുകൾ എഴുതി  അവൻ‍ തന്നെ ഡിസെെൻ ചെയ്ത വളരെ മനോഹരമായ കാർഡ്  എനിക്ക് സമ്മാനിച്ചു. 

വളരെ സന്തോഷം തോന്നിയ ഒരു മുഹൂർത്തമായിരുന്നു അത്. ലോകത്ത് ആരും വിശ്വസിക്കാത്ത അവസ്ഥയിലായിരുന്നു ആ കുട്ടിയുടെ ജീവിതം. ഒരുപക്ഷേ, അത്തരത്തിലുള്ള അവസ്ഥയിൽ മുന്നോട്ട് പോയിരുന്നെങ്കിൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ ലഹരിക്കോ മറ്റോ അടിമയായി അവന്റെ ജീവിതം നശിച്ചേനെ. അവന്റെ ജീവിതത്തിന് ഒരു മാറ്റമുണ്ടാക്കാനുള്ള ഒരു ചാലകശക്തിയായി മാറാൻ എനിക്ക് സാധിച്ചു എന്ന സന്തോഷമുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിത്. 

അവനുമായി ഇപ്പോഴും സൗഹൃദമുണ്ട്. ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിനുള്ളിൽ തന്നെ മാനേജർ പോസ്റ്റ് നേടാൻ അവന് സാധിച്ചു. ഇപ്പോൾ കോവിഡ് കാലത്തും അവൻ വർക്ക് ഫ്രം ഹോം ആയി നന്നായി ജോലി ചെയ്യുന്നു. കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിലും അവൻ എന്നെ വിളിച്ചിരുന്നു. ഈ വർഷത്തെ ഡോക്ടേഴ്സ് ദിനത്തിലും അവന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാൻ. 

(തിരുവനന്തപുരം ​ഗവ.മെഡിക്കൽ കോളേജിലെ സെെക്യാട്രി വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)

തയ്യാറാക്കിയത്:
അനു സോളമൻ 

Content Highlights:  National Doctor's Day 2021, Dr. Arun B. Nair shares his treatment experience, Health