പൊന്നാനി: കുറ്റിക്കാട്ടെ വെങ്ങാലിൽ വീട്ടിൽ കുടുംബമേളയുണ്ടായാൽ അവിടം ഒരു ആശുപത്രിപോലെയാണ്. എങ്ങോട്ടുതിരിഞ്ഞാലും ഡോക്ടർമാർ. മക്കളും മരുമക്കളും പേരമക്കളുമടക്കം 11 ഡോക്ടർമാരുള്ള കുടുംബമാണിത്.

പരേതനായ അച്ചു ചെട്ട്യാരുടെയും ഭാര്യ മാധവിയുടെയും വീടാണ് വെങ്ങാലിൽ. പതിനൊന്നു മക്കളുള്ള അച്ചു ചെട്ട്യാർക്കും ഭാര്യക്കും മക്കളിൽ ഒരാളെയെങ്കിലും ഡോക്ടറാക്കണമെന്നുള്ള മോഹമുദിച്ചു. അങ്ങനെയാണ് മൂന്നാമത്തെ മകൻ ഗംഗാധാരനെ എം.ബി.ബി.എസ്. പഠിപ്പിക്കുന്നത്.

1964-ൽ എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഗംഗാധരൻ ഇപ്പോഴും ചേർത്തലയിൽ ശിശുരോഗവിദഗ്ധനായി ജോലിചെയ്യുന്നു.

ഗംഗാധരന്റെ മകൻ ഡോ. സലീൽ ലണ്ടനിലും മകൾ ഡോ. സീന ബംഗളൂരു നിംഹാൻസിലും സീനയുടെ ഭർത്താവ് ഡോ. മനോജ്‌ അമൃത ഹോസ്‌പിറ്റലിലുമാണ് പ്രവർത്തിക്കുന്നത്.

doctors

അച്ചു ചെട്ട്യാരുടെ മറ്റൊരു മകൻ സേതുമാധവൻ പാലക്കാട് ജില്ലയിൽ കൂറ്റനാട് ശിശുരോഗവിദഗ്ധനാണ്. സേതുമാധവന്റെ മകൾ അഡ്വ. ഷാൻസിയുടെ ഭർത്താവ് നന്ദകുമാർ പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ ഡോക്ടറാണ്.

അച്ചു ചെട്ട്യാരുടെ പരേതനായ മകൻ ബാലകൃഷ്ണ ചെട്ട്യാരുടെ മകൾ ഡോ. സത്യഭാമ വടകരയിൽ പ്രാക്‌ടീസ്ചെയ്യുന്നു. സത്യഭാമയുടെ മകൾ ശ്രീലക്ഷ്മി എം.ബി.ബി.എസ്. പഠനംപൂർത്തിയാക്കിക്കഴിഞ്ഞു.

സഹോദരി ശ്രീദേവി ബെംഗളൂരുവിൽ എം.ഡി.ക്ക്‌ പഠിക്കുന്നു. ശ്രീലക്ഷ്മിയുടെ ഭർത്താവ് ശ്യാം എയിംസിൽ പി.ജി.ക്ക് പഠിച്ചുകൊണ്ടിരിക്കുന്നു. അച്ചു ചെട്ട്യാരുടെ മകളുടെ മകൻ ശ്രീനിവാസന്റെയും ഒളിമ്പ്യൻ പി.ടി. ഉഷയുടെയും മകൻ വിഘ്‌നേഷ് വി. ഉജ്ജ്വലും ഡോക്ടറാണ്.

പി.ടി. ഉഷയുടെ വടകരയിലുള്ള ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്സിൽ സ്‌പോർട്സ് മെഡിസിൻ ഡോക്ടറായി വിഘ്‌നേഷ് സേവനമനുഷ്ഠിക്കുന്നു.

കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്തുവരുന്ന ഇവരെല്ലാം അപൂർവമായി മാത്രമേ കണ്ടുമുട്ടാറുള്ളൂ. വെങ്ങാലിൽ തറവാട്ടിൽ വിവാഹങ്ങളോ മറ്റു വിശേഷങ്ങളോ ഉണ്ടെങ്കിൽ പതിനൊന്നു ഡോക്ടർമാരടക്കം എല്ലാ കുടുംബാംഗങ്ങളും ഒത്തുകൂടും.

Content Highlights: National Doctor's Day 2021, Doctor Family, Health