ഭിനന്ദന എന്ന ആറുവയസ്സുകാരി അന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. കുടിക്കാൻ കൊടുത്ത വെള്ളം കുടിച്ചു. എന്താണ് സംഭവിച്ചത് എന്ന് പോലും അറിഞ്ഞിട്ടില്ല. മൂന്ന് ദിവസമായി കുട്ടി വെന്റിലേറ്ററിൽ ആയിരുന്നു. ആശുപത്രിയിലെ ഒരുപാടു ഡോക്ടർമാരുടെയും നഴ്‌സ്മാരുടെയും ഉറക്കമില്ലാത്ത പരിചരണത്തോടൊപ്പം ഒരു നാടിൻറെ മുഴുവൻ പ്രാർത്ഥനയും ആ ഓണ തലേന്ന് സഫലമാവുകയായിരുന്നു.  മനസ്സിൽ ഒരുപാടു ചാരിതാർഥ്യം തോന്നിയ നിമിഷം.

2019 സെപ്റ്റംബർ മാസം. നല്ലൊരു ഓണക്കാലത്തെ വരവേൽക്കാനായി തയ്യാറായികൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ്, തീർത്തും ആക്‌സ്മികമായി മേലാർകോട് കവലോട് ലക്ഷ്മണന്റെ മകളും ചിറ്റിലഞ്ചേരി പികെഎംഎ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ അഭിനന്ദനയുടെ ജീവിതത്തിൽ ഒരപകടം സംഭവിക്കുന്നത്. സെപ്റ്റംബർ ആറിന് രാവിലെ ഒമ്പതുമണിയോടെ സ്കൂളിലേക്ക് പോകുംവഴിയാണ് അഭിനന്ദനയെ  തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ഒരു വാൻ ഇടിച്ചത്. കുട്ടി ബസിൽ കയറിയപ്പോൾ രണ്ടാം ക്ലാസുകാർക്ക് ഇന്ന് ക്ലാസ്സില്ലെന്ന് പറഞ്ഞതോടെ ബസ്സിൽ നിന്ന് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് പോകുന്നതിനിടയിലാണ് അഭിനന്ദനയെ വാൻ ഇടിക്കുകയും വയറിലൂടെ വാൻ കയറിയിറങ്ങുകയും  ചെയ്തത്. കുട്ടിയുടെ ആന്തരീകാവയവങ്ങൾ എല്ലാം തന്നെ വിണ്ടുകീറി അതീവ ഗുരുതരാവസ്ഥയിലായിരുന്നു നെമ്മാറ അവൈറ്റിസ് ആശുപത്രിയിലെത്തിച്ചത്. നെഞ്ചിൻകൂടിനെയും വയറിനെയും വേർതിരിക്കുന്ന പാളിയായ ഡയഫ്രം തകർന്ന് കുടലും മറ്റു അവയവങ്ങളെല്ലാം തന്നെ നെഞ്ചിന്റെ ഇടതുഭാഗത്തേക്ക് എത്തി.
 
എന്നെക്കൂടാതെ, അനസ്തേഷ്യോളജിസ്റ്റുകളായ മറ്റു ഡോക്ടർമാരുടെയും  നേതൃത്വത്തിൽ അഭിനന്ദനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്ലീഹ അഥവാ സ്പ്ലീൻ, കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെല്ലാം മുറിയുകയും ഇടുപ്പെല്ല് പൊട്ടുകയും ചെയ്തിരുന്നു. ആന്തരീക രക്തസ്രാവം മൂലം ഹീമോഗ്ലോബിൻ കുറഞ്ഞു 4 ൽ എത്തിയതും ശസ്ത്രക്രിയയുടെ മറ്റൊരു വെല്ലുവിളി കൂടി ആയിരുന്നു. ആന്തരികാവയവങ്ങൾക്കെല്ലാംതന്നെ പരിക്ക് ഉള്ളതിനാൽ എമർജൻസി മെഡിസിൻ,  റേഡിയോളജി, ഇന്റെൻസീവ് കെയർ യൂണിറ്റ്, അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ്,  കാർഡിയോളജി, നെഫ്രോളജി, പൾമണോളജി, പീഡിയാട്രിക് തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ചികിത്സകൾ ആയിരുന്നു നടത്തിയത്. 

കുഞ്ഞു അഭിനന്ദന അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കണം എന്നുള്ളതായിരുന്നു ഞാനുൾപ്പെടെയുള്ള ഡോക്ടർമാരുടെ ആഗ്രഹം. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുദിവസം വെന്റിലേറ്ററിൽ ആയിരുന്ന അഭിനന്ദന കൃത്യം ഓണത്തിന് തലേന്ന് മുതൽ ആരോഗ്യനില വീണ്ടെടുക്കുകയും സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും തുടങ്ങി. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും സെപ്റ്റംബർ 14 ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

സാധാരണ ഇത്തരം അപകടങ്ങളിൽ രോഗി രക്ഷപ്പെടാറുള്ളത് അപൂർവമാണ്. ജീവൻ പൊലിഞ്ഞു പോയേക്കാവുന്ന സാഹചര്യത്തിൽ നിന്ന് മരണത്തെ മുഖാമുഖം കണ്ട് ദൈവത്തിന്റെ കയ്യൊപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന  രീതിയിൽ അഭിനന്ദന ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. സാങ്കേതികവിദ്യകൾക്കും വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം ദൈവത്തിന്റെ കയ്യൊപ്പ് കൂടി പതിഞ്ഞ അഭിനന്ദനയുടെ ഈ തിരിച്ചുവരവ് ഇന്നും  അത്ഭുതാർഹവും ആശ്ചര്യം ഉളവാക്കുന്നതുമാണ്.
ഒരു മനുഷ്യ ജീവൻ തിരിച്ചു നൽകുവാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടൊപ്പം എന്റെ ആതുരശുശ്രൂഷ അനുഭവത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അധ്യായമാണ് അഭിനന്ദന എന്ന കുട്ടിയുടേത്. നഷ്ടപ്പെട്ടുവെന്നു കരുതിയ മകളുടെ ജീവൻ തിരിച്ചു കിട്ടിയ ലക്ഷ്മണൻ എന്ന അച്ഛന്റെ ആനന്ദാശ്രു ഇന്നും എന്റെ ഓർമ്മയിലുണ്ട്. 

(നെൻമാറ അവൈറ്റിസ് ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടന്റും സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റുമാണ് ലേഖകൻ)

Content Highlights: National Doctor's Day 2021, An experience of a seriously injured child returning to life, Health