ഡോക്ടറുടെ ജീവിതം വിരസമല്ല. രോഗികളും അവരുടെ ബന്ധുക്കളും നിറയുന്ന ഒരു ലോകം. പ്രത്യേകിച്ചും കാന്‍സര്‍ ചികില്‍സകനായ അങ്ങയുടെ ലോകം. കരയുന്ന മുഖങ്ങള്‍ മാത്രം മുന്നില്‍. ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തതില്‍ ഇപ്പോള്‍ അങ്ങേയ്ക്ക് നിരാശയും സങ്കടവും തോന്നുന്നുണ്ടോ? ഇത് വേണ്ടായിരുന്നു എന്ന് ഒരു തോന്നല്‍...
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്റര്‍വ്യൂവിലെ അവസാനത്തെ ചോദ്യമാണിത് എന്നു പറഞ്ഞ് രമ്യ എന്നെ നോക്കി ചിരിച്ചു.

അതേ, ശരിയാണ് എന്ന ഉത്തരമാണ് രമ്യ പ്രതീക്ഷിച്ചിരുന്നത് എന്ന് തോന്നുന്നു.
ഇല്ല. ഒരിക്കലുമില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ഡോക്ടറായിത്തന്നെ ജനിക്കാനും ജീവിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ഒറ്റ ശ്വാസത്തില്‍ ഞാന്‍ ഉറച്ചു പറഞ്ഞു. എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനു വേണ്ടി കാത്തു നില്‍ക്കാതെ ഞാന്‍ തുടര്‍ന്നു- വാര്‍ഡില്‍ ഒരു കൊച്ചു മിടുക്കിയുണ്ട്. അവള്‍ക്ക് രക്താര്‍ബുദമാണ്. ഒരു മൂന്നുവയസ്സുകാരി. കെനിയക്കാരിയാണ്. കൂട്ടിനായി അമ്മയും അമ്മൂമ്മയും മാത്രം. തല ഭൂരിഭാഗവും മൊട്ടയാണെങ്കിലും മുന്‍ വശത്ത് കുറച്ചു മുടി ഒരു സ്പ്രിങ്ങ് കണക്കെ ചുരുട്ടിച്ചുരുട്ടി വെച്ചിരിക്കുന്നു. തീര്‍ത്തും അവശയായാണ് അവള്‍ ചികില്‍സയ്ക്ക് എന്റെ അടുത്തെത്തുന്നത്. ഇന്ന് അവള്‍ മിടുക്കിയായി വാര്‍ഡിലെങ്ങും ഓടി നടക്കുന്നു. നാലഞ്ചു മാസത്തെ ഹോസ്പിറ്റല്‍ ജീവിതത്തിനിടെ അവള്‍ എല്ലാവരുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. 'ഭാഷ അറിയാത്ത അവള്‍ ആംഗ്യഭാഷയിലൂടെ എല്ലാവരെയും പാട്ടിലാക്കി'.. ഏലിയാമ്മ സിസ്റ്ററിന്റെ വാക്കുകളാണിത്.
എന്നെ കാണേണ്ട താമസം അവള്‍ ഓടി അടുത്തെത്തും. അവളുടെ കൈ പിടിച്ച് കുലുക്കിയില്ലെങ്കില്‍ ആ മുഖം മങ്ങും. അവളുടെ സ്പ്രിങ്ങ്മുടിയില്‍ ഞാന്‍ സ്നേഹപൂര്‍വം തലോടും. അവളുടെ ആ മുഖത്ത് വിടരുന്ന ചിരിയുണ്ടല്ലോ... അതു മതി.. എനിക്ക് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല...

*****************************

ഡോക്ടര്‍ അങ്കിള്‍ ഐ ലവ് യൂ സോാാാാാാ മച്ച്. ആ സോാാാ യുടെ നീളത്തില്‍ അറിയാം ആ മനസ്സിലെ സ്നേഹം. ഒരു പിടി മിഠായിയുമായി ബാംഗ്ലൂരില്‍ നിന്നെത്തുന്ന ആറു വയസ്സുകാരന്‍ കൃഷ്ണയുടെ കുറിപ്പാണത്. അവന്‍ നീട്ടുന്ന മിഠായി വാങ്ങിയില്ലെങ്കില്‍ ആ മുഖം വാടും. കുറച്ചു നേരം മടിയില്‍ കയറിയിരുന്ന് സ്‌കൂളിലെ വിശേഷങ്ങള്‍ പറയും. മുഖത്തെ മങ്ങാത്ത ആ ചിരി കണ്ടാല്‍... അതെ. അതുമതി...

******************
കൃഷ്ണയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സിലേക്ക് മറ്റൊരു കൃഷ്ണ ഓടിയെത്തുന്നു. ഈ കൃഷ്ണ എട്ടു വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു. ഏകദേശം ഏഴു വര്‍ഷം മുമ്പ്. അസുഖം മൂലം ഇടയ്ക്കിടെ ഉണ്ടാകുന്ന ശ്വാസംമുട്ടല്‍ അവളെ ഇടയ്ക്കിടെ അലട്ടുമായിരുന്നു, ഭയപ്പെടുത്തുമായിരുന്നു. നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം. രാത്രി പത്തു മണിയായിക്കാണും. കൃഷ്ണയുടെ അമ്മയുടെ ഫോണ്‍കോളാണ് എന്നെ അവളുടെ അടുത്തെത്തിച്ചത്. ഞാന്‍ അവളുടെ അടുത്ത് കിടക്കയില്‍ ഇരുന്നു. പാതി ഉറക്കത്തില്‍ അവള്‍ എന്റെ മടിയിലേക്ക് ചാഞ്ഞു. നാലഞ്ചു മണിക്കൂറോണം അവള്‍ എന്റെ മടിയില്‍ കിടന്ന് ഉറങ്ങി. ഉറക്കത്തിലാണെങ്കിലും മടിയില്‍ നിന്ന് മാറ്റാനൊരുങ്ങിയാല്‍ അവള്‍ എതിര്‍ക്കും. ഇന്ന് അവള്‍ പതിനഞ്ചു വയസ്സു കഴിഞ്ഞ മിടുക്കിക്കുട്ടിയാണ്. രണ്ടും മാസം മുമ്പ് അവള്‍ അമ്മയുമൊത്തെ എന്നെ കാണാന്‍ വന്നിരുന്നു. എന്റെ മടിയില്‍ കിടന്നുറങ്ങിയ കഥ അമ്മയാണ് അവളോട് വിവരിച്ചത്. അച്ഛന്റെ മടിയിലാണ് എന്നു വിചാരിച്ചാണ് ഞാന്‍ കിടന്നുറങ്ങിയത് അമ്മേ... അവള്‍ എന്നെ നോക്കി ചിരിച്ചു.

*************************

പെരിന്തല്‍മണ്ണയില്‍ നിന്ന് പാര്‍വതിയാണ്- രണ്ടു ദിവസം മുമ്പ് വന്ന ഒരു ഫോണ്‍ കോള്‍. ഭയങ്കര ശരീരവേദനയാണ്, ഞാനൊരു എറ്റോഡി ഗുളിക കഴിച്ചോട്ടേ... ഒരു പ്രശ്നമുണ്ട്. മരുന്നിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ട് മൂന്ന് മാസമായി. കഴിച്ചോട്ടേ മോനേ... എനിക്ക് വയസ്സ് 90 കഴഞ്ഞില്ലേ... ഇനി എന്ത് എക്സ്പയറി... കോവിഡിന്റെ കാലമല്ലേ.. ഇന്നിപ്പോള്‍ മരുന്ന് കിട്ടാന്‍ ഒരു മാര്‍ഗവുമില്ല... കഴിച്ചോട്ടേ മോനേ.. ആ മരുന്ന് തന്നെ കഴിക്കാന്‍ ആഗ്രഹം പറഞ്ഞ് ആ അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. അത് കഴിച്ചാല്‍ പ്രത്യേക സുഖമാണത്രെ.

ഞാന്‍ ചിരിച്ചു. 90 കഴിഞ്ഞില്ലേ.. ഇനിയാണ് ഇത്തരം കാര്യങ്ങളൊക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പഴകിയ മരുന്ന് ഒരു കാരണവശാലും കഴിക്കരുത്. അമ്മയുടെ പക്കല്‍..... മരുന്ന് ഉണ്ടോ എന്നു നോക്കൂ. അവര്‍ കഴിക്കാറുള്ള കൂട്ടത്തിലെ മറ്റൊരു മരുന്ന് നിര്‍ദേശിച്ച ശേഷം ഞാന്‍ ഫോണ്‍ കട്ടു ചെയ്യാന്‍ തുടങ്ങിയതാണ്. ഡോക്ടറേ... ഡോക്ടര്‍ എനിക്ക് മോനെ പോലെയാണ്. ഈ കൊറോണക്കാലത്ത് പ്രത്യേകം സൂക്ഷിക്കണം. ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് മോന്റെ ആരോഗ്യത്തിനു വേണ്ടി.... ആ മുഖത്തെ ചിരി എനിക്കപ്പോള്‍ ഉള്ളില്‍ കാണാമായിരുന്നു.

ഞാന്‍ അവരുടേതും അവരെല്ലാം എന്റേതും എന്ന തോന്നല്‍ ഉണ്ടല്ലോ. അതു മതി ഒരു ഡോക്ടറുടെ ജീവിതം മുന്നോട്ടു നയിക്കാന്‍. ജീവിതത്തില്‍ ആരൊക്കെയോ കൂടെയുണ്ടെന്ന് ഒരു തോന്നല്‍. A sense of belongingness... തോന്നലല്ല അവരെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഞാന്‍ അവരുടെയും. അച്ഛനായും അമ്മയായും സഹോദരീ സഹോദരന്മാരായും മക്കളായും എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും കുറേ പേര്‍. പിന്നെയെങ്ങനെയാണ് ജീവിതം വിരസമാകുക!

മാസ്‌കില്‍ നിന്ന് വശങ്ങളിലൂടെ തൂവിയ പുഞ്ചിരിയുടെ തിളക്കം കൈമാറി രമ്യയെ യാത്രയാക്കുമ്പോള്‍ ഞാന്‍ പറഞ്ഞു- ഒരു ഡോക്ടറുടെ ഓരോ ദിവസവും ഡോക്ടേഴ്സ് ഡേ ആണ്. എന്നാലും ജൂലായ് ഒന്ന് ഒരു വിശേഷ ദിവസമാണ്. ഡോക്ടേഴ്സ് സ്പെഷ്യല്‍ ഡേ! ഈ ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്കും പ്രൊഫഷനല്‍ ഒപ്പം നില്‍ക്കുന്ന മറ്റെല്ലാ വിഭാഗം സുഹൃത്തുക്കള്‍ക്കും ഭാവുകങ്ങള്‍! നമ്മുടെ മുഴുവന്‍ സഹോദരങ്ങള്‍ക്കും കോവിഡ് പേടി ഇല്ലാത്ത നല്ലൊരു നാളെ ആശംസിക്കുന്നു.  

Content Highlights: National Doctor's Day 2020, Dr V P Gangadharan shares his Cancer Treatment experiences, Health