ധ്യാപനം, പരിശോധന, കുടുംബം, കഥകളി...ഇവ മൂന്നുമായി ഇഴചേര്‍ന്ന് കിടക്കുന്ന ജീവിതത്തിലൂടേയാണ് നാളിതുവരെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഡോക്ടര്‍ എന്ന നിലയിലുള്ള ജീവിതം ഏറ്റവും ആസ്വാദ്യകരമായ ഒന്നായിരുന്നു എനിക്ക്. കോഴിക്കോട് സാമൂതിരിപ്പാടായിരുന്ന പി. കെ. എസ് രാജയായിരുന്നു പിതാവ്. നിലമ്പൂര്‍ കോവിലകത്തെ ഭാരതി രാജ മാതാവും. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ചെറുപ്പം മുഴുവന്‍ എങ്കിലും ഇടയ്ക്ക് നാട്ടിലെത്തുമ്പോള്‍ കോവിലകവുമായി ബന്ധപ്പെട്ടുള്ള ഓര്‍മ്മകളോട് അല്‍പ്പം പ്രിയം കൂടുതലായിരിക്കും. 

തീരെ ചെറുപ്പത്തിലേ ഡോക്ടറാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് അച്ഛന്‍ പറയാറുണ്ട്. എങ്കിലും അറിവ് വെച്ച കാലം മുതല്‍ ആ ആഗ്രഹം തീവ്രമായി മനസ്സിനെ കീഴടക്കിയിരുന്നു. അങ്ങിനെയാണ് 1965 ല്‍ ചെന്നൈയിലെ കില്‍പോക്ക് മെഡിക്കല്‍ കോളേജില്‍ മെഡിസന് അഡ്മിഷന്‍ കിട്ടുന്നത്. 1971 ല്‍ പഠനം പൂര്‍ത്തിയാക്കി തുടര്‍ന്ന് നേരെ കോഴിക്കോട്ടേക്ക്. അന്നത്തെ കോഴിക്കോട് എനിക്ക് വലിയ കള്‍ച്ചറല്‍ ഷോക്ക് ആയിരുന്നു. പെണ്‍കുട്ടി എന്ന നിലയില്‍ സമൂഹത്തിലുള്ള നിയന്ത്രണങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ സാധിക്കുമായിരുന്നില്ല. അന്ന് കാര്‍ ഡ്രൈവ് ചെയ്യുന്ന സ്ത്രീകളെയൊക്കെ അത്ഭുതത്തോടെയാണ് കോഴിക്കോട്ടുകാര്‍ നോക്കിക്കണ്ടിരുന്നത്. ഒരു ദിവസം മകനെ വിളിക്കാന്‍ ഞാന്‍ കാറോടിച്ച് സ്‌കൂളില്‍ പോയിരുന്നു. അത് കണ്ട കുട്ടികളെല്ലാം അവനെ കളിയാക്കി. ഇനി അമ്മ സ്‌കൂളില്‍ വരരുത് എന്ന് പറഞ്ഞ് അവന്‍ വലിയ കരച്ചിലായിരുന്നു. ആ സാമൂഹിക അന്തരീക്ഷം പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ഇന്ന് അമ്മമാര്‍ കാറോടിക്കാതെ സ്‌കൂളില്‍ വന്നാല്‍ കുട്ടികള്‍ കരയുമെന്നതായിരിക്കുന്നു സ്ഥിതി.

എം.ബി.ബി.എസ്സിന് ശേഷം എന്ത് ചെയ്യണം എന്നതിനെ കുറിച്ച് രണ്ടാമതൊരു ചിന്തയുടെ ആവശ്യമുണ്ടായിരുന്നില്ല. പീഡിയാട്രിക്‌സ് തന്നെ തിരഞ്ഞെടുക്കണമെന്നത് അച്ഛന്റെ കൂടി ആഗ്രഹമായിരുന്നു. അതിന് പ്രത്യേകിച്ചൊരു കാരണവുമുണ്ട്. എന്റെ ജ്യേഷ്ഠസഹോദരി ചെറുപ്പത്തിലേ പോളിയോ ബാധിതയായിരുന്നു. ബോംബെയിലുണ്ടായിരുന്ന കാലത്താണ് അസുഖം തിരിച്ചറിഞ്ഞത്. എന്നാല്‍ അന്ന് ഫലപ്രദമായ ചികിത്സയോ ചികിത്സിക്കാനുള്ള പീഡിയാട്രിഷ്യന്മാരോ ഒന്നും ലഭ്യമായിരുന്നില്ല. അസുഖത്തിന്റെ തീവ്രതയില്‍ നിന്ന് ചേച്ചി ഒരു വിധം  രക്ഷനേടി പിന്നീട് വിവാഹിതയായി. എന്നാല്‍ അടുക്കളയില്‍ പാചകത്തിനിടെ പോളിയോയുടെ ഭാഗമായി അപസ്മാരം വരികയും തീപ്പൊള്ളലേറ്റ് അവര്‍ മരണപ്പെടുകയും ചെയ്തു. ഈ സംഭവമാണ് പീഡിയാട്രിക്‌സില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമത്തിലൂടെ രോഗികളുടെ ജീവന്‍ രക്ഷിച്ച എത്രയോ കഥകള്‍ പങ്കുവെക്കാനുണ്ട് എങ്കിലും ഓര്‍മ്മയില്‍ ആദ്യം വരുന്നത് മലപ്പുറത്തുനിന്നുള്ള കുട്ടിയുടെ മുഖമാണ്. അന്ന് ഡോ. ആസാദ് മൂപ്പന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയമാണ്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന അസുഖമാണ് ബാധിച്ചിരിക്കുന്നത്. ഡോ. ആസാദിന്റെ നാട്ടുകാരന്‍ കൂടിയായിരുന്നു കുട്ടി. അന്ന് വെന്റിലേറ്റര്‍ സംവിധാനമൊന്നുമില്ല. ട്യൂബിട്ട് ആംബുബാഗ് റസിസിറ്റ് ചെയ്യുകയായിരുന്നു അന്നത്തെ രീതി. തുടര്‍ച്ചയായി ചെയ്യേണ്ട പ്രക്രിയയാണിത്. ബന്ധുക്കളാണ് ഇത് ചെയ്യുക. ഡോ. ആസാദ് മൂപ്പനും ഞങ്ങളുമെല്ലാം ചേര്‍ന്ന് നാല് ദിവസം തുടര്‍ച്ചയായി റസിസിറ്റേറ്റ് ചെയ്തു. രക്ഷപ്പെടാന്‍ ഒട്ടും സാധ്യതയില്ലായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുകയും ചെയ്തു. രക്താര്‍ബുദത്തിന് ഇന്നത്തെ പോലെ ചികിത്സയൊന്നും ഇല്ലാതിരുന്ന കാലത്ത് ഈ അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കിയ ഒരു ഓട്ടോഡ്രൈവറുടെ മകളുടെ  കഥയും ഇഷ്ടപ്പെടുന്ന ഓര്‍മ്മയാണ്. അസുഖം പൂര്‍ണ്ണമായും ഭേദമായി വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായി മാറിയ അവര്‍ ഇപ്പോഴും ഇടയ്‌ക്കൊക്കെ എന്നെ കാണാന്‍ വരാറുണ്ട്.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്‍ പീഡിയാട്രിഷ്യനാണ് ലേഖിക)

Content Highlights:  National Doctor's Day 2020 Dr. Sudha Krishnanunni share her doctor profession experience