ഒന്ന്

റാഞ്ചിയില്‍ ജോലിയെടുക്കുന്ന കാലം. പെരുംതിരക്കുള്ളൊരു ഒ.പി. ദിവസത്തിന്റെ തുടക്കം. ഒരു യുവാവിന്റെ പേര് രണ്ടു മൂന്നാവര്‍ത്തി വിളിച്ച് ആരും വരുന്നതു കാണാഞ്ഞ് അടുത്തയാളിലേക്കു കടക്കാന്‍ തുടങ്ങുമ്പോള്‍, കൂനിത്തുടങ്ങിയ ഒരു വൃദ്ധ ആ ശരീരം അനുവദിക്കുന്നതിലും കവിഞ്ഞൊരു വേഗത്തില്‍ വന്ന് ബഹുമാനത്തോടെ പറഞ്ഞു: ''ഇത്രയും നേരം ഇവിടെത്തന്നെ നില്‍പുണ്ടായിരുന്നു. ഇപ്പൊ നോക്കുമ്പോള്‍ കാണുന്നില്ല. വല്ലയിടത്തേക്കും ഓടിപ്പോയോ എന്തോ?! ഞാനൊന്നു നോക്കിയേച്ചും വരാം.''

അവര്‍ കോണിപ്പടികളുടെ ഭാഗത്തേക്കു പാഞ്ഞു.

ഝാര്‍ഖണ്ഡിലെയോ ബീഹാറിലെയോ ഏതോ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളതെന്നു തോന്നിക്കുന്ന ഈ സ്ത്രീ, റാഞ്ചി പോലൊരു നഗരത്തില്‍ നിന്ന് മനോരോഗിയായ ഒരു മകനെ എങ്ങനെ കണ്ടുപിടിക്കാനാണ് എന്ന ചിന്ത മുഴുമിക്കുന്നതിനു മുന്നേതന്നെ ഞാന്‍ ഒ.പി.യുടെ തിരക്കിലേക്കാഴ്ന്നു.

വൈകിട്ട് അഞ്ചഞ്ചര മണിയോടെ അവരെ ഞാന്‍ വീണ്ടും കണ്ടു. ഒപ്പം, അത്രയും നേരത്തെ പരിശ്രമം കൊണ്ട് അവര്‍ വീണ്ടെടുത്ത ആ മകനെയും. പതിനഞ്ചോളം കൊല്ലമായിട്ട് അയാള്‍ക്ക് സ്‌കിസോഫ്രീനിയ ആയിരുന്നു. പകലിനൊപ്പം ഒ.പി.യിലെ തിരക്കും ഒഴിഞ്ഞു തുടങ്ങിയിരുന്നതിനാല്‍ എനിക്ക് കുറച്ചധികം സമയം അവരോടൊത്തു ചെലവിടാനായി. അന്ന് ആ സ്ത്രീ അവസാനമായി ചോദിച്ച ചോദ്യമുണ്ട്:

''എന്റെ മകന് ഈ രോഗം വന്നിട്ടേ ഇല്ലായിരുന്നെന്ന് ഡോക്ടര്‍ ചുമ്മാ ഒന്നു സങ്കല്‍പിച്ചു നോക്കിക്കേ. ഇപ്പൊ, ഈ വൈകുന്നേരത്ത്, മുറ്റത്ത് ഇവന്റെ കുട്ടികള്‍ കളിച്ചുനടക്കുന്നതും ഇവന്‍ ഇന്നത്തെ ജോലിയും കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളും മറ്റുമായി അങ്ങോട്ടു വരുന്നതുമെല്ലാം കണ്ട് വീട്ടുകോലായില്‍ ഇരിക്കുമായിരുന്നില്ലേ ഞാന്‍?!'

രണ്ട്
''ഞങ്ങള്‍ക്കൊക്കെ ഓര്‍മ വെച്ചു തുടങ്ങിയ അന്നു മുതല്‍ക്കേ അച്ഛനു വലിയ കോപമാണ്. ഏതു ചെറിയ കാര്യത്തിനും പൊട്ടിത്തെറിക്കും. സാധനങ്ങള്‍ വലിച്ചെറിയും. അമ്മയെയും ഞങ്ങളെയും ഉപദ്രവിക്കും.''

''ഇത്രയും കാലത്തിനിടയ്ക്ക് വേറെ ആരെയെങ്കിലും കാണിച്ചിട്ടുണ്ടോ?''

''ഇല്ല. അമ്മ എപ്പോഴും പറയും, ഇതിനൊക്കെ ചികിത്സിക്കാന്‍ പോയാല്‍ അച്ഛനു വിഷമമാകും, ഇതൊക്കെ നമ്മളങ്ങു സഹിച്ചാല്‍ മതീന്ന്.''

''എന്നിട്ട് ഇപ്പൊ എങ്ങനെയാ ഇവിടെ വരാന്‍ തീരുമാനിച്ചത്?''

''അമ്മ ഇന്നലെ മരിച്ചു.'

മൂന്ന്
''ഞാനും എന്റച്ഛനും എന്റമ്മേം എല്ലാരുംകൂടെ ഒന്നിച്ച് ജീവിതത്തിലാദ്യമായിട്ടൊരു യാത്ര നടത്തുന്നത് ദേ ഇപ്പൊ എന്നെയിവിടെ സാറിനെക്കാണിക്കാന്‍ കൊണ്ടുവരുമ്പോഴാണ്.'

നാല്
പരിശോധിക്കുന്നതിനിടെ അയാളുടെ ഫോണ്‍ ശബ്ദിച്ചു. അനുവാദം ചോദിച്ച് അയാള്‍ അതെടുത്തു. മൂന്നുനാലു സെക്കന്റ് ഫോണിലേക്കു ശ്രദ്ധിച്ച ശേഷം കോള്‍ ഡിസ്‌ക്കണക്റ്റ് ചെയ്തു.

''പരസ്യമാണ്,'' അയാള്‍ പറഞ്ഞു.

''ഒരൊറ്റ മെസേജയച്ചാല്‍ നമുക്കു വേണമെങ്കില്‍ ഈ ശല്യം എന്നത്തേക്കുമായി നിര്‍ത്തിക്കാം...'' ഞാന്‍ അറിവു പ്രദര്‍ശിപ്പിച്ചു.

''ഓ, വേണ്ട.'' അയാള്‍ ഇടപെട്ടു. ''എപ്പോഴെങ്കിലുമൊന്നു വിളിക്കാന്‍ ആകെ ഇവരൊക്കെയേ ബാക്കിയുള്ളൂ...''

അഞ്ച് 
മാനസികാശുപത്രിയില്‍ രാവിലെ പതിവുപോലെ പത്രം വായിച്ചുകൊണ്ടിരുന്ന രോഗി പെട്ടെന്ന് ഉറക്കെക്കരയാന്‍ തുടങ്ങി:
''അയ്യോ, എന്റെ അച്ഛന്‍ മരിച്ചുപോയേ!'
അയാള്‍ രോഗത്തിന്റെ ഭാഗമായി വിളിച്ചുപറയുന്നതാവും എന്നൂഹിച്ച നഴ്‌സ് 'ദേ, ഈ വാര്‍ത്ത അതേപ്പറ്റിയൊന്നുമല്ല' എന്നാശ്വസിപ്പിക്കാനുള്ള ഒരുക്കത്തോടെ ആ പത്രമൊന്നു നോക്കി.
പക്ഷേ അയാള്‍ പറഞ്ഞതു സത്യമായിരുന്നു.

ആറ്
രണ്ടുമൂന്നുവര്‍ഷം മുമ്പ് ഒരു ഗ്രാമപ്രദേശത്ത് പൊതുജനങ്ങള്‍ക്കായി ആരോഗ്യ ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ അവിടെ സ്വാഗതം പറഞ്ഞയാളെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൊതുവേ കേള്‍ക്കാന്‍ കിട്ടാറുള്ള തരം തേഞ്ഞ പ്രയോഗങ്ങളോ അനാവശ്യ ഔപചാരികതകളോ ഒന്നും അയാളുടെ പ്രസംഗത്തിലുണ്ടായിരുന്നില്ല. സൈക്യാട്രിയും അതില്‍ പ്രവര്‍ത്തിക്കുന്നവരും മറ്റു വൈദ്യശാസ്ത്രശാഖകളെ അപേക്ഷിച്ച് പലപ്പോഴും ഏറെ വിവേചനം നേരിടുന്നുണ്ട് എന്നും, ഈയൊരു മേഖലയ്ക്ക് പൊതുജനങ്ങള്‍ തൊട്ട് സര്‍ക്കാരുകള്‍ വരെ അര്‍ഹിക്കുന്ന പരിഗണന കൊടുക്കുന്നേയില്ല എന്നുമൊക്കെ അയാള്‍ പറഞ്ഞുപറഞ്ഞുപോകുമ്പോള്‍ ഒരു സാധാരണക്കാരന്‍ ഇതിനെക്കുറിച്ചൊക്കെ ഇത്രയേറെ ആലോചിച്ചുവെക്കാന്‍ എന്താവും കാര്യം എന്ന് എനിക്ക് കൗതുകം തോന്നിയിരുന്നു.

എന്നാല്‍ ആ സംശയത്തിന് ഈയിടെ മറുപടി കിട്ടി.

കഴിഞ്ഞയാഴ്ച കുറേ ബന്ധുക്കള്‍ ചേര്‍ന്ന് അയാളെ എന്റെ ഒ.പി.യില്‍ കൊണ്ടുവന്നു.

അയാളും ചില കുടുംബാംഗങ്ങളും ഏറെ നാളായി മാനസികരോഗങ്ങള്‍ക്ക് മരുന്നുകളെടുക്കുന്നുണ്ടായിരുന്നു.

(ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റും ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്റെ എഡിറ്ററുമാണ് ലേഖകന്‍)

Content Highlights: National Doctor's Day 2020, Dr Shahul Ameen shares his experience with patients, Health