2018 ആഗസ്റ്റിലൊരു ദിവസമാണ് ദിലിന്‍ ആദ്യമായെന്നെ കാണാനെത്തിയത്. അമ്മയോടൊപ്പം ഒ.പിയില്‍ കയറി വന്നയുടനെ എക്‌സാമിനേഷന്‍ ചെയറില്‍ കയറിയിരുന്നു.

'കസേരയില്‍ മുട്ടുകുത്തി നില്‍ക്കാനറിയാമോ ദിലിന് ?'

'ഓ!' ദിലിന്‍ എന്ന ആറു വയസ്സുകാരന്‍ ഉടനെ മുട്ടുകുത്തി കസേരയില്‍ ഇരിപ്പായി.
'ആന്റി ഒരു ഫോട്ടോ എടുത്തോട്ടെ?'

സ്ലിററ് ലാംപിലെ ചിന്‍ റെസ്റ്റില്‍ താടി ഉറപ്പിച്ച്, നെറ്റി ഫോര്‍ഹെഡ് ബാറില്‍ അമര്‍ത്തിവെച്ച്, വെളുക്കെ ചിരിച്ച് ദിലിന്‍ തയ്യാര്‍! 'മിടുക്കന്‍' എന്ന് ഞാന്‍. 

ദിലിന്റെ കുഞ്ഞിക്കണ്ണുകള്‍ക്ക് 'സ്വാഭാവികം അല്ലാത്ത ചലനം' എന്ന പരാതിയുമായി ആയിരുന്നു അവന്റെ അമ്മ അവനെ കൂട്ടി വന്നത്. ഒന്നാം ക്ലാസിലെ ഏറ്റവും മിടുക്കന്‍, പാട്ടെല്ലാം ഭംഗിയായി പാടുന്നവന്‍, നിഷ ടീച്ചറുടെ അരുമ... ദിലിന്റെ അമ്മ ഒരു ഡിവോഴ്‌സിലൂടെ കടന്നുപോകുന്ന  സമയമായിരുന്നു അത്. ദിലിന്റെ കണ്ണുകളില്‍ വെളുത്ത മുത്തുകള്‍ പോലെ പ്രകാശിച്ച തിമിരം ബാധിച്ച ലെന്‍സ് ഒരുപക്ഷേ ജന്മനാതന്നെ ഉണ്ടായിരുന്നത് ആയിരുന്നിരിക്കാം. എന്നാല്‍ ഭാഗികമായി തെളിമയുള്ള  ഭാഗങ്ങളിലൂടെ പ്രകാശത്തിന്റെ ചില കണങ്ങള്‍ കടന്നുചെന്നത് വഴി നിഴല്‍ കാണുന്നപോലെ കുറച്ചൊക്കെ കണ്ടിരുന്നു താനും.

കാഴ്ച കുറഞ്ഞവന്‍ എങ്കിലും തന്റെ സ്വതസിദ്ധമായ മിടുക്കിലൂടെയും കേള്‍വിയെ കൂടുതല്‍ ആശ്രയിച്ചും പാട്ടുകളും അക്ഷരങ്ങളും ദിലിന്‍ പഠിച്ചു. ടീച്ചറുടെ സാരിയുടെ കടുംനിറങ്ങള്‍ മാത്രം കണ്ട്, കൂട്ടുകാരുടെ പുഞ്ചിരി നിഴല്‍ പോലെ കണ്ട്, വ്യക്തമായ കാഴ്ച അറിയാതെ അവനു നഷ്ടപ്പെട്ടത് കാഴ്ചയുടെയും ബുദ്ധിവികാസത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ആറു വര്‍ഷങ്ങള്‍...! ഈ മിടുമിടുക്കന്റെ കാഴ്ചക്കുറവ് അമ്മയോ ടീച്ചര്‍മാരോ തിരിച്ചറിഞ്ഞില്ല.
ഇടക്കാലത്ത് തിമിരം പൂര്‍ണമായതു കൊണ്ടായിരിക്കണം Nystagmus എന്നു പറയുന്ന കണ്ണുകളുടെ ചലനം കൂടി പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ് ആദ്യമായി ഡോക്ടറെ കാണിക്കാനുള്ള തോന്നല്‍ പോലും ആ പാവം അമ്മയ്ക്ക് ഉണ്ടായത്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ  കടന്നുപോകുന്ന വിഷാദരോഗം ബാധിച്ച ഒരാളായിരുന്നു അവര്‍. 

രണ്ടാഴ്ച ഇടവിട്ട് ദിലിന്റെ രണ്ടു കണ്ണുകളിലേയും തിമിരം ശസ്ത്രക്രിയ ചെയ്ത് പുതിയ ലെന്‍സുകള്‍ കണ്ണിനുള്ളില്‍ ഘടിപ്പിച്ചു.

ആദ്യത്തെ ഫോളോ അപ്പ് വിസിറ്റിന് എത്തിയപ്പോള്‍ ദിലിന്‍ ഓടിവന്നു എന്റെ മടിയില്‍ കയറി ഇരിപ്പായി. 'ഞാന്‍ അണ്ണാനെ കണ്ടു' ദിലിന്റെ പാട്ടിലെ സ്ഥിരം കഥാപാത്രമായിരുന്നു 'ചിലുചിലെ ചിലക്കുന്ന കുഞ്ഞണ്ണാന്‍'. ശബ്ദം അവനറിയാം, കാഴ്ച തെളിഞ്ഞപ്പോള്‍ ആണ് ആദ്യമായി ഒരണ്ണാനെ വ്യക്തമായി അവന്‍ കാണുന്നത് എന്ന് അവന്റെ അമ്മ.

ഒരു പാട് കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഭാഗ്യം ലഭിച്ച ഒരു പീഡിയാട്രിക്ക് ഒഫ്ത്താല്‍മോളജിസ്റ്റ് ആയ എന്റെ മനസ്സിലും 'ചിലുചിലെ ചിലച്ചു കൊണ്ട് കശുമാവിന്‍ കൊമ്പുകള്‍ക്കിടയിലൂടെ ഒരു കുഞ്ഞ് അണ്ണാന്‍ ഓടിച്ചാടി നടന്നു.

അപൂര്‍വമായി കാണുന്ന കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന തിമിരം ആയിരുന്നു ദിലിന്. വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും ഉണ്ടായിരുന്നിട്ടും സാമൂഹിക സാഹചര്യങ്ങളും വ്യക്തിപരമായ വേദനകളും ചേര്‍ന്ന് തന്റെ ഏകമകന്റെ കുഞ്ഞു കണ്ണുകളിലെ കാഴ്ചക്കുറവ് തിരിച്ച് അറിയാതിരുന്ന ഒരു അമ്മയുടെ നിസ്സഹായത കൂടി ദിലിന്റെ കേസില്‍ ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ കുട്ടികളിലെ കാഴ്ചക്കുറവിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് ജന്മനായുള്ള തിമിരം. കാഴ്ചക്കുറവ്, കണ്ണുകളിലെ വെളുത്ത നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികള്‍ തിമിരത്തിന് കൃത്യമായ ചികിത്സയുണ്ട്. ഏറ്റവും ഫലപ്രദമായ ടെക്‌നോളജിയും. കൃത്യസമയത്ത് രോഗം കണ്ടെത്തണമെന്നതാണ് ഏറ്റവും പ്രധാനം. വൈകുന്തോറും തലച്ചോറിലെ വിഷ്വല്‍ കോര്‍ട്ടെക്‌സിന്റെ സ്റ്റിമുലേഷന്‍ വേണ്ടത്ര ലഭിക്കാത്തതുമൂലം ആ കുഞ്ഞു കണ്ണുകളില്‍ പ്രകാശം ഒരിക്കലും തിരിച്ചു കിട്ടിയില്ലെന്നും വരാം. കണ്ണിലെ കൃഷ്ണമണി പോലെ നാം കാത്തുസൂക്ഷിക്കുന്ന നമ്മുടെ കുട്ടികളുടെ കാഴ്ചയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. ദിലിനെപ്പോലെ തെളിഞ്ഞ ആകാശവും പച്ചപ്പും ചിലുചിലെ ചിലയ്ക്കുന്ന അണ്ണാന്‍മാരേയും കണ്ടു കൊണ്ട് അവര്‍ വളരട്ടെ.

(കൊച്ചി ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, വെട്ടം ഐ ക്ലിനിക് എന്നിവിടങ്ങളിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റും സ്ട്രാബിസ്‌മോളജിസ്റ്റുമാണ് ലേഖിക)

Content Highlights: National Doctor's Day 2020, Dr Sanitha Sathyan shares her experience, Kids Eye Health