പത്തുകൊല്ലം മുമ്പുള്ള ഒരു ഡ്യൂട്ടി ദിവസം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് കാഷ്വാലിറ്റിയില്‍ ഇരിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഒരു പത്തുവയസ്സുകാരനെ കൊണ്ടുവന്നു. വിഷ്ണു എന്നാണ് പേര്. കഠിനമായ വയറുവേദനയാണ്. ഇഞ്ചക്ഷന്‍ കൊടുത്തിട്ടും മാറുന്നില്ല. മാനന്തവാടിയില്‍ നിന്ന് റഫര്‍ ചെയ്തു വന്നതാണ്. രോഗിയെ പരിശോധിക്കുന്ന പി.ജി. സ്റ്റുഡന്റ് 'അക്യൂട്ട് അബ്ഡൊമന്‍' ആണെങ്കില്‍ കുട്ടികളുടെ സര്‍ജറി വിഭാഗത്തിലേക്ക് ഒരു കണ്‍സള്‍ട്ടേഷന്‍ അയക്കാന്‍ പറഞ്ഞു. 'കുട്ടിക്ക് നല്ല ഡീഹൈഡ്രേഷന്‍ ഉണ്ട്, സര്‍' എന്ന് പി.ജി. സ്റ്റുഡന്റ് പറഞ്ഞപ്പോള്‍ ഉടന്‍ ചെന്നുനോക്കി. ശരിയാണ്, നിര്‍ജലീകരണത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. ശ്വാസ്വോച്ഛാസ നിരക്കും വളരെ കൂടുതലാണ്. വിഷ്ണുവിനെ ഉടന്‍ തന്നെ ഐ.സി.യു.വില്‍ അഡ്മിറ്റ് ചെയ്തു. ഡ്രിപ്പ് നല്‍കിത്തുടങ്ങി. രക്ത പരിശോധനയ്ക്കും അയച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലബോറട്ടറിയില്‍ നിന്ന് ഒരു ഫോണ്‍ വന്നു. 'സാര്‍ പേഷ്യന്റിന്റെ ബ്ലഡ് ഗ്ലൂക്കോസ് 360 മില്ലിഗ്രാം ഉണ്ട്'. അപ്പോഴാണ് 'കത്തിയത്'. ഡയബെറ്റിക് കീറ്റോ അസിഡോസിസ് (Diabetic ketoacidosis). ഉടന്‍ തന്നെ ഇന്‍സുലിന്‍ ഡ്രിപ്പ് ആരംഭിച്ചു. ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗാവസ്ഥ ഭേദമായതിനെ തുടര്‍ന്ന് വിഷ്ണുവിനെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി.
ഇന്‍സുലിന്‍ കൊടുക്കുന്നതിനെ കുറിച്ചും ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തം ഇടവിട്ട് പരിശോധിക്കുന്നതിനെക്കുറിച്ചും വാര്‍ഡില്‍ വെച്ച് അവനും അമ്മയ്ക്കും വിശദീകരിച്ചു കൊടുക്കുമ്പോഴായിരുന്നു അവന്റെ ആദ്യത്തെ ചോദ്യം 'എനിക്ക് ഇനി സ്‌കൂളില്‍ പോകാന്‍ പറ്റുമോ?' അവന്റെ അമ്മ കരച്ചിലടക്കി കൊണ്ടു പറഞ്ഞു. 'അവന്‍ പഠിത്തത്തില്‍ മിടുക്കനാണ്. അവന്റെ ടീച്ചര്‍ ഇന്നലെ കാണാന്‍ വന്നിരുന്നു. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഇനി ജീവിതകാലം മുഴുവന്‍ എടുക്കേണ്ടിവരുമെന്ന് ടീച്ചറോട് പറഞ്ഞപ്പോള്‍ അവന്റെ പഠിത്തം ഇനി എന്താവുമെന്ന് ടീച്ചര്‍ ചോദിച്ചു. അതുകൊണ്ട് ചോദിക്കുകയാണ്'. 'പഠിത്തത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല. ഇവിടെ പഠിക്കുന്ന ഒരു ഡോക്ടര്‍ക്കു തന്നെ ടൈപ്പ് വണ്‍ പ്രമേഹമുണ്ടല്ലോ' എന്ന് ഞാന്‍ തിരിച്ചുപറഞ്ഞു. 'എനിക്കിനി ഫുട്ബോള്‍ കളിക്കാന്‍ പറ്റുമോ?' എന്നായിരുന്നു അടുത്ത ചോദ്യം. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ കൃത്യമായി എടുക്കുകയും ചിട്ടയായ ഭക്ഷണക്രമങ്ങള്‍ പാലിക്കുകയും ഇടയ്ക്കിടക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുകയും ചെയ്താല്‍ ഏത് കളിയില്‍ ഏര്‍പ്പെടുന്നതിനും ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. പിന്നെ അവന്‍ ഒന്നും മിണ്ടിയില്ല.
പത്തുദിവസം കഴിഞ്ഞ് അവനെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് പരിശോധനയ്ക്ക് വന്നവേളയില്‍ അവന്റെ ഇന്‍സുലിന്റെ അളവ് വളരെ കുറയ്ക്കുവാന്‍ സാധിച്ചു. 'നിന്റെ പാന്‍ക്രിയാസ് ഇപ്പോള്‍ ഹണിമൂണ്‍ ഫേസിലാണെന്നും അതുകൊണ്ടാണ് ഇന്‍സുലിന്റെ അളവ് ഇത്രയും കുറയ്ക്കുവാന്‍ കഴിഞ്ഞതെന്നും പിന്നെ നീ നിന്റെ ഭക്ഷണക്രമങ്ങളെല്ലാം ചിട്ടയായി പാലിച്ചതുകൊണ്ടുകൂടിയാണ് നിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോര്‍മലായി നില്‍ക്കുന്നതെന്നും അവന്റെ ചുമലില്‍ തട്ടി അഭിനന്ദിച്ചു പറഞ്ഞപ്പോള്‍ അവന്‍ ആദ്യമായി ഒന്നു പുഞ്ചിരിച്ചു.
രണ്ടാഴ്ച കൂടി കഴിഞ്ഞു. ഒരു ദിവസം വാര്‍ഡില്‍ റൗണ്ട്സ് എടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ ഐ.സി.യുവിലെ ഡോക്ടര്‍ എന്നെ വിളിച്ചു. 'നമ്മുടെ വിഷ്ണുവിനെ വീണ്ടും അഡ്മിറ്റ് ചെയ്തു. അവന്‍ വീണ്ടും ഡയബെറ്റിക് കീറ്റോ അസിഡോസിസിലാണ് എത്തിയത്. കണ്ടീഷന്‍ അല്പം ക്രിട്ടിക്കല്‍ ആണ്'.
ഉടന്‍ തന്നെ ഐ.സി.യു.വില്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു വിഷ്ണു. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ അമ്മ വിതുമ്പി. 'ഡോക്ടറേ, ഒരു തെറ്റുപറ്റി. നാട്ടുകാരെല്ലാം പറഞ്ഞ് ഞങ്ങള്‍ അവനെ ഒരു പച്ചമരുന്നു ചികിത്സകന്റെ അടുത്തുകൊണ്ടുപോയി. അയാള്‍ ചില പച്ചമരുന്നുകള്‍ തന്നു. ഇന്‍സുലിന്‍ നിര്‍ത്തിക്കോളാനും പറഞ്ഞു. ഇന്‍സുലിന്‍ നിര്‍ത്തിയിട്ട് ഇന്നേക്ക് രണ്ടു ദിവസമേ ആയുള്ളൂ'.
കുറച്ചു ദിവസങ്ങള്‍ക്കകം വിഷ്ണു വീണ്ടും നോര്‍മലായി. അവനെ വീണ്ടും ഡിസ്ചാര്‍ജ് ചെയ്തു. അതിനുശേഷം അവന്‍ കൃത്യമായി ഇന്‍സുലിന്‍ എടുക്കാനും പരിശോധനയ്ക്ക് വരാനും തുടങ്ങി. ആയിടക്കാണ് പ്രമേഹരോഗമുള്ള കുട്ടികളുടെ കൂട്ടായ്മ മെഡിക്കല്‍ കോളേജില്‍ തുടങ്ങിയത്. അവന്‍ എല്ലാ പരിപാടികളിലും എന്റെ വലംകൈയായി നിന്നു. അവനോട് ഒന്നും പറഞ്ഞു കൊടുക്കേണ്ട. എന്താണ് ചെയ്യേണ്ടതെന്ന് അവന് കൃത്യമായ ബോധമുണ്ടായിരുന്നു. മികച്ച സംഘാടക മികവുമുണ്ടായിരുന്നു അവന്.
പതിനഞ്ചു വയസ്സായപ്പോഴേക്കും അവന്റെ സന്ദര്‍ശനം കുറഞ്ഞുവന്നു. ഒരിക്കല്‍ അവന്‍ വിളിച്ചു. 'ഞാന്‍ മാനന്തവാടിയില്‍ തന്നെ പ്ലസ് ടുവിന് ചേര്‍ന്നു. ഇപ്പോള്‍ അവിടെ തന്നെ ഒരു ഡോക്ടറെ കാണിക്കുന്നുണ്ട്. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ മുടങ്ങാതെ ചെയ്യുന്നുണ്ട്. ഇപ്പോള്‍ പഠിത്തത്തിന്റെ തിരക്കിലാണ്. അതുകൊണ്ടാണ് കോഴിക്കോട്ടേക്ക് ഇടക്കിടെ വരാന്‍ സാധിക്കാത്തത്. കളിയൊക്കെ കുറച്ചു.' ഞാനും സമ്മതിച്ചു. 'നീ അവിടെ തന്നെ കാണിച്ചുകൊള്ളൂ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വന്നാല്‍ മതി' എന്ന മറുപടിയും കൊടുത്തു. ക്രമേണ അവന്‍ വരാതായി.
മൂന്നുകൊല്ലം കടന്നുപോയി. ഒരു ദിവസം ഞാന്‍ വാര്‍ഡില്‍ റൗണ്ട്സ് എടുക്കുകയാണ്. പോസ്റ്റ് അഡ്മിഷന്‍ ഡേ ആയതിനാല്‍ കുറെയധികം കുട്ടികളെ പരിശോധിക്കാനുണ്ട്. അതുകൊണ്ട് റൗണ്ട്സ് തീരാന്‍ സമയം പിടിക്കും. അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്, വാര്‍ഡിന് പുറത്ത് നില്‍പുണ്ട് വിഷ്ണുവും മാതാപിതാക്കളും. അവന്‍ ഉയരം വെച്ചിരിക്കുന്നു. പൊടി മീശയും താടിയുമൊക്കെയുണ്ട്. പ്രസന്നവദനനായിട്ടാണ് അവന്റെ നില്‍പ്പ്. വാര്‍ഡിലേക്ക് വരാന്‍ ആംഗ്യം കാട്ടിയപ്പോള്‍ അവന്‍ പറഞ്ഞു. 'വേണ്ട, പേഷ്യന്റ്സ് കഴിഞ്ഞിട്ടുമതി'.
രോഗികളുടെ തിരക്കൊഴിഞ്ഞപ്പോള്‍ അവന്‍ വന്നു. മാതാപിതാക്കളും ഒപ്പം ഉണ്ട്. വന്നയുടന്‍ തന്നെ വലിയ ഒരു പൊതി അവന്‍ എന്റെ കൈയില്‍ തന്നു. ''സാര്‍, ഇത് മിഠായിയാണ്. എനിക്കിതു കഴിക്കാന്‍ പറ്റില്ല. സാറും മറ്റു സാറന്മാരും സ്റ്റുഡന്റ്സും നഴ്സുമാരും കഴിക്കണം. പിന്നെ വാര്‍ഡിലെ എല്ലാ കുട്ടികള്‍ക്കും കൊടുക്കണം'.
'എന്താ വിഷ്ണു ഇത്ര വലിയ സന്തോഷം' ഞാന്‍ ചോദിച്ചു.
'എനിക്ക് എം.ബി.ബി.എസിന് കിട്ടി സാര്‍, സാര്‍ ഇവിടെയുള്ളതുകൊണ്ട് ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. ഞാന്‍ കോഴിക്കോട്ട് തന്നെ ഓപ്ഷനും കൊടുത്തു'-വിഷ്ണു പറഞ്ഞു.
'സാര്‍ പണ്ടു പറഞ്ഞില്ലേ, ഈ അസുഖം വന്നവര്‍ ഡോക്ടര്‍മാര്‍ വരെ ആയിട്ടുണ്ടെന്ന്. അന്ന് തുടങ്ങിയതാണ് അവന് ഡോക്ടര്‍ ആകാന്‍ മോഹം. പിന്നെ അവന്‍ നന്നായി പഠിക്കാന്‍ തുടങ്ങി'- അച്ഛന്‍ മുഴുമിച്ചു.
മറ്റു സഹപ്രവര്‍ത്തകരെല്ലാം വിഷ്ണുവിനെ അനുമോദിക്കുമ്പോള്‍ ഞാന്‍ വിഷ്ണുവിനെ തന്നെ നോക്കി നില്‍പ്പായിരുന്നു. മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു അവസ്ഥ. ഈ രോഗാവസ്ഥയിലും അവന്‍ അവന്റെ ലക്ഷ്യത്തിലെത്താനുള്ള മനസ്സിന്റെ ഏകാഗ്രത കൈവിട്ടില്ലല്ലോ. അവന്റെ കൈകള്‍ എന്റെ കാലില്‍ തട്ടിയപ്പോഴാണ് ഞാനൊന്നുണര്‍ന്നത്. ഞാന്‍ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
അവന്റെ അഡ്മിഷന്‍ സമയത്ത് അവന്റെയും മാതാപിതാക്കളുടെയും ഒപ്പം അല്പസമയം ചിലവഴിക്കാനും കോഫി ഹൗസില്‍ നിന്ന് അവര്‍ക്കൊപ്പം കാപ്പി കഴിക്കാനും എനിക്ക് അവസരമുണ്ടായി.
രണ്ടു മാസത്തിനു ശേഷം അവനെന്നെ ഫോണില്‍ വിളിച്ചു. 'സാര്‍ ഞാന്‍ ഇന്റര്‍ മെഡിക്കോസ് ഫുട്ബോള്‍ മാച്ചില്‍ പങ്കെടുക്കാന്‍ പോയ്ക്കോട്ടെ'. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അല്പം കൂടുതലാണ്. ഇന്‍സുലിന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ സാറിന്റെ റൂമിലേക്ക് വന്നോട്ടെ?'
അല്‍പസമയത്തിനുള്ളില്‍ അവന്‍ വന്നു. ഒരു വെള്ളക്കോട്ടുമിട്ട്. സംസാരത്തിനിടയ്ക്ക് എന്റെ മേശപ്പുറത്തു വെച്ചിരുന്ന ഒരു ഡയബെറ്റിക് ജേര്‍ണല്‍ അവന്‍ മറച്ചുനോക്കിക്കൊണ്ടിരുന്നു. പിന്നെ എന്നോടു ചോദിച്ചു.
'സാര്‍, ഇന്‍ഹേല്‍ഡ് ഇന്‍സുലിനും പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരാന്‍ പോകുന്നത്? 'ഞാന്‍ പറഞ്ഞു. 'അടുത്തു തന്നെ വരാന്‍ മതി. നീ വലുതാകുമ്പോള്‍ ഡയബറ്റിക്സിലെ നൂതന ചികിത്സാരീതികളെക്കുറിച്ച് റിസര്‍ച്ച് ചെയ്യണം'.
'എനിക്കും അതാണ് സാര്‍ താല്പര്യം. പ്രമേഹ ചികിത്സയില്‍ എന്തെങ്കിലും ഒരു പുതിയ ചികിത്സാരീതി എനിക്ക് കണ്ടുപിടിക്കണം' പുസ്തകത്തിന്റെ താളുകള്‍ ആവേശത്തോടെ മറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന വിഷ്ണുവിനെ ഞാന്‍ നിര്‍ന്നിമേഷനായി നോക്കിയിരുന്നുപോയി.
(മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ലേഖകന്‍)
Content Highlights: National Doctor's Day 2020 Dr M Vijayakumar shares his experience, Health