എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കാനാണ് ഇവര്‍ക്കിഷ്ടം... ഓര്‍മകളും അനുഭവങ്ങളും. എറണാകുളം ലിസി ആശുപത്രിയിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ അവരെ കണ്ടുമുട്ടുമ്പോള്‍ ഹൃദയത്തിന്റെ വിശേഷങ്ങളായിരുന്നു ഒഴുകിയെത്തിയതെല്ലാം. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം... ഹൃദയത്തിന്റെ കൂട്ടുകാരും സംരക്ഷകരുമെന്ന് നൂറു ശതമാനം അടയാളപ്പെടുത്താവുന്ന ഇവര്‍ക്ക് ഡോക്ടര്‍മാരുടെ ദിനത്തില്‍ പറയാനുള്ളത് ഒന്നുമാത്രം:
''ഹൃദയമാണ് മനുഷ്യന്റെ ജീവന്റെ അടിസ്ഥാനം. ഹൃദയം സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും പരമാവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇനിയും കഴിയേണമേ...!''
എറണാകുളം ലിസി ആശുപത്രിയില്‍ ഒരു ടീമായി ഇവര്‍ 12 വര്‍ഷം പിന്നിടുമ്പോള്‍, കൈപിടിച്ചുയര്‍ത്തപ്പെട്ടത് എത്രയോ ജീവനുകളാണ്.
''ഹൃദയത്തിന്റെ താളം നഷ്ടമായി മുന്നിലെത്തുന്ന ഓരോരുത്തരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ടീം വര്‍ക്കിലൂടെയാണ്. ആദ്യം രോഗി ഫിസിഷ്യന്റെ അടുക്കലാണ് എത്തുന്നത്. അയാളെ പരിശോധിച്ച് ആന്‍ജിയോഗ്രാമാണോ ആന്‍ജിയോപ്ലാസ്റ്റിയാണോ വേണ്ടതെന്നൊക്കെ തീരുമാനമെടുക്കണം. ബൈപ്പാസ് സര്‍ജറിയിലേക്ക് പോകേണ്ടതാണെങ്കില്‍ അതു ചെയ്യണം. സര്‍ജനും അനസ്‌തേഷ്യ വിദഗ്ധനുമൊക്കെ അടുത്ത ഘട്ടത്തില്‍ ഒപ്പം ചേരും. അങ്ങനെ എല്ലാവരും ചേര്‍ന്നാണ് ഒരാളുടെ ഹൃദയത്തിന്റെ തെറ്റിയ താളം വീണ്ടെടുക്കുന്നത്...'' - ഡോ. ജോസ് ചാക്കോ പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ അതു ശരിവെച്ച് തലയാട്ടി.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്ത ജീവനുകളും ഒരിക്കലും മായാത്ത ഓര്‍മകളായി ഇവരുടെ മനസ്സിലുണ്ട്.
''അവയവദാനത്തിന്റെ മഹത്ത്വം ഓര്‍മപ്പെടുത്തുന്നതാണ് ഓരോ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും. ഓരോ ഹൃദയം മാറ്റിവെക്കലും ഓരോ ജീവിതകഥയാണ്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരാളുടെ ഹൃദയം എടുത്ത് അപരിചിതനായ മറ്റൊരാളില്‍ വെച്ചുപിടിപ്പിക്കുക, പുതിയ പ്രതീക്ഷകളുമായി അയാളില്‍ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങുക, അയാളും കുടുംബാംഗങ്ങളും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുക... എല്ലാം മനസ്സിനെ സ്പര്‍ശിക്കുന്ന വലിയ അനുഭവങ്ങളാണ്...'' -ഡോ. റോണി പറയുന്നു.
ഇതിനകം 25-ഓളം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് ലിസി ആശുപത്രിയില്‍ നടന്നത്. ഡോക്ടര്‍മാരെന്ന നിലയില്‍ തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വകാര്യമായ ചില സ്വപ്നങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ആശുപത്രിയിലെ തിരക്കുകള്‍ക്കിടയില്‍ അല്പസമയം വീണുകിട്ടിയാല്‍ ശാസ്ത്രീയസംഗീതം കേള്‍ക്കാനാണ് ഡോ. ജോസ് ചാക്കോ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ അവധി കിട്ടിയാല്‍ യാത്രകളാണ് ഡോ. ജേക്കബ് എബ്രഹാമിന്റെ ഇഷ്ടം.
ആശുപത്രിയിലെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഗവേഷണവും ക്ലാസുകളുമായി കഴിഞ്ഞിരുന്ന ഡോ. റോണി മാത്യുവിന് പക്ഷേ, ഇപ്പോള്‍ കോവിഡ് കാലമായതിനാല്‍ ഒരാഗ്രഹം സാധിക്കുന്നുണ്ട്: ''ലോക്ഡൗണ്‍മൂലം ഇപ്പോള്‍ ക്ലാസുകളും മറ്റും ഇല്ലാത്തതിനാല്‍ കുറെ സിനിമകള്‍ കാണാന്‍ അവസരം കിട്ടി...'' - ഡോ. റോണി പറഞ്ഞതു കേട്ട് സഹ പ്രവര്‍ത്തകര്‍ ചിരിച്ചു.
Content Highlights: National Doctor's Day 2020 Dr Jose Chacko Periyappuram Heart transplant surgery, Health