കുട്ടികളുമായി ബന്ധപ്പെട്ട് എന്തു കേട്ടാലും ഒരു കൗതുകവും രസവുമാണ്. പക്ഷേ ഞങ്ങള്‍ ഡെന്റിസ്റ്റുകളെ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ഭീകരന്‍മാരായിട്ടാണ്. ദന്തരോഗ ചികിത്സ എന്നാല്‍ പല്ല് പറിക്കല്‍ ആണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് നമ്മുടെ സമൂഹം. അതിനാല്‍ തന്നെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി പല്ല് പറിച്ചെടുപ്പിക്കുമെന്നും സൂചിവെച്ച് വേദനിപ്പിക്കുമെന്നും പറഞ്ഞ് കുട്ടികളെ പേടിപ്പിക്കും. ചില കുട്ടികളോടാകട്ടെ അനുസരണക്കേട് കാട്ടിയാല്‍ ഡോക്ടര്‍ കെട്ടിയിട്ട് പല്ല് കുത്തിയിളക്കി ചോരയോടെ വലിച്ചൂരിയെടുക്കുമെന്നുമൊക്കെയാണ് പറഞ്ഞു പേടിപ്പിക്കുക. പേടിയില്ലാത്ത കുട്ടികളെ വരെ ഇങ്ങനെയൊക്കെ പറഞ്ഞ് പേടിപ്പിച്ചാണ് മുതിര്‍ന്നവര്‍ അവരെ ഡെന്റിസ്റ്റിന്റെ അടുത്തെത്തിക്കുക. 

എന്നാല്‍ സത്യം പറയട്ടെ, ഞങ്ങള്‍ ഡെന്റിസ്റ്റുകള്‍ കുട്ടികളെ പേടിപ്പിക്കാറില്ല, പേടിക്കാറേ ഉള്ളൂ....സത്യം...

ഇങ്ങനെ ഞങ്ങളെ ഭീകരന്‍മാരാക്കി കാണിച്ച് കുട്ടികളെ ക്ലിനിക്കിലെത്തിക്കുന്നത് സ്ഥിരം സംഭവമായതിനാല്‍ വളരെ തന്ത്രപരമായിട്ടാണ് കുട്ടികളെ കൈകാര്യം ചെയ്യാറുള്ളത്. കുട്ടികളുടെ ഓര്‍മകളില്‍ ദന്തചികിത്സ എന്നത് ഒരു ഭീകര അനുഭവമായി മാറാതിരിക്കാനാണ് ഞങ്ങള്‍ ശ്രദ്ധിക്കാറുള്ളത്. അതിനാല്‍ പലരെയും ചിരിപ്പിച്ചും കളിപ്പിച്ചും കഥ പറഞ്ഞുകൊടുത്തുമൊക്കെയാണ് കുട്ടികളെ അടക്കിയിരുത്തി അവരില്‍ ദന്തചികിത്സ നടത്തുന്നത്. കാരണം, പേടിപ്പിച്ചാല്‍ കുട്ടികള്‍ ഡെന്റല്‍ ചെയറില്‍ കൃത്യമായി ഇരുന്നുതരില്ല. ചികിത്സ ചെയ്യുന്നതിനിടെ ബഹളം വെക്കുകയോ അസ്വസ്ഥത കാണിക്കുകയോ ചെയ്താല്‍ ചികിത്സയ്ക്കിടെ അപകടവുമുണ്ടായേക്കാം. അതിനാല്‍ തന്നെ വളരെ ശ്രദ്ധാപൂര്‍വമാണ് കുട്ടികളോട് ഇടപെടാറുള്ളത്. 

അങ്ങനെയിരിക്കെയാണ് ഒരു കൊച്ചുപെണ്‍കുട്ടി ക്ലിനിക്കില്‍ വന്നത്. ഏഴുവയസ്സ് കാണും അവള്‍ക്ക്. അമ്മയ്‌ക്കൊപ്പമാണ് എത്തിയത്. മ്ലാനമായ മുഖം. ആ പ്രായത്തിലുള്ള കുട്ടികളില്‍ കാണുന്ന ചുറുചുറുക്കോ അസ്വസ്ഥത പ്രകടിപ്പിക്കലോ ഒന്നും ഇല്ല. കഴുത്തിന്റെ വശം കുറച്ച് വീര്‍ത്തിട്ടുണ്ട്. അവളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും അവള്‍ മറുപടി പറയുന്നേയില്ല. എല്ലാം അമ്മയാണ് പറയുന്നത്. സാധാരണ കുട്ടികളെ ഡെന്റല്‍ ചെയറിലേക്ക് കയറ്റി ഇരുത്തുമ്പോള്‍ അവര്‍ കരയുകയോ ബഹളം വെക്കുകയോ ചിണുങ്ങുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇവള്‍ അങ്ങനെയൊന്നും ചെയ്തില്ല. പറഞ്ഞപ്പോള്‍ തന്നെ അവിടേക്ക് കയറിക്കിടന്നു. നീരുവെച്ച് വിങ്ങിയ കഴുത്തും മുഖവും ഒക്കെ അമര്‍ത്തുമ്പോഴും നിസ്സംഗത മാത്രമാണ് മുഖത്ത്. ഒന്നിനോടും പ്രതികരിക്കാത്ത ഒരു ഭാവം. പല്ലുകളില്‍ കുറച്ചു കീടാണുക്കള്‍ ഉണ്ടെന്നും അത് എടുത്തുകളഞ്ഞാല്‍ വേദന മാറുമെന്നുംമൊക്കെ ഞാന്‍ അവളോട് പറഞ്ഞു. മരുന്ന് കഴിച്ചിട്ട് അഞ്ച് ദിവസത്തിന് ശേഷം വന്നാല്‍ മതിയെന്നും പറഞ്ഞ് ഞാന്‍ അവരെ പറഞ്ഞയച്ചു. വേദന കുറഞ്ഞിട്ടാകാം ബാക്കി കാര്യങ്ങള്‍ എന്ന് ഞാനും കരുതി.

അഞ്ചു ദിവസം കഴിഞ്ഞ് അവള്‍ വീണ്ടും വന്നു. അപ്പോഴേക്കും മുഖത്തെ വിങ്ങലും നീരുമെല്ലാം കുറഞ്ഞിരുന്നു. കുറേക്കാലമായി ഉണ്ടായിരുന്ന പല്ലുവേദനയുടെ ഫലമായിരുന്നു അതെല്ലാം. വേദന കുറഞ്ഞപ്പോള്‍ അവള്‍ പതുക്കെ പുഞ്ചിരിക്കാന്‍ തുടങ്ങി. പിന്നെ ചികിത്സ ചെയ്യുമ്പോഴെല്ലാം അവളുടെ ശ്രദ്ധ തിരിക്കാനായി ഞാന്‍ ഓരോ കഥകള്‍ പറഞ്ഞുകൊടുക്കാനും അവളോട് സംസാരിക്കാനും തുടങ്ങി. അവള്‍ എല്ലാം കൗതുകപൂര്‍വം കേട്ടിരിക്കാന്‍ തുടങ്ങി. അതിനെല്ലാം മറുപടിയെന്നോണം അവള്‍ എനിക്ക് പുഞ്ചിരിയും സമ്മാനിച്ചു. വേരുചികിത്സ (Pulpectomy) ആണ് ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ കഥപറച്ചിലും സംസാരവും തുടര്‍ന്നുകൊണ്ടേയിരുന്നു. 

തുടര്‍ന്നുള്ള സിറ്റിങ്ങില്‍ ഞാന്‍ ട്രീറ്റ്‌മെന്റിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. കാരണം അവള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. കഥപറച്ചിലും സംസാരവുമൊക്കെ പതിയെ നിര്‍ത്തി. അടുത്തസിറ്റിങ്ങിനെത്തിയപ്പോള്‍ അവളുടെ അമ്മ എന്നോട് പറയാന്‍ തുടങ്ങി. ''ഡോക്ടറേ, അവള്‍ സംസാരം വളരെ കുറവാ. ഡോക്ടറെ അവള്‍ക്ക് വലിയ ഇഷ്ടമാണ്. ഇവിടുന്ന് വീട്ടിലെത്തിയാല്‍ ഡോക്ടറെക്കുറിച്ചാണ് ഉപ്പയോട് പറയുക. ഡോക്ടര്‍ പറഞ്ഞ കഥകളും മറ്റുമൊക്കെ ഉപ്പയോട് പറയും. കഴിഞ്ഞ തവണ ഡോക്ടര്‍ അവളോട് സംസാരിക്കുകയോ കഥ പറയുകയോ ചെയ്തില്ലല്ലോ. അത് അവള്‍ക്ക് വലിയ സങ്കടമായി''. ഇതുപറയുമ്പോള്‍ അടുത്ത് അവളും ഉണ്ടായിരുന്നു. അവളെ കളിക്കാന്‍ പുറത്തേക്ക് വിട്ടുകൊണ്ട് അമ്മ എന്നോട് വീണ്ടും സംസാരിക്കാന്‍ തുടങ്ങി. ''ഡോക്ടറെ, അവളുടെ അനിയന്‍ അടുത്തിടെ മരിച്ചുപോയി. കളിക്കാന്‍ പോയതിനിടയില്‍ കാണാതെ പോവുകയായിരുന്നു. അവന്റെ മരണത്തിന് ശേഷം പിന്നെ അവള്‍ എന്നും ഇങ്ങനെയാ. ഡോക്ടറെ അവള്‍ക്ക് വലിയ ഇഷ്ടമാ... അവളെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഡോക്ടര്‍ കഥ നിര്‍ത്തിയതെന്നാണ് ഇപ്പോള്‍ അവളുടെ  ചിന്ത. അതുകൊണ്ട് വല്യ സങ്കടായവള്‍ക്ക്.''

ഞാന്‍ തരിച്ചിരുന്നുപോയി. എത്ര വലിയ സങ്കടമാണ് അവള്‍ ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ചുവെച്ചിരുന്നത്! അത് എനിക്ക് മനസ്സിലാകാതെ പോയി. നമ്മുടെ അടുത്തുവരുന്ന ഓരോ കുഞ്ഞുങ്ങളുടെ പുഞ്ചിരിയിലും ഉണ്ടാകും ഇതുപോലെ ഉള്ളിലൊളിപ്പിച്ചുവെച്ച ഒരോ സങ്കടങ്ങള്‍. അത് ഒപ്പിയെടുക്കാന്‍ ചിലപ്പോള്‍ കഥപറയുക പോലും വേണ്ടി വരില്ല. അവര്‍ പറയുന്നതിന് നിങ്ങളൊന്ന് ചെവി കൊടുത്താല്‍ മതിയാകും...അവരുടെ കുഞ്ഞിക്കണ്ണുകളിലേക്ക് അല്പമൊന്ന് നോക്കിയാല്‍ മതിയാകും...ചികിത്സയ്ക്കിടയില്‍ അല്പസമയം അവര്‍ക്ക് വേണ്ടി മാറ്റിവെച്ചാല്‍ ഒരു പക്ഷേ ചെറിയൊരു സന്തോഷം അവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കും. അതെല്ലാം ഓരോ അനുഭവങ്ങളാണ് ഒരു ഡോക്ടര്‍ക്ക്. ക്ലാസ്മുറികളില്‍ നിന്നും ലാബുകളില്‍ നിന്നും കിട്ടാത്ത വിലമതിക്കാനാവാത്ത അറിവുകള്‍. 

(പാലക്കാട് കൂറ്റനാട് ഡെന്റ്‌ജോയ്‌സ് ഡെന്റല്‍ ക്ലിനിക്കിലെ ഡെന്റിസ്റ്റാണ് ലേഖകന്‍)

Content Highlights: National Doctor's Day 2020, Dr Jijin shares his experience with a Kid patient, Health