പ്രശസ്ത ചികിത്സകനും സ്വാതന്ത്ര്യ സമരസേനാനിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി.സി റോയിയോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജന്‍മദിനമായ ജൂലൈ ഒന്ന്  ഇന്ത്യയില്‍ ദേശീയ ഭിഷഗ്വര ദിനമായി ആചരിക്കുന്നത്.ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന സാമൂഹിക ഘടകങ്ങളായ പട്ടിണി, ശുചിത്വമില്ലായ്മ, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഇദ്ദേഹത്തെ ഭാരതരത്‌നം നല്‍കി ആദരിച്ചിട്ടുണ്ട്.

അമേരിക്ക പോലുള്ള മറ്റ് രാജ്യങ്ങളില്‍ മാര്‍ച്ച് 30 ന് ആണ് ഈ ദിനം ആചരിക്കുന്നത്. ലോകത്ത് ആദ്യമായി ഈഥര്‍ ഉപയോഗിച്ച് അനസ്‌തേഷ്യ നല്‍കിയ Crawford.W.Long നെ അനുസ്മരിച്ചാണ് മാര്‍ച്ച് 30 തിരഞ്ഞെടുത്തിരിക്കുന്നത്. 

'കോവിഡ് 19ന്റെ മരണനിരക്ക് കുറയ്ക്കുക' എന്നതാണ് ഈ വര്‍ഷത്തെ ഡോക്ടേര്‍സ് ഡേയുടെ മുദ്രാവാക്യം.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വൈദ്യശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വര്‍ധിച്ച ജോലിഭാരവും മാനസിക സമ്മര്‍ദവും പേറിയാണ് ഓരോ ദിനവും കടന്ന് പോകുന്നത്. നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ, വിശ്രമമില്ലാതെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മരണഭയത്തെ അതിജീവിച്ച് ജോലി ചെയ്യുന്നു.

സാധാരണ ഒരു തൊഴിലെന്നതിലുപരി മനുഷ്യന്റെ വേദനകളെ അകറ്റാനും സാന്ത്വനമേകാനും വളരെയേറെ അവസരം കിട്ടുന്ന ഒരു മേഖലയാണ് വൈദ്യവൃത്തി.

മരണത്തില്‍ നിന്ന് രക്ഷിക്കുന്നവരെന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്ക് പലപ്പോഴും സമൂഹം ഒരു ദൈവിക പരിവേഷം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. മരണക്കയത്തിന് കുറുകെയുള്ള നൂല്‍പാലത്തില്‍ അകപ്പെട്ടിരിക്കുന്ന രോഗിയെ, കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന നായക സ്ഥാനമൊക്കെ ചിലപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ചാര്‍ത്തിക്കിട്ടും. പ്രാണനെ രക്ഷിക്കുന്നവരാണെങ്കിലും, ജീവന്റെ അധികാരി വൈദ്യനല്ല. അതുകൊണ്ട് തന്നെ എല്ലാ ജീവനുകളെയും രക്ഷിക്കാന്‍ ഭിഷഗ്വരന് സാധിക്കണമെന്നില്ല.എങ്കിലും രോഗത്തിന്റെ ഗുരുതരാവസ്ഥ കൊണ്ടോ അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ കൊണ്ടോ രോഗി മരണപ്പെട്ടാല്‍ ഡോക്ടറെ പ്രതിനായക സ്ഥാനത്ത് നിര്‍ത്തുന്ന പ്രവണത വര്‍ധിച്ച് വരുകയാണ്.

ആധുനിക കാലത്ത് ഡോക്ടറുടെ ജോലി കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുന്നു. ഡോക്ടര്‍-രോഗി ബന്ധത്തിലെ പരസ്പര വിശ്വാസമില്ലായ്മയാണ് ഏറ്റവും പ്രധാന പ്രശ്‌നം. ഊഷ്മളമായ ബന്ധമില്ലാത്തത് കാരണം ഡോക്ടറും രോഗിയും പരസ്പരം സംശയത്തോടെ നോക്കിക്കാണുന്നു. തന്റെയടുത്ത് വരുന്ന രോഗി നാളെ തനിക്കെതിരെ പരാതി കൊടുക്കുമോയെന്ന ചിന്ത ഇന്ന് ഓരോ ഡോക്ടര്‍മാരെയും കീഴടക്കിയിരിക്കുന്നു.അതുകൊണ്ടു തന്നെ ഒരു സാധാരണ വൈറല്‍ പനിയുമായി വരുന്ന രോഗിക്ക് പോലും അനേകം പരിശോധനകള്‍ (Investigations) നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഡോക്ടറെ വിശ്വാസമില്ലാത്ത രോഗി മറ്റ് ഡോക്ടര്‍മാരുടെയും, ചിലപ്പോള്‍ വ്യാജ വൈദ്യന്‍മാരുടെയും പോലും ഉപദേശം സ്വീകരിക്കാന്‍ തയാറാകും.
ഇത്തരത്തിലുള്ള സ്ഥിതിവിശേഷമുണ്ടാകുന്നതില്‍ ഡോക്ടര്‍മാര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പങ്കുണ്ട്. 

'പഠിപ്പിക്കുക' എന്നര്‍ത്ഥമുള്ള ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഡോക്ടര്‍ എന്ന നാമം ഉണ്ടായിട്ടുള്ളത്. പക്ഷേ ഇന്ന് രോഗികളോട് രോഗകാര്യങ്ങള്‍ സംസാരിക്കാന്‍ പോലും സമയമില്ലാത്ത ഡോക്ടര്‍മാരാണ് സമൂഹത്തിലധികവും. സമഗ്രമായ കാഴ്ചപ്പാടില്ലാതെ ശരീരത്തിന്റെ അവയവങ്ങളെ മാത്രം ചികിത്സിക്കുന്നവരായും ടെസ്റ്റ് റിസള്‍ട്ടുകള്‍ക്ക് അനുസരിച്ച് മരുന്നെഴുതുന്നവരുമായി നല്ലൊരു ശതമാനം ഡോക്ടര്‍മാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.ആതുരസേവനമെന്നത് വെറും കച്ചവടമായി മാറുന്ന ദുരവസ്ഥയും നിലവിലുണ്ട്.

ഡോക്ടര്‍മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. നിസാരമായ രോഗങ്ങള്‍ക്ക് പോലും വലിയ ആശുപത്രികളില്‍ പോകാന്‍ താത്പര്യം കാണിക്കുന്ന ജനങ്ങള്‍ തന്നെയാണ് കോര്‍പറേറ്റ് സ്ഥാപനങ്ങളെ വളര്‍ത്തുന്നത്.

മെര്‍സല്‍ സിനിമയില്‍ നായക നടന്‍ വിജയ് പറയുന്നതുപോലെ അഞ്ച് രൂപയ്ക്ക് ചികിത്സിക്കുന്ന ഡോക്ടറെ പുച്ഛത്തോടെ കണ്ട് അയ്യായിരം രൂപയ്ക്ക് ചികിത്സിക്കുന്നവന്റെ അടുത്ത് പോയി തിരക്ക് കൂട്ടുന്നതാണ് പൊതുജനത്തിന്റെ രീതി. ഇത്തരം സമീപനം വന്നതോടെ ചെറിയ ആശുപത്രികളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വലിയ സ്ഥാപനങ്ങള്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ആശുപത്രികള്‍ തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സാധാരണമായപ്പോള്‍ ഒട്ടേറെ മികച്ച ഡോക്ടര്‍മാര്‍, കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ നല്‍കിയിരുന്ന ചെറിയ ക്ലിനിക്കുകളും ആശുപത്രികളും അടച്ച് പൂട്ടി കോര്‍പറേറ്റുകളുടെ സുരക്ഷിതത്വത്തിലേക്ക് ചേക്കേറി.

രോഗത്തെക്കുറിച്ച് മാത്രമല്ലാതെ ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുന്ന ഭിഷഗ്വരന്മാര്‍ വളരെയധികം ഉണ്ടാവട്ടെ.

ആതുരസേവനത്തിന്റെ പരിപാവനതയും നൈതികതയും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ഓരോ ഡോക്ടേര്‍സ് ദിനാചരണവും.

ഓരോ വ്യക്തിക്കും പരിപൂര്‍ണ വിശ്വാസത്തോടെ സമീപിക്കാന്‍  സാധിക്കുന്ന രീതിയില്‍ എല്ലാവര്‍ക്കും ഒരു കുടുംബ ഡോക്ടറെ കണ്ടെത്താന്‍ സാധിക്കട്ടെ.

കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചെടുക്കാനുള്ള ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈദ്യസമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യാം.

(തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ റെസിഡന്റ് ആണ് ലേഖകന്‍)

Content Highlights: National Doctor's Day 2020 Dr Bijin Joseph writes, Health