'ഡോക്ടര്‍ നാളെ നിര്‍ബന്ധമായും വീട്ടിലേക്ക് വന്നേ മതിയാകൂ...' ഒഴിഞ്ഞുമാറാന്‍ പരമാവധി നോക്കി. പക്ഷെ ഒരു രക്ഷയുമില്ല. ഒടുക്കം സമ്മതിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് വീട്. ബസ്സിലാണ് യാത്ര. ബാലുശ്ശേരി സ്റ്റാന്റിലിറങ്ങി, ഓട്ടോറിക്ഷില്‍ വീട്ടിലേക്ക്. ചെറുതാണെങ്കിലും വൃത്തിയുള്ള വീട്, ഹരിതാഭമായ പശ്ചാത്തലം. എന്റെ കൈ പിടിച്ച് അദ്ദേഹം അകത്തേക്ക് കയറി. നേരെ ചെന്നു കയറിയത് പൂജാമുറിയിലേക്കാണ്. ഞാന്‍ സ്തബ്ദനായി. ഇടത് വശത്ത് അയ്യപ്പസ്വാമിയുടെ ചിത്രം, വലത് വശത്ത് ഗുരുവായൂരപ്പന്റെ ചിത്രം മധ്യത്തില്‍ ഞാന്‍...ഒരു നിമിഷം മാത്രം തുളുമ്പി നില്‍ക്കുന്ന കണ്ണുനീരില്‍ ആ കാഴ്ച മങ്ങലായി മാറി. ആ നിമിഷമാണ് ഞാന്‍ തിരിച്ചറിയുന്നത്, ഞാനൊരു ഡോക്ടറാണ്...ശരിക്കുമൊരു ഡോക്ടറാണ് എന്ന്.

പഠനം വിജയകരമായി പൂര്‍ത്തിയാക്കി 72 ല്‍ പുറത്തിറങ്ങുമ്പോള്‍ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് എന്ന അംഗീകാരവും ലഭിച്ചിരുന്നു. 73ല്‍ സര്‍ജറിയില്‍ പി ജി യ്ക്ക് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. 76ല്‍ പഠിച്ച കലാലയത്തില്‍ തന്നെ അദ്ധ്യാപകനായി തിരികെയെത്തി. ആ കാലത്ത് നടന്ന സംഭവത്തിലെ നായകന്റെ വീടായിരുന്നു അത്. ഇരുമ്പ് തോട്ടികൊണ്ട് മാങ്ങ പറിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ ഷോക്കടിച്ച് ഗുരുതരാവസ്ഥയില്‍ ഒരു രോഗി എത്തി. വളരെ പാവപ്പെട്ട കുടുംബാംഗമായിരുന്നു. മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളുമായി ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പത്രത്തില്‍ ബോക്സ് വാര്‍ത്ത വരികയും ധാരാളം പേര്‍ കുടുംബത്തെ സഹായിക്കുകയും ചെയ്തു. ഇന്നത്തേത് പോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപകമല്ലാതിരുന്ന കാലമായിരുന്നു. എന്നിട്ടും എത്രയോ അധികം പേരാണ് ആ കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധരായത്.

കാഡ്ബറീസ് കമ്പനിയില്‍ പര്‍ച്ചേസ് മാനേജറായിരുന്നു എന്റെ അച്ഛന്‍. രണ്ടാം ക്ലാസ്സ് വരെ ഇരിങ്ങാലക്കുടയിലായിരുന്നു പഠനം തുടര്‍ന്ന് ബോംബെയിലേക്ക് പറിഞ്ഞ് നടപ്പെട്ടു. ഈ സമയത്താണ് ക്രിക്കറ്റ് ഒരു വികാരമായി മനസ്സില്‍ കയറിയത്. ബോംബെയിലെ ഫ്ളാറ്റുകള്‍ക്കിടയിലുള്ള ഗല്ലികളായിരുന്നു ആദ്യ ഗ്രൗണ്ട്, പിന്നീട് സ്‌കൂള്‍ ടീമിലേക്കും വലിയ ഗ്രൗണ്ടുകളിലേക്ക് കളിസ്ഥലം വലുതായി.  എം. ബി. ബി. എസ്സിന് പ്രവേശനം ലഭിച്ച ശേഷവും ക്രിക്കറ്റ് കളിക്ക് മുടക്കം വരുത്തിയിരുന്നില്ല. കോളേജ് ടീം, ജില്ലാ ടീം, ടൂണിവേഴ്സിറ്റി ടീം, നോര്‍ത്ത് കേരള ടീം എന്നിവയുടെയെല്ലാം ക്യാപ്റ്റനാകുവാനുള്ള ഭാഗ്യം ലഭിച്ചു. രഞ്ജിയിലേക്കുള്ള സെലക്ഷന്റെ സമയത്ത് അവസാന വര്‍ഷ എം ബി ബി എസ് പരീക്ഷയായിരുന്നതിനാല്‍ പോകുവാന്‍ സാധിച്ചില്ല. ആഗ്രഹിച്ച പ്രൊഫഷണില്‍ എത്തിച്ചേരാന്‍ സാധിച്ചതിനാല്‍ നഷ്ടബോധമേതുമുണ്ടായിരുന്നുമില്ല. 

സര്‍ജന്‍ എന്ന നിലയില്‍ എന്റെ കരിയറിന്റെ ഏറ്റവും തുടക്കത്തിലാണ് ആ സ്ത്രീ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്നു. ബന്ധുക്കളാരും കൂടെയില്ല. വിശദമായ പരിശോധനയില്‍ വയറില്‍ രക്തസ്രാവം സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. ശസ്ത്രക്രിയ അത്യാവശ്യമാണ്. ധാരാളം രക്തം നഷ്ടപ്പെട്ട് പോയിരുന്നതിനാല്‍ കുറേയേറെ രക്തവും ആവശ്യമുണ്ട്. ഓടിനടക്കാനോ, സഹായിക്കാനോ പോലും കൂടെ ആരുമില്ല. ഇത്തരം അവസ്ഥയിലുള്ള രോഗിയെ ഒറ്റപ്പെടുത്തി ഒഴിവാക്കുവാന്‍ സാധിക്കില്ലല്ലോ. ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് പ്രവേശിപ്പിക്കേണ്ട സമയത്താണ് ഈ അവസ്ഥ ശ്രദ്ധയില്‍ പെടുന്നത്. എന്ത് ചെയ്യാന്‍ സാധിക്കും? അപ്പോഴാണ് എന്റെ രക്തഗ്രൂപ്പ് എ പോസറ്റീവാണല്ലോ എന്നോര്‍ത്തത്. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, നേരെ ബ്ലഡ് ബാങ്കിലേക്ക് പോയി രക്തം നല്‍കി, വിശ്രമിക്കാന്‍ സമയമില്ല, നേരെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക്. ശസ്ത്രക്രിയ വിജയകരം...

ഡോക്ടര്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച ആദ്യകാലത്തെ സംഭവങ്ങളില്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഓര്‍മ്മയാണിത്. ധാര്‍മ്മികതയുടെയും സഹാനുഭൂതിയുടേയും മായാത്ത മുദ്രകള്‍ ഓരോ നിമിഷവും മനസ്സിലേക്ക് പതിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രൊഫഷനാണ് എനിക്ക് ആതുര സേവനരംഗം. കാലമെത്ര കഴിഞ്ഞു. ഉള്ളം കൈകൊണ്ട് സ്പര്‍ശിച്ച് രോഗം തിരിച്ചറിഞ്ഞിരുന്ന കാലത്ത് നിന്നും സാങ്കേതിക വളര്‍ച്ചയുടെ പുതിയ കാലത്തിലേക്കുള്ള മാറ്റം, ഈ രണ്ട് കാലത്തും ജീവിക്കാന് കഴിഞ്ഞത് തന്നെയാണ് ഒരു ഡോക്ടര്‍ എന്ന നിലയിലുള്ള ഏറ്റവും വലിയ ഭാഗ്യം.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ജനറല്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: National Doctor's Day 2020 Doctor P Rajan Share his Experiences