കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് 1967-ല്‍ എം.ബി.ബി.എസ്. ജയിച്ച് എത്തിയ വര്‍ഗീസ് ഡി. ചാക്കോള വീടിന്റെ കാര്‍ ഷെഡ്ഡില്‍ ഡിസ്‌പെന്‍സറി തുറന്നു. പരിശോധനാഫീസ് രണ്ടു രൂപ. സമ്പത്തും പ്രശസ്തിയുമല്ല ആതുരസേവനമേഖലയില്‍ ലക്ഷ്യമിടേണ്ടതെന്ന പ്രതിജ്ഞ അക്ഷരംപ്രതി അനുസരിച്ചതിന്റെ ചരിത്രമാണ് ഇതുവരെയുള്ള ഈ ഡോക്ടറുടെ ജീവിതം. തൃശ്ശൂര്‍ പെരിങ്ങാവില്‍ ആതുരസേവനം 53 ആണ്ട് പിന്നിടുമ്പോള്‍ ഈ ഡോക്ടറുടെ ഫീസ് 50 രൂപ മാത്രം.
പെരിങ്ങാവിലെ ഡിസ്‌പെന്‍സറിയില്‍ ഡോക്ടറുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റത്തില്‍ത്തന്നെ പാതി രോഗം മാറുമെന്ന് അനുഭവമുള്ളവര്‍ പറയുന്നു. കുറിച്ചുകൊടുക്കുന്നത് ചെറിയ വിലയുള്ള മരുന്നുകള്‍ മാത്രം. മുന്നിലെത്തുന്ന എല്ലാവര്‍ക്കും തുല്യപരിഗണന. അവസാനരോഗിയെയും പരിശോധിച്ചശേഷം മാത്രം ഉറക്കം. പ്രായം 81-ലെത്തി. ജീവിതം തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം മാത്രം. നേത്രദാനം അപരിചിതമായിരുന്ന കാലത്ത് ഈ യജ്ഞത്തിലേക്ക് ഇറങ്ങി ഡോ. വര്‍ഗീസ് ചാക്കോള. തൃശ്ശൂര്‍ ജില്ലയില്‍ നേത്രപടലമെടുത്തുനല്‍കുന്ന ചുമതല ഏറ്റെടുത്തത് ഇദ്ദേഹമാണ്. 1974 മുതല്‍ 1995 വരെ നടത്തിയ ഈ സേവനം വഴി 200 പേര്‍ക്ക് കാഴ്ച കിട്ടി.
ചാക്കോള തറവാട്ടിലെ ദേവസിയുടെയും മേരിയുടെയും മകനായ വര്‍ഗീസ് ജീവിതസഖിയാക്കിയത് ഞാറയ്ക്കലില്‍ പുത്തനങ്ങാടി വീട്ടില്‍ ആലീസിനെയാണ്. ഡോക്ടറുടെ ഭാര്യയും മക്കളും ഡോക്ടറായിരിക്കണമെന്ന അലിഖിത കീഴ്വഴക്കവും ഇദ്ദേഹം തെറ്റിച്ചു. ആലീസ് വീട്ടമ്മയാണ്. മക്കള്‍ മായ, മഞ്ജു, ധിനു എന്നിവരും മരുമക്കള്‍ ജേക്കബ്, ടെല്‍ഫി, റോസ്‌ലിന്‍ എന്നിവരിലാരും ഡോക്ടര്‍മാരുമല്ല.
Content Highlights: National Doctor's day 2020 81 year old doctors selfless service