Tomorrow, and tomorrow,and tomorrow
Creeps in this petty pace from day to day,
To the last Syllable of recorded time;
And all our yesterdays have lighted fools
The way to dusty death.Out, out, brief candle!
Life's but a walking shadow, a poor player,
That struts and frets his hour upon the stage,
And then is heard no more. ite is a tele
Told by an idiot, full of osund and fury,
Signifying nothing

മാക്ബത്തിന്റെ വികാരഭരിതമായ സോളിലോക്കി കേട്ട് അന്തംവിട്ടിരിക്കുന്ന ഞങ്ങള്‍ക്കു പിന്നില്‍ നിന്നും പെട്ടെന്നാണ് കയ്യടി കേട്ടത്. ''തകര്‍ത്തു അച്ഛാ. അടിപൊളി. ഷേക്സ്പിയര്‍ കസറിയത് മാക്ബത്തിലാണ് ട്ടോ. ഹാംലെറ്റൊക്കെ എന്ത് എന്ന് തോന്നിപ്പോകുന്നു. ഒഥല്ലോയിലെ സ്ലീപ് മൈ സോള്‍ കൂടി പറയെന്റെ അച്ഛാ''

പന്ത്രണ്ട് മണിക്കൂര്‍ പി.ജി എന്‍ട്രന്‍സ് എക്സാമിന്; അതും മെഡിസിന്‍; തലയും കുത്തി പഠിക്കുന്ന ചെറുക്കനാണ് അതൊന്നും പോരാഞ്ഞ് എം.എ. ഇംഗ്ലീഷിന് വന്നിരിക്കുന്നത്. ഞങ്ങള്‍ മൂന്നുപേരും- ഞാന്‍, റീമ, റാഫി- മുഖത്തോടു മുഖം നോക്കി. സ്ഥലം മാങ്കാവിലെ പ്രൊഫസര്‍ വേലായുധന്‍ സാറിന്റെ വീട്. സമയം വൈകുന്നേരം അഞ്ചുമണി. ഞങ്ങളുടേതായ കാരണത്താല്‍ ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് പരീക്ഷകള്‍ ഉഴറി ഉഴപ്പിയതിന്റെ ഭാഗമായി, സ്വയം നന്നാക്കലിന്റെ ഭാഗമായി വേലായുധന്‍ മാഷിന്റെയടുക്കല്‍ ശരണം പ്രാപിച്ചതാണ്. 2006-2008 കാലഘട്ടമാണ്. ആദ്യമായി മാഷിന്റെയടുക്കല്‍ ചെന്ന് കാലില്‍ വീണപ്പോള്‍ അല്പം ഗൗരവത്തോടെ മാഷ് പറഞ്ഞു, ഞാനല്പം സ്ട്രിക്റ്റാണ്. തരുന്ന അസൈന്‍മെന്റുകളൊക്കെ അപ്പപ്പോള്‍ ചെയ്യണം. എന്തു വേണേലും ചെയ്യാം. മാഷൊന്ന് ഏറ്റെടുത്താല്‍ മതിയെന്നായി ഞങ്ങള്‍.

മാഷിന്റെ ദേവീകൃപ എന്നു പേരുള്ള വീട്ടില്‍ രണ്ട് ആകര്‍ഷകങ്ങളുണ്ടായിരുന്നു. ഒന്ന് ആന്‍ ടീ എന്ന് ഞങ്ങള്‍ വിളിക്കുന്ന ആന്റി. മാഷിന്റെ കൗസു. നമ്മള്‍ വിചാരിക്കുമ്പോളേക്കും നല്ല ചായയും എന്തെങ്കിലുമൊരു കടിയും മുമ്പിലെത്തിക്കുന്ന ആന്റി. രണ്ടാമത്തേതും മുഖ്യമായതുമായ ആകര്‍ഷണം മാഷിന്റെ മകന്‍ ഡോ. ഡാനിഷ് ആയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ് പി.ജിയ്ക്ക് തയ്യാറെടുക്കുന്ന കക്ഷി. ഫുള്‍ടൈം വായന. മാഷ് മുകളിലേക്ക് ഏതെങ്കിലും റഫറന്‍സ് പുസ്തകങ്ങള്‍ എടുക്കാന്‍ പറഞ്ഞയച്ചാല്‍ ഡാനിഷിന്റെ സാമ്രാജ്യത്തിലേക്ക് ഞങ്ങള്‍ എത്തിനോക്കാന്‍ മറക്കില്ല. തലങ്ങും വിലങ്ങും തടിയന്‍ പുസ്തകങ്ങള്‍, മനുഷ്യന്റെ പൂര്‍ണമായും അല്ലാത്തതുമായ ചിത്രങ്ങള്‍. സ്പെല്ലിങ് മാത്രം പെറുക്കി വായിക്കാന്‍ പറ്റുന്ന ഹെഡ്ഡിങ്ങുകള്‍. അനന്തം അജ്ഞാതമായൊരു ലോകമായിരുന്നു അത് ഞങ്ങള്‍ക്ക്. 

പന്ത്രണ്ട് മണിക്കൂര്‍ സ്വയം നിശ്ചയിച്ചിട്ടുള്ള പഠന ഷെഡ്യൂളില്‍ നിന്നും ഡാനിഷ് ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങി വരും. ചോസറിന്റെ ഇംഗ്ലീഷ് മുതല്‍ ഇങ്ങോട്ട് പോസ്റ്റ് മോഡേണ്‍ തിയറികള്‍ വരെ കേട്ടിരിക്കും. അതിനിടയില്‍ ഡാനിഷിനിഷ്ടമുള്ള ചില എഴുത്തുകാരുണ്ട്. അവരുടെ കൃതികള്‍ പരാമര്‍ശിക്കുപ്പെടുമ്പോള്‍ തന്റെ പഠനം നിര്‍ത്തി ഞങ്ങളോടൊപ്പം ചേരും. ഒരിക്കല്‍ ആര്‍തര്‍ മില്ലറുടെ 'ഡെത്ത് ഓഫ് എ സെയില്‍സ് മാന്‍' എടുക്കുകയാണ് മാഷ്. മില്ലറുടെ ആന്റി ക്യാപിറ്റലിസ്റ്റ് മനോഭാവത്തെക്കുറിച്ചു പറയാന്‍ തുടങ്ങി. അപ്പോള്‍ മാഷ് ക്ലാസെടുക്കുകയാണെന്നൊന്നും നോക്കാതെ ഡാനിഷ് മുതലാളിത്തത്തെക്കുറിച്ചും സാഹിത്യത്തിലെ മുതലാളിത്തത്തെക്കുറിച്ചുമൊക്കെ പറയാന്‍ തുടങ്ങി. മാഷ് കുറച്ചുനേരം മിണ്ടാതെ കേട്ടിരുന്നു. പിന്നെ പറഞ്ഞു, ഇവരുടെ മാഷ് ഞാനാണ്. നീ പോയി പഠിക്കെടേ ചെക്കാ...

ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. പക്ഷേ ഡാനിഷ് വളരെ പോസിറ്റീവായിരുന്നു. അച്ഛനും മകനും ആ കുടുംബവുമായും ഞങ്ങള്‍ വ്യക്തിപരമായി ഗാഢബന്ധത്തിലായി. ഞങ്ങളുടെ പരീക്ഷയ്ക്കു മുന്നേ ഡാനിഷ് എന്‍ട്രന്‍സ് കിട്ടി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയി. പലജീവിതസാഹചര്യങ്ങളില്‍ നിന്നും വന്നിരുന്ന ഞങ്ങളുടെ മുഖം നോക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സംസാരങ്ങള്‍ ആ കുടുംബം തന്ന വലിയൊരു ആശ്വാസമായിരുന്നു. 

ആയിടയ്ക്കാണ് എനിക്ക് വീടുപണി പൂര്‍ത്തിയാക്കേണ്ടി വന്നത്. ഒപ്പം കല്യാണവും. കാശിന് നല്ല ബുദ്ധിമുട്ടുള്ള സമം. മെഡിസിന്‍ പി.ജി. ചെയ്യുന്ന ഡാനിഷിന് എപ്പോഴും കാഷ്വാല്‍റ്റി ഡ്യൂട്ടിയാണ്. ഏത് സമയത്തും മെഡിക്കല്‍ കോളേജിലുണ്ടാവണം. അങ്ങനെ ഡാനിഷിന് ഒരു കാര്‍ വാങ്ങാനുള്ള സമ്മതം മാഷ് കൊടുത്തു. അപ്പോളാണ് എന്റെയും പ്രതിസന്ധി. ഒരു ദിവസം മാഷ് പറഞ്ഞു. ഡാനിഷിന് കാറ് പിന്നെ വാങ്ങാം. ആദ്യം നടക്കേണ്ടത് ഷബിയുടെ ആവശ്യങ്ങളാണ്. പിന്നാലെ ഡാനിഷ് വിളിച്ചു. വിവാഹത്തിന് ആശംസകളറിയിച്ചുകൊണ്ട്, ഒപ്പം നല്ല ജീവിതം നയിക്കണമെന്ന ഓര്‍മപ്പെടുത്തലും. എന്തടിസ്ഥാനത്തിലാണ് ഡാനിഷിന്റെ കാര്‍ എന്ന സ്വപ്നം എനിക്കായി നീട്ടിവെച്ചത് എന്നു ചോദിച്ചാല്‍ മനുഷ്യനെ ശാസ്ത്രീയമായി പഠിക്കുന്ന ഒരാളും മനുഷ്യനെ കാല്പനികമായി കാണുന്ന ഒരാളും തമ്മിലുള്ള പരസ്പരധാരണ എന്നതാണ് അതിന്റെ ഉത്തരം. 

പി.ജി. കഴിഞ്ഞ് ഡാനിഷ് തിരക്കുള്ള ഡോക്ടറായി. പക്ഷേ ആദ്യമായി അമ്മയാവാന്‍ പോകുന്നയാളെന്ന നിലയിലുള്ള എന്റെ എല്ലാ ആകുലതകള്‍ക്കും കൃത്യമായി ഫോണ്‍ അറ്റന്‍ഡ് ചെയ്തുകൊണ്ട് മറുപടി തന്നു. ഓരോ സ്‌കാനിങ്ങും കഴിഞ്ഞ് റിസല്‍ട്ട് അയച്ചു കൊടുക്കും. ഡാനിഷ് ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞാല്‍ ഞാന്‍ സമാധാനമായി ഉറങ്ങി. പിന്നെ അമ്മമ്മയ്ക്ക് ലിവര്‍ സിറോസിസ് വന്നപ്പോള്‍ എന്റെ സൗകര്യം മാനിച്ചുകൊണ്ട് ഡാനിഷ് അമ്മമ്മയെ ചികിത്സിച്ചു. മെഡിക്കല്‍ കോളേജിലെ തന്റെ വിദ്യാര്‍ഥികള്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ പരിപൂര്‍ണ പിന്തുണ പലപ്പോഴും അമ്മമ്മയുടെ കാര്യത്തില്‍ എനിക്കു സഹായകമായി. മെഡിക്കല്‍ കോളേജിലെ ചില കര്‍ശനങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ഡാനിഷിന്റെ അറിവില്ലാതെ ഞാന്‍ ഡോക്ടര്‍ ഡാനിഷ് എന്ന പേര് ഉപയോഗിച്ചു. നിബന്ധനകളും വിലക്കുകളും താല്ക്കാലികമായി നീങ്ങിക്കിട്ടി. 

ഒരിക്കലും ഡാനിഷിന് സുഖമാണോ എന്ന് ഞാന്‍ വിളിച്ച് അന്വേഷിച്ചിട്ടേയില്ല. എന്റെ മക്കള്‍ക്ക് അസുഖം വന്നാല്‍ കയ്യിലുള്ള മരുന്ന് കൊടുക്കാമോ എന്നു ചോദിക്കാന്‍, ബന്ധുക്കളാരെങ്കിലും ചികിത്സതേടിയാല്‍... അങ്ങനെ എന്റെ ആവശ്യങ്ങള്‍ക്കുമാത്രം വിളിച്ചു. പന്ത്രണ്ട് മണിക്കൂര്‍ പഠിത്തക്കാരന്‍ എന്നു ഞങ്ങള്‍ രഹസ്യമായിപ്പറഞ്ഞിരുന്ന ഡാനിഷിനെ മുന്‍പൊക്കെ ഞങ്ങളുടേതായ ആവശ്യങ്ങള്‍ക്കു വിളിക്കുമ്പോഴെല്ലാം അയാള്‍ മനുഷ്യരുടെയൊപ്പമായിരുന്നു. ജീവനും ജീവിതവും തമ്മില്‍ പോരാട്ടം നടത്തുന്ന അത്യാഹിതവിഭാഗത്തിലും ഐ.സി.യുവിലും നിന്ന് അയാള്‍ മറുപടി തന്നു: ''അത്യാവശ്യമാണോ. ഞാന്‍ പേഷ്യന്‍സിന്റെയടുത്താണ്''.

കോട്ടയത്തെ പഠിത്തം കഴിഞ്ഞ് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്. ഡോ. ഡാനിഷ്, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം എന്ന ബോര്‍ഡിനു താഴെ മറ്റുള്ള രോഗികളോടൊപ്പം ഞാനും കാത്തിരുന്നു, എന്റെ അമ്മയെ കാണിക്കാന്‍, അമ്മമ്മയെ കാണിക്കാന്‍, ഭര്‍ത്താവിനെ കാണിക്കാന്‍. പ്രയോറിറ്റി എന്നൊന്നിനെ മുതലാക്കേണ്ടതില്ല എന്നു ഞാന്‍ മനസ്സിലാക്കിയത് അവിടെ നിന്നാണ്. 

ഡോക്ടറുടെ ഒരു ദിവസത്തിലെ പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമത്തെ പഠിപ്പിസ്റ്റ് മാനിയയായി കണ്ട എന്നോടുതന്നെ സ്വയം ചോദിച്ചു, എന്താണിഷ്ടാ! ആ പന്ത്രണ്ട് മണിക്കൂര്‍ ഇരട്ടിയാക്കി സഹജീവികള്‍ക്കും സമൂഹത്തിനും തിരിച്ചുനല്കിയ ഞങ്ങളുടെ ഡോക്ടര്‍ പയ്യന്‍ സ്റ്റാര്‍ ഹോസ്പിറ്റലുകളുടെ ഓഫറുകളില്‍ വീഴാതെ സാധാരണക്കാരുടെ ആശ്രയമായതിലും അഭിമാനം. കോവിഡ് കാലത്ത് ഡോ. ഡാനിഷ് സുഖമായിരിക്കുന്നോ എന്ന് ചോദിച്ചാല്‍ മറുപടി ഒരു പക്ഷേ എത്രപേര്‍ക്ക് രോഗം ഭേദമായി എന്നായിരിക്കും.  

ഇന്നും മാഷിന്റെ വീട്ടിലേക്ക് സ്വന്തം വീട്ടിലേക്കെന്നപോലെ ഞങ്ങള്‍ മൂന്നുപേരും കയറിച്ചെല്ലുന്നു. അപ്പോളൊക്കെ കാണാം മുമ്പിലെ ബെഞ്ചില്‍ ഇരിക്കുന്ന രോഗികളെ. മിക്കവരുടെയും കണ്ണുകള്‍ അവരുടെ ജീവിതസാഹചര്യം വിളിച്ചുപറയുന്നതാണ്. അകത്തേക്കു കയറിപ്പോകുമ്പോഴുള്ള ആകുലതകളൊന്നുമില്ലാതെ പേശികളയഞ്ഞ മുഖത്തോടെ അവര്‍ ഡോക്ടറെക്കണ്ട് തിരിച്ചിറങ്ങുന്നതും കാണാം. അകത്തിരിക്കുന്നയാള്‍ ജീവിതമൊരു വിഡ്ഢി പറഞ്ഞ കഥയാണെന്ന കാര്യം എന്നോ ആസ്വദിച്ചംഗീകരിച്ചതാണല്ലോ. അപ്പോള്‍ ആശ്വസിക്കാതിരിക്കുന്നതെങ്ങനെ.

Content Highlights: National Doctor'Day 2020, A Doctor who loved literature Shabitha writes about Dr Danish , Health