കോവിഡ് മഹാമാരിക്ക് മുന്‍പില്‍ ഭയന്നുനില്‍ക്കുന്നവരോട് ഡോ. രേഖയ്ക്ക് പറയാനുള്ളത് കരുതലിന്റെ സ്വന്തം കഥ. ഈ സമയം ഭയക്കാനുള്ളതല്ല, പോരാടാനുള്ളതാണ്. പ്രതിരോധത്തിനുള്ള അവസരം ഒന്നുപോലും നഷ്ടപ്പെടുത്തരുതെന്ന് ബോധ്യമായ ദിവസങ്ങള്‍- ഡോ. പി. രേഖ പറഞ്ഞുതുടങ്ങി.
ജൂണ്‍ എട്ടിനാണ് ഞങ്ങളുടെ സാമൂഹിക ആരോഗ്യകേന്ദ്രത്തെ ഞെട്ടിച്ചുകൊണ്ട് ആ വിവരമറിയുന്നത്. സഹപ്രവര്‍ത്തകന് കോവിഡ് പോസിറ്റീവ്. അന്നുതന്നെ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. സ്രവം പരിശോധനയ്‌ക്കെടുത്തു. ആദ്യദിവസത്തെ ഞെട്ടലില്‍ നിന്ന് മോചനമാകുന്നതിനു മുന്‍പേ പ്രദേശത്തെ മുഴുവന്‍ ഭീതിയിലാക്കുന്നവിധം അടുത്ത ഫലങ്ങളെത്തി. ഞാനുള്‍പ്പെടെ കേന്ദ്രത്തിലെ രണ്ടുപേര്‍ക്കു കൂടി പോസിറ്റീവ്.
രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നു. ആദ്യം പോസിറ്റീവായ ജീവനക്കാരനുമായി അധികം സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. എന്നിട്ടും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പരിശോധനാഫലമെത്തി. പോസിറ്റീവാണെന്ന് അറിഞ്ഞ നിമിഷം ആദ്യം ഓര്‍ത്തത് വീട്ടുകാരെയാണ്. പക്ഷേ, ഒന്നെനിക്കുറപ്പായിരുന്നു. അവര്‍ക്കാര്‍ക്കും രോഗം വരില്ല. പരിശോധനാവേളയിലും വീട്ടിലും അത്രമാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ചികിത്സയ്ക്കായി തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വീട്ടിലുള്ള എട്ടുപേരും നിരീക്ഷണത്തിലേയ്ക്കും കടന്നു. പരിശോധനയ്‌ക്കെത്തിയവരുടേയും ഭര്‍ത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിലും സഹോദരിയുടെ ക്ലിനിക്കിലും എത്തിയവരുടേയും പട്ടിക തയ്യാറാക്കി. അഞ്ഞൂറിലധികം പേരുടെ നീണ്ട പട്ടിക. വീടിന്റെ പരിസരം അതിനിയന്ത്രിത മേഖലകളായി. ഏറ്റവും അടുത്ത് ഇടപഴകിയവരുടെ പരിശോധനാഫലം നെഗറ്റീവായി. എടുത്ത മുന്‍കരുതലുകളൊന്നും പാഴായില്ല. ആശുപത്രിയിലെ കോവിഡ് പരിചരണ വാര്‍ഡിലെ അനുഭവവും വ്യത്യസ്തമായിരുന്നു. ഡോക്ടര്‍മാരും ജീവനക്കാരും എല്ലാം പരിചയക്കാര്‍. പി.പി.ഇ. കിറ്റ് ധരിച്ച് എത്തുന്നതിനാല്‍ അവരെല്ലാം അപരിചിതരായ ദിനങ്ങള്‍. ജൂണ്‍ 12-നും 17-നും നടത്തിയ പരിശോധനാഫലം നെഗറ്റീവ് ആയതോടെ രോഗത്തിനെതിരായ പോരാട്ടം പൂര്‍ണതയിലേക്കെത്തുന്നു എന്ന് ബോധ്യപ്പെട്ടുതുടങ്ങി.
കോവിഡ് നെഗറ്റീവ് ഫലവുമായി ജില്ലാ ആശുപത്രിയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ മനസ്സ് നിറയെ പോസിറ്റീവ് ചിന്തകളായിരുന്നു.
വീട്ടിലെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ദിവസംതന്നെ വടക്കേക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലേയ്ക്ക് ഞാനെത്തും -രേഖയുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.
Content Highlights: a doctor shares her experience when she affected covid national doctor's day 2020