ഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പകര്‍ച്ചവ്യാധികളും രോഗങ്ങളും. ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകര്‍ച്ച മൂലം പലവിധ സാംക്രമിക രോഗങ്ങള്‍ മഴക്കാലത്ത് കൂടിയ തോതില്‍ കാണപ്പെടുന്നു.

കുടിവെള്ളം മലിനപ്പെടുന്നതും, രോഗാണുക്കള്‍ക്ക് പെറ്റ് പെരുകാന്‍ കൂടുതല്‍ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈര്‍പ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങള്‍ കൂടാന്‍ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകള്‍ പെരുകാനും തന്മൂലം കൊതുക് പകര്‍ത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന് പുറമേ രോഗാണു വാഹകര്‍ ഈച്ചകള്‍ പെറ്റ് പെരുകുന്നതും വയറിളക്ക രോഗങ്ങള്‍ക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും. 

പ്രധാനപ്പെട്ട മഴക്കാലരോഗങ്ങളെ അറിയാം..

 • ജലജന്യ രോഗങ്ങള്‍: വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ ചര്‍ദ്ദി, അതിസാരം തുടങ്ങിയവ.
 • കൊതുക് പകര്‍ത്തുന്ന രോഗങ്ങള്‍: മലേറിയ, ഡെങ്കി പനി & ചിക്കന്‍ ഗുനിയ, ജാപ്പനീസ് എന്‌സേഫലൈടിസ് എന്നിവ.
 • മറ്റു പകര്‍ച്ച വ്യാധികള്‍ : മറ്റു വൈറല്‍ പനികള്‍, എലിപ്പനി തുടങ്ങിയവ.

രോഗലക്ഷണങ്ങള്‍

വയറിളക്കം  റോട്ട വൈറസ് രോഗാണു ബാധ വയറിളക്കം ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളില്‍ ഒന്നാണ്. വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്ടീരിയ പരത്തുന്ന കോളറ ആണ്. കഞ്ഞി വെള്ളത്തിന് സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തില്‍ കാണപ്പെടുക. കൂടെ ചര്‍ദ്ദിയും ഉണ്ടാവാം.

പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛര്‍ദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകള്‍ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു. എന്നാല്‍ വയറിളക്കത്തിനും ഛര്‍ദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്ങില്‍ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാര്‍ വരുന്നതുള്‍പ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടല്‍ വളരെ അത്യാവശ്യമാണ് .

ടൈഫോയിഡ് ; നീണ്ടു നില്‍ക്കുന്ന പനി ആണ് സാല്‌മോണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് രോഗത്തിന്റെ പ്രധാന ലക്ഷണം.

ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും. എന്നാല്‍ നാലഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു.

ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്കില്‍ ടൈഫോയിഡ് മൂലം ചെറുകുടലില്‍ കാണപ്പെടുന്ന അള്‍സര്‍ മൂര്‍ഛിച്ചു കുടലില്‍ സുഷിരം വീഴുകയും തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായി ബോധക്കേട് ഉണ്ടാവുകയും ചെയ്യാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വൈഡാല്‍ (Widal Test) ടെസ്റ്റ്. എന്നാല്‍ ഈ ടെസ്റ്റ് പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.

മഞ്ഞപ്പിത്തം; ഭക്ഷണവിരക്തി, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, മൂത്രത്തിന് കടുത്ത മഞ്ഞ നിറം എന്നിവ ഒക്കെ ആയിരിക്കും വൈറല്‍ ഹെപ്പറ്റൈറ്റിസ് മഞ്ഞപ്പിത്തതിന്റെ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം പിടിപെട്ട രോഗികള്‍ ആഹാരത്തില്‍ ഉപ്പു ഉപയോഗിക്കാന്‍ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്.

പനി, തളര്‍ച്ച, ശരീരം/സന്ധി വേദനകള്‍, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ എന്നിവ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, ജപ്പാന്‍ ജ്വരം എന്നിവയുടെ പ്രധാന ലക്ഷണങ്ങളാണ്. ജപ്പാന്‍ ജ്വരം തലച്ചോറിനെയും ബാധിക്കുന്നത് കൊണ്ട് അവര്‍ക്ക് ഇത് കൂടാതെ പെരുമാറ്റത്തില്‍ വ്യതിയാനം, അപസ്മാര ചേഷ്ടകള്‍, കടുത്ത തലവേദന, കൈ കാല്‍ തളര്‍ച്ച എന്നിവയും ഉണ്ടാവാം.

ഡെങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shocks yndrome ഭാഗ്യവശാല്‍ അപൂര്‍വ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയില്‍ മികച്ച ചികിത്സ ലഭിച്ചാല്‍ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം. എന്നാല്‍ ഭൂരിഭാഗം ഡെങ്കിപനികളും കാര്യമായ ചികിത്സകള്‍ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോര്‍ടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാല്‍ ഡെങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അര്‍ത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലും ആണ് ഡെങ്കി പനിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട അത്യാവശ്യ മുന്‍കരുതലുകള്‍.

* ഇടവിട്ടുള്ള പനി, തലവേദന, ചര്‍ദ്ദി, വിറയല്‍ എന്നിവ മലേറിയ അഥവാ മലമ്പനിയില്‍ കാണപ്പെടുന്നു.

*ലെപ്‌ടോസ്‌പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗം ആണ് എലിപ്പനി അഥവാ ലെപ്‌ടോസ്‌പൈറോസിസ്. രോഗാണു വാഹകര്‍ ആയ ജന്തുക്കളുടെ വൃക്കയില്‍ ഇവ കാണപ്പെടുമെങ്കിലും ഈ ജന്തുക്കളില്‍ രോഗമുണ്ടാവില്ല. നായ, കന്നുകാലികള്‍, പന്നി എന്നിവ രോഗാണു വാഹകര്‍ ആവാമെങ്കിലും നമ്മുടെ നാട്ടില്‍ സാധാരണയായി എലികളാണ് ഈ രോഗം പടര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് എന്നതിനാലാവണം എലിപ്പനി എന്ന പേര് ഈ രോഗത്തിന് വന്നുഭവിച്ചത്.

രോഗാണു വാഹകര്‍ ആയ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലത്തില്‍ മനുഷ്യര്‍ വേണ്ട മുന്‍കരുതല്‍ ഇല്ലാതെ ഇറങ്ങുമ്പോള്‍ തൊലിപ്പുറത്ത് ഉള്ള ചെറിയ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെയും ലെപ്‌ടോസ്‌പൈറ രോഗം ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന പ്രത്യേകിച്ചും കാലിന്റെ മുട്ടിന് താഴെയുള്ള പേശികള്‍കളുടെ വേദന, തലവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

രോഗം ഉള്ള ആളുടെ വിസ്സര്‍ജ്യങ്ങള്‍ കലര്‍ന്ന് കുടിവെള്ളം മലിനം ആവുന്നതാണ് ജലജന്യരോഗങ്ങള്‍ക്ക് കാരണം. ശരിയായ രീതിയിലല്ലാത്ത മാലിന്യനിര്‍മ്മാര്‍ജ്ജനവും, പരിസര ശുചിത്വത്തിന്റെ അഭാവവും, കുടിവെള്ള ശ്രോതസ്സുകള്‍ മലിനമാക്കുന്നു. ഇത് ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുന്നു. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണ് പല മഴക്കാല രോഗങ്ങളും പ്രധാനമായും പടരുന്നത് എന്നുള്ളത് കൊണ്ട് തന്നെ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒരു പരിധിവരെ രോഗങ്ങള്‍ തടയാം.

മഴക്കാലരോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം? 

 • രോഗങ്ങള്‍ തടയാന്‍ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
 • ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും, മലവിസര്‍ജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
 • പഴങ്ങള്‍, പച്ചക്കറികള്‍ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
 • ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളില്‍ മൂടി വെക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക.
 • തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാന്‍ പാടില്ല.
 • കുടിവെള്ള സ്രോതസുകള്‍ ബ്ലീച്ചിംഗ് പൗഡര്‍, ക്‌ളോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം.
 • വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
 • തുറസായ സ്ഥലത്ത് മലവിസര്‍ജനം ചെയ്യാതിരിക്കുക.
 • പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.
 • കൊതുകിന്റെ പ്രജനനം തടയാന്‍ :
 •  വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.
 •  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്ള 'ഡ്രൈ ഡേ ആചരണം' (കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നത് ശീലമാക്കുക.
 •  മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ മുതലായവയില്‍ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. (ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ക്ക് പെറ്റ് പെരുകാന്‍ ഒരു സ്പൂണ്‍ വെള്ളം പോലും വേണ്ട എന്നത് ഓര്‍ക്കുക.)
 • കൊതുക് കടിക്കാതെ ഇരിക്കാന്‍ വ്യക്തിഗത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. അതായത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, മറ്റു ദ്വാരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വല അടിക്കുക.

എലിപ്പനി പ്രതിരോധിക്കാന്‍

 •  കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാല്‍ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവര്‍   കൈയുറ, റബ്ബര്‍ ബൂട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകള്‍ കൃത്യമായി ബാന്‍ഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട്       കൈകാലുകള്‍ വൃത്തിയാക്കുക.
 •  എലിവിഷം, എലിപ്പെട്ടി, നാടന്‍ എലിക്കെണികള്‍ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.
 •  സ്വയം ചികില്‍സ അപകടകരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക് കടപ്പാട്: ഇന്‍ഫോക്ലിനിക്ക്