കേരളം ശക്തമായ കാലവര്‍ഷം നേരിടുകയാണ്. വെള്ളപ്പൊക്ക ദുരിതം വെള്ളമിറങ്ങിയാലും തുടരും. അഴുക്കും ചെളിയും പിന്നാലെയെത്തുന്ന കുടിവെള്ളപ്രശ്‌നവും പകര്‍ച്ച വ്യാധികളുമാണ് വെള്ളം കയറിയ മേഖലകള്‍ ഇനി നേരിട്ടേക്കാവുന്ന ദുരിതം. പകര്‍ച്ചവ്യാധി സാധ്യത പരിഗണിച്ച്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരും 
സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. 

നിര്‍ദേശങ്ങള്‍

  • കാലവര്‍ഷം കനത്തതോടെ ജലജന്യരോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം
  • തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കുക, ആഹാരത്തിനുമുമ്പും ശൗചത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുക,
  • വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, മാലിന്യം വലിച്ചെറിയാതിരിക്കുക 
  • മലിനമായ കിണറുകളിലെ ജലം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണം
  • അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വയറിളക്കരോഗങ്ങള്‍ ഉണ്ടായാല്‍ ഗുരുതരമാകുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
  • വയറിളക്കരോഗങ്ങള്‍ ഉണ്ടായാല്‍ ഒ.ആര്‍.എസ്., ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മറ്റ് പാനീയങ്ങള്‍ എന്നിവ ആവശ്യത്തിന് നല്‍കണം.
  • ദുരിതബാധിത പ്രദേശങ്ങളില്‍ പനിയോ മറ്റേതെങ്കിലും പകര്‍ച്ചവ്യാധികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉടന്‍ വിവരം അറിയിക്കണം.
  • ജലവുമായി സമ്പര്‍ക്കമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ ഡോക്‌സിപ്രൊഫിലാക്‌സിസ് എന്ന പ്രതിരോധ ഗുളിക കഴിക്കണം.
  • തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന മലിനജലം ക്ലോറിനേഷന്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.