നിപ്പ ഭീതിക്ക് പിന്നാലെ ജപ്പാന്‍ ജ്വരവും ഭീഷണിയാവുകയാണ്. കഴിഞ്ഞദിവസം ജപ്പാന്‍ജ്വരം ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പകരാതിരിക്കാനായുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു.

ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്ടാണ്. ജപ്പാന്‍ജ്വരം ബാധിച്ച് ഒഞ്ചിയം വെള്ളച്ചാലില്‍ പത്മിനി കഴിഞ്ഞദിവസം മരിച്ചിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ആദ്യമാണിത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോഴിക്കോട് നടക്കാവ് പ്രദേശത്ത് ജപ്പാന്‍ ജ്വരമുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്നും വേറെ ആരും നിരീക്ഷണത്തിലില്ലെന്നും ഡി.എം.ഒ. ഡോ. വി. ജയശ്രീ പറഞ്ഞു.

ക്യൂലക്‌സ് ഇനത്തില്‍പ്പെട്ട നാലിനം കൊതുകുകളാണ് ഇതിന്റെ വാഹകര്‍. സാധാരണയായി രാത്രികാലങ്ങളിലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്.

ലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അവയവങ്ങള്‍ക്ക് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗമാണിത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • കൊതുകുകളുടെ കടി കൊള്ളാതിരിക്കുക.
 • മലിനജലത്തിലാണ് ഈ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഇതിനുള്ള സാഹചര്യം ഒഴിവാക്കണം.
 • വീടും പരിസരങ്ങളും ശുചീകരിക്കുക.
 • ചിരട്ടകള്‍, ഒഴിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.
 • ഓടകള്‍ ശുചീകരിക്കുക.
 • പൊതുസ്ഥലങ്ങളില്‍ മാലിന്യം ഇടുന്നത് തടയുക.
 • രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം ചികിത്സ നടത്താതിരിക്കുക.
 • മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ നടത്തുക.
 • കൊതുകുകളെ ഉറവിടങ്ങളില്‍നിന്നു തന്നെ നശിപ്പിക്കുക.

ചികിത്സ

ജപ്പാന്‍ ജ്വര വൈറസ് നശിപ്പിക്കാന്‍ ഫലപ്രദമായ മരുന്നുകളില്ല. എന്നാല്‍, രോഗ പ്രതിരോധ വാക്‌സിന്‍ ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാം. പൂര്‍ണമായ വിശ്രമവും രോഗിക്ക് ആവശ്യമാണ്. നിയന്ത്രണം

 • പ്രതിരോധ വാക്‌സിനേഷന്‍ എടുക്കുക
 • വ്യക്തിഗത സുരക്ഷിതത്വം ഉറപ്പ് വരുത്തുക
 • കൊതുകുനിയന്ത്രണം