നിപ്പ വൈറസ് ഉണ്ടാക്കിയ ഞെട്ടലിന് നടുവിലായിരുന്നു കേരളം. എന്നാല്‍ വേഗത്തില്‍ നിപ്പ രോഗത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനും സാധിച്ചത് ഏറെ ആശ്വാസമായി. എന്നാല്‍ രണ്ട് പതിറ്റാണ്ടായി ഭീഷണി ഉയര്‍ത്തുന്ന ഡെങ്കിപ്പനിയെ നിയന്ത്രിക്കാന്‍ നമുക്ക് ഇനിയുമായിട്ടില്ല.

ഈഡിസ് വിഭാഗം കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് കേരളത്തില്‍ വൈറസ് പരത്തുന്നത്. രോഗബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴു ദിവസങ്ങള്‍ക്കു ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.

വീണ്ടും വരുമ്പോള്‍ തീവ്രത കൂടും

ഒരിക്കല്‍ ഡെങ്കിപ്പനി ബാധിച്ചവരെ വീണ്ടും ഡെങ്കിപ്പനി ബാധിച്ചാല്‍ അത് മാരകമായി മാറാന്‍ സാധ്യത കൂടുതലാണ്. കേരളം ഇപ്പോള്‍ നേരിടുന്ന ഭീഷണിയും അതാണ്. കഴിഞ്ഞവര്‍ഷം വലിയ തോതില്‍ ഡെങ്കിപ്പനി ബാധിച്ച സാഹചര്യത്തില്‍ വീണ്ടും രോഗം വ്യാപിക്കുന്നത് കരുതലോടെ നേരിടേണ്ടതുണ്ട്. 

ഡെങ്കി വൈറസ് ഒരു കുടുംബമാണ്. അതിന് denv-1denv-2,denv-3,denv4 എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളമുണ്ട്. ഇതില്‍ ഒരാളെ ഒരിക്കല്‍ ബാധിച്ച വൈറസ് തന്നെയാവണമെന്നില്ല രണ്ടാമതും ബാധിക്കുന്നത്. മറ്റൊരു ഉപവിഭാഗം വൈറസാണ് രണ്ടാമത് ബാധിക്കുന്നതെങ്കില്‍ അത് ഗുരുതരമാണ്. ഡെങ്കി ഹെമറാജിക് ഫീവര്‍ ആകാന്‍ സാധ്യതയുണ്ട്. ആന്തരിക രക്തസ്രാവം, രക്തസമ്മര്‍ദം അമിതമായ ഷോക്ക് തുടങ്ങിയ സങ്കീര്‍ണതകള്‍ വരാം. 

ഒരിക്കല്‍ ഡെങ്കി ബാധിച്ച ഒരാള്‍ക്ക് വീണ്ടും മറ്റൊരുതരം ഡെങ്കി വൈറസ് ബാധിച്ചാല്‍ നേരത്തെ ഡെങ്കി വൈറസിനെതിരേ ശരീരത്തിലുണ്ടായ ആന്റിബോഡികള്‍ പുതിയ വൈറസ് ആന്റിജനുമായി പ്രതിപ്രവര്‍ത്തിച്ച് സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഇതുകാരണം പല തരത്തിലുള്ള സൈറ്റോകൈനുകളും കീമോകൈനുകളും ഉത്പാദിപ്പിക്കപ്പെടും. ഇവ രക്തത്തിലെ പ്ലാസ്മ കുറയ്ക്കാന്‍ ഇടയാക്കും. ഇങ്ങനെ പ്ലാസ്മ നഷ്ടം ഉണ്ടാവുമ്പോള്‍ രക്തസമ്മര്‍ദ്ദം വലിയതോതില്‍ താഴും.

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ ഉണ്ടാകുന്ന ആന്റി ബോഡികളും സൈറ്റോകൈനുകളും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിക്കും. രക്തക്കുഴലിലെ ഉള്‍പാളിയായ എന്‍ഡ്രോതീലിയത്തില്‍ കേടുപാടുകള്‍ വരുത്തുകയും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യും.

Content Highlights: A Second Time Dengue Infection Can be Life-Threatening