ന്യൂഡല്‍ഹി: ശുചിത്വഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാതൃഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ അംഗീകാരം. മാധ്യമങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛതാ അവാര്‍ഡ് മാതൃഭൂമിക്ക് ലഭിച്ചു. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന 'സ്വച്ഛ് ഭാരത് ദിവസ്' സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ മാതൃഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ 'മിഷന്‍ മെഡിക്കല്‍ കോളേജ്', 'ക്ലീന്‍ കാലിക്കറ്റ്', 'ക്ലീന്‍ തൃശൂര്‍' പദ്ധതികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. മാധ്യമരംഗത്തുനിന്ന് മാതൃഭൂമിക്കുമാത്രമാണ് പുരസ്‌കാരം.

തിങ്കളാഴ്ച വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയില്‍നിന്ന് മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ചീഫ് മാനേജര്‍ കെ.ആര്‍ പ്രമോദ് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര കുടിവെള്ള-ശുചിത്വ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ ഉമാഭാരതി, ഹര്‍ദീപ് സിങ് പുരി, രമേഷ് ചന്ദപ്പ ജിഗജിനഗി എന്നിവരും സന്നിഹിതരായിരുന്നു.

പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ 'മൈ ഡല്‍ഹി കീപ് ഇറ്റ് ക്ലീന്‍' അര്‍ഹരായി. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഏഴുവിഭാഗത്തിലായി വ്യക്തികളും ഏജന്‍സികളും ഉള്‍പ്പെടെ 20 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. മുനിസിപ്പല്‍ ഖരമാലിന്യങ്ങളില്‍നിന്ന് കംപോസ്റ്റ്  നിര്‍മിച്ച് വിപണനം നടത്തിയ കെ ആര്‍ ഐ ബി എച്ച് സി ഒ സ്വച്ഛതാ അവാര്‍ഡിന് അര്‍ഹരായി. 

സമ്പൂര്‍ണ മാലിന്യ രഹിത സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് മൈസുരു റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനും മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുനെയിലെ റോസ് ലാന്‍ഡ് ഹൗസിങ് സൊസെറ്റിയും അര്‍ഹരായി. സ്‌കൂള്‍- കോളേജ് വിഭാഗങ്ങളില്‍ കസ്തൂര്‍ബാ ഗാന്ധി ബാലികാ അവാസിയ വിദ്യാലയയും അംബികാറും പുരസ്കാരത്തിന് അര്‍ഹരായി. മാലിന്യരഹിത സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം സിക്കിമിലെ പെമയാങ്‌സ്‌തെ ബുദ്ധവിഹാരത്തിന് ലഭിച്ചു. ഭക്ഷണമാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്  കോയമ്പത്തൂരിലെ നോ ഫുഡ് വേസ്‌റ് പദ്ധതിയ്ക്കും പുരസ്‌കാരം ലഭിച്ചു.