കോഴിക്കോട്: മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി കോണ്ടൂര്‍സര്‍വേ നടത്താന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി.യുടെയും എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ നടന്ന ജനകീയസമിതിയോഗം തീരുമാനിച്ചു.

സര്‍ക്കാറും മാതൃഭൂമി മെഡിക്കല്‍മിഷനും ചേര്‍ന്നാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ സര്‍വേയ്ക്ക് നിയോഗിക്കും. നിലവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തി പുതിയ മെഡിക്കല്‍ കോളേജാണ് ലക്ഷ്യമെന്ന് സമിതി കണ്‍വീനര്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. പറഞ്ഞു. ആസ്​പത്രിയെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുന്നതിനൊപ്പം മെഡിക്കല്‍ കോളേജില്‍ ഐ.ഐ.എം. നിലവാരത്തിലുള്ള കാമ്പസ് ഒരുക്കും. മുന്നോടിയായി ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ മെഡിക്കല്‍ കോളേജിലെ വകുപ്പുമേധാവികളുടെ യോഗം വിളിച്ചു.

മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ അഞ്ചിന് കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചിരുന്നു. ഇതിനായി എം.പി. വീരേന്ദ്രകുമാര്‍ ചെയര്‍മാനും എ. പ്രദീപ്കുമാര്‍ എം.എല്‍.എ. കണ്‍വീനറുമായി രൂപവത്കരിച്ച ജനകീയ സമിതിയെ ചുമതലപ്പെടുത്തി. ഇതിന്റെ തുടര്‍നടപടിയായാണ് ആരോഗ്യവകുപ്പ് സെക്രട്ടി തിങ്കളാഴ്ച വകുപ്പുമേധാവികളുടെ യോഗംവിളിച്ചത്.
mission medical college

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. ജീവനക്കാരുടെ അനുപാതം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജിന് കൈത്താങ്ങാവാനുള്ള മാതൃഭൂമിയുടെ ഉദ്യമത്തെ ആരോഗ്യ സെക്രട്ടറി പ്രശംസിച്ചു.

മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജിനുള്ള ആദ്യഘട്ട ഉപകരണങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന് കൈമാറി. സംഭാവനയായി ലഭിച്ച വീല്‍ചെയറുകള്‍, കിടക്കവിരികള്‍, ഫാനുകള്‍, ടെലിവിഷനുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയാണ് കൈമാറിയത്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍ എന്നിവരും പങ്കെടുത്തു.