കോഴിക്കോട്:  കേരളത്തില്‍ എയിംസ് തീര്‍ച്ചയായും എത്തുമെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് എത്തേണ്ടത് അത്യാവശ്യമാണ്. അത് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതല്ല. നല്‍കാതിരിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പരിപാടിയുടെ ഭാഗമായി മകള്‍ ലക്ഷ്മിയുടെ സ്മരണയ്ക്കായി മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് അമ്മയ്ക്കും കുട്ടിക്കും കിടക്കാവുന്ന 50 കട്ടിലുകള്‍ സംഭാവന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എയിംസിനാവശ്യമായ ഭൂമിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നിമിഷം ആ സ്ഥലത്തേക്ക് ഉറപ്പായും എയിംസ് എത്തും. അടുത്ത ബജറ്റില്‍ അതിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.' ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷേ അത് കോഴിക്കോട്ടായിരിക്കില്ല. എന്നാല്‍ കേരളത്തില്‍ അത് വരും. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി ചര്‍ച്ച നടക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല. തങ്ങളുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത നികുതികൊണ്ട് നിര്‍മിച്ച ഈ സ്ഥാപനങ്ങള്‍ സ്വന്തമെന്ന പോലെ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ എ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.