പ്രതിരോധ കുത്തിവെപ്പ് നാളെ നിങ്ങളുടെ ഭാവി നിര്‍ണയിച്ചേക്കാം. നമ്മുടെ  കുട്ടികളെ രോഗവിമുക്തരാക്കാനുള്ള റൂബെല്ല വാക്‌സിനേഷനെ കുറിച്ച് സംശയങ്ങൾ സ്വഭാവികമാണ്  ഇത്തരത്തിലുള്ള എല്ലാം സംശയങ്ങളൾക്കും മറുപടി ഇതാണ്.

എവിടെനിന്ന് ലഭിക്കും?

ഒരുമാസക്കാലമാണ് കുത്തിവെപ്പ് കാമ്പയിന്‍.  സ്കൂളുകൾ, അങ്കണവാടികള്‍, ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.  തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് നൽകുന്നുണ്ട്.  

ആശങ്ക വേണ്ട

ഓട്ടോ ഡിസേബ്ള്‍ഡ് സിറിഞ്ച് ഉപയോഗിച്ചാണ് മീസില്‍സ് റൂെബല്ല വാക്‌സിന്‍ കുത്തിവെക്കുന്നത്. അതിനാല്‍ ഒരു കുട്ടിക്ക് ഉപയോഗിച്ച സിറിഞ്ച് പിന്നീട് ഉപയോഗിക്കാനാവില്ല. ഒരു തവണ ഉപയോഗിച്ചത് രണ്ടാമത് ഉപയോഗിക്കുന്നതിനായി മരുന്ന് നിറയ്ക്കാനാവില്ല. കൂടാതെ പ്രത്യേകതരം ശീതീകരണ സംവിധാനം ഉപയോഗിച്ചാണ് വാക്‌സിന്‍ സൂക്ഷിക്കുന്നതും. അതുകൊണ്ട് സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക വേണ്ട.
  
ആര്‍ക്കൊക്കെ നല്‍കരുത്?

 ശക്തമായ പനി, ബോധക്ഷയം, അപസ്മാരം എന്നിവയുള്ളതും മുന്‍പ് കുത്തിവെപ്പെടുത്തപ്പോള്‍ വലിയ തോതിലുള്ള അലര്‍ജിയുണ്ടായതുമായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാറില്ല. മറ്റേതെങ്കിലും രോഗത്തിന് ചികിത്സയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുമുന്‍പ് ഡോക്ടറുടെ ഉപദേശം തേടണം. 
 
പാര്‍ശ്വഫലത്തെ പേടിവേണ്ട

എം.ആര്‍. കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയും അംഗീകരിച്ചതാണ് എം.ആര്‍. വാക്‌സിന്‍. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ അംഗീകാരം നേടിയതുമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചരക്കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

പതിവ് പ്രതിരോധ കുത്തിവെപ്പ് എപ്പോള്‍?

മീസില്‍സ് റൂബല്ല കുത്തിവെപ്പെടുത്ത കുട്ടിക്ക് നാലാഴ്ചയ്ക്കുശേഷം മാത്രമേ മറ്റേതെങ്കിലും വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂ. വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ച വേണമെന്നതിനാലാണിത്.