ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്ക് അഞ്ചാംപനിയില്‍ (മീസില്‍സ്) നിന്നും റുബെല്ലയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി  സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മീസില്‍സ് റൂബെല്ല (എം.ആര്‍) പ്രതിരോധ പരിപാടി ആരോഗ്യരംഗത്തെ് ഒരു കുതിപ്പ് തന്നെയാണ്.
നവംബര്‍ മൂന്നുവരെയാണ് കുത്തിവെപ്പ് പരിപാടി നടക്കുന്നത്.  നിങ്ങളുടെ നാട്ടില്‍ റൂബെല്ല പ്രതിരോധയജ്ഞം വിജയകരമാകാന്‍ ചെയ്യേണ്ടത് ഇവയാണ്. 

1. മീസല്‍സ്-റൂബെല്ല പ്രതിരോധകുത്തിവെപ്പിനെക്കുറിച്ചുളള പരിശീലന പരിപാടികളില്‍ പങ്കെടുത്ത് നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മനസിലാക്കുക
2.  എം.ആര്‍ പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുളള ബോധവത്ക്കരണപരിപാടികള്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക
3.  പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിന് 2-3 ദിവസം മുമ്പെങ്കിലും പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ഓര്‍മപ്പെടുത്തുക
4.  പ്രതിരോധ മരുന്ന് നല്‍കുന്ന സ്ഥലം, തിയതി എന്നിവ കുടുംബങ്ങളെ അറിയിക്കുകയും ഇതു സംബന്ധിച്ച ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് നല്‍കുകയും ചെയ്യുക. പ്രദേശത്തെ വീടുകളില്‍ പോകുമ്പോഴും ആളുകളെ കാണുമ്പോഴും എംആര്‍ പ്രതിരോധത്തിന്റെ പ്രാധാന്യം എടുത്തു പറയുക.
5.  ഒന്‍പതു മാസം പൂര്‍ത്തിയായതു  മുതല്‍ 15 വയസുവരെയുളളവരെ പ്രതിരോധ മരുന്ന് നല്‍കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കളെ ഓര്‍മിപ്പിക്കുക. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറെടുക്കുക.
6.  പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന സ്ഥലത്തേക്ക് ആര്‍ക്കെങ്കിലും എത്താനാകാതെ പോയാല്‍ കുത്തിവെപ്പ് ലഭിക്കാനായി അവര്‍ എവിടെ പോകണമെന്ന് മനസിലാക്കിവെക്കുക.
7.  സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് കുട്ടികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവെക്കുന്നതിനെക്കുറിച്ചും മാതാപിതാക്കളെ ഓര്‍മിപ്പിക്കുക.