കരുളായി: മുഴുവന്‍ കുട്ടികള്‍ക്കും മീസല്‍സ് റുബെല്ല പ്രതിരോധക്കുത്തിവെപ്പെടുത്ത് വനത്തിനകത്തെ കോളനി മാതൃകയായി. കരുളായി വനത്തിലെ നെടുങ്കയം ആദിവാസിക്കോളനിയാണ് മുഴുവന്‍പേര്‍ക്കും കുത്തിവെപ്പെടുത്തത്. 

കോളനിയിലുള്ള 43 കുട്ടികള്‍ക്കാണ് കുത്തിവെപ്പെടുത്തത്. ഉള്‍വനത്തിലെ മറ്റു കോളനികളില്‍നടന്ന പരിപാടിയില്‍ ചില രക്ഷിതാക്കള്‍ കുത്തിവെപ്പെടുക്കാന്‍ മടിച്ചിരുന്നു. കോളനിയിലെ ബദല്‍സ്‌കൂള്‍ അധ്യാപകനായ വിജയന്‍, കോളനിവാസികളായ ശ്രുതി, വൈഷ്ണവി എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രചാരണം കോളനിയില്‍ നടത്തിയിരുന്നു.

കുത്തിവെപ്പെടുക്കാനായി വീട്ടമ്മമാര്‍ കൂട്ടത്തോടെ എത്തിയത് നെടുങ്കയത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതിയ കാഴ്ചയായി.

കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. കെ. റിയാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്. പി. രാജലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി. ഇന്ദുലാല്‍, സുരേഷ് കെ. കമ്മത്ത്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ജോളമ്മ ചാക്കോ, മുഹമ്മദാലി, സി. തങ്കം എന്നിവര്‍ ക്യാമ്പിന് നേതൃത്വംനല്‍കി.