ലോകത്തേറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ജന്തുജന്യ രോഗമാണ് ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. സ്ഥിര രോഗാണുവാഹകരായ എലികളെ കൂടാതെ കന്നുകാലികളും പട്ടി, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും രോഗാണുവാഹകരായി മാറിയേക്കാം. ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.

മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് എലിപ്പനി ഭീഷണിയാകുന്നു. രോഗാണുവാഹകരായ എലി, കരണ്ടുതിന്നുന്ന ജീവികള്‍, നായ, പൂച്ച തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍നിന്നാണ് രോഗകാരിയായ ബാക്ടീരിയകള്‍ ശരീരത്തില്‍ കടക്കുന്നത്. മലിനജലവുമായി സമ്പര്‍ക്കമേറ്റ ഭക്ഷണവസ്തുക്കള്‍ കഴിച്ചാലും അണുബാധയുണ്ടാകാം. മലിനജലത്തില്‍നിന്ന് ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുക. ആറു മുതല്‍ 20 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

എലിപ്പനി ബാധിച്ചവര്‍ക്കെല്ലാം ശരീരത്തില്‍ പ്രകടമായ മുറിവുകള്‍ ഉണ്ടാകണമെന്നില്ല. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിലെ കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും രോഗാണുക്കള്‍ പ്രവേശിക്കാം. അതുകൊണ്ടാണ് മലിനജലംകൊണ്ട് മുഖവും വായും കഴുകരുതെന്നും കുടിവെള്ളം തിളപ്പിച്ചശേഷം മാത്രമേ കുടിക്കാവൂ എന്നും നിര്‍ദേശിക്കുന്നത്.

  • തുടക്കം സാധാരണ വൈറല്‍ പനിപോലെയാണെങ്കിലും അതിശക്തമായ പേശിവേദന, കണ്ണിനു ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്.
  • സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മല്‍ തുടങ്ങിയവ ഉണ്ടായിരിക്കുകയില്ല.
  • ഉദരസംബന്ധമായ പ്രശ്‌നങ്ങളായ വയറുവേദന, ചര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക

എലികള്‍ പെരുകുന്നത് തടയുക

വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം പാലിക്കുക

ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജലസമ്പര്‍ക്കം ഒഴിവാക്കുക

മലിനജലത്തില്‍ ഇറങ്ങിയുള്ള ജോലികള്‍ ഒഴിവാക്കുക

ഓടകള്‍, കുളങ്ങള്‍,വെള്ളക്കെട്ടുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ കൈയുറ, കാലുറ എന്നിവ ധരിക്കുക