Kochouseph Chittilappillyതൃശ്ശൂരിലെ കര്‍ഷകകുടുംബത്തില്‍ 1950ലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ജനനം. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഇലക്ട്രോണിക്‌സ് കമ്പനിയിലെ സൂപ്പര്‍വൈസറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നിലവില്‍ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപക ചെയര്‍മാനാണ് ബഹുമുഖ പ്രതിഭ കൂടിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡെയ്‌സ് ലിമിറ്റഡ്,വീഗാലാന്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വി ഗാര്‍ഡ് ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുുണ്ട്.

ഇതിനു പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും രൂപീകരിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2011ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്്്. അഞ്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

വ്യവസായി

27-ാം വയസ്സിലാണ് അച്ഛന്റെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങി സ്റ്റെബിലൈസറുകള്‍ നിര്‍മ്മിക്കുന്ന ചെറുകിട സംരംഭം തുടങ്ങുന്നത്. 2000ത്തില്‍ കൊച്ചിയില്‍ വണ്ടര്‍ലാ എന്ന പേരില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിച്ചു. ജനകീയമായി മാറിയ ഈ പദ്ധതിക്കു ശേഷം ബംഗലൂരുവിലും 2005ല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി. ഇക്കൂട്ടത്തില്‍ മൂന്നാമത്തെ സംരംഭമായ ഹൈദരാബാദിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് 2016ലാണ് ആരംഭിക്കുന്നത്.മൂന്ന് പാര്‍ക്കുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

റിയല്‍എസ്റ്റേറ്റ് രംഗത്തെ ചുവടുവയ്പായ വീഗാലാന്റ് ഡവലപ്പേഴ്‌സ് 2012ലാണ് തുടങ്ങിയത്. ഉയര്‍ന്ന നിലവാരത്തിലുള്ള വസ്ത്ര നിര്‍മ്മാണ സംരംഭമാണ് 1995ല്‍ ഷീല കൊച്ചൗസേപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

മനുഷ്യ സ്‌നേഹി

 അവയവ ദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തികഞ്ഞ മനുഷ്യ സ്‌നേഹിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്. 2011ല്‍ ട്രക്ക് ഡ്രൈവറായ വ്യക്തിക്ക് വേണ്ടിയാണ് വൃക്ക ദാനം ചെയ്തത്. കേരളത്തിലെ ജീവകാരുണ്യ സംഘടനയായ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് അദ്ദേഹം കിഡ്‌നി ചെയിനിന് തുടക്കമിട്ടത്. അവയവദാനത്തെ കുറിച്ചുള്ള ബോധവത്കരണ കാമ്പയിനുകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

സാമൂഹ്യ ബോധമുള്ള വ്യക്തി എന്ന നിലക്ക് നോക്കുകൂലി, തെരുവുനായ പ്രശ്‌നം, ഹര്‍ത്താലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നടത്തിയ സാമൂഹ്യ സേവനങ്ങള്‍ മുന്‍നിര്‍ത്തി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1993ല്‍ ബെസ്റ്റ്് എന്റര്‍പ്രെണര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. 1993 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തിഗത ഉയര്‍ന്ന നികുതി ദാതാവ് എന്ന നിലയില്‍ അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള 1998ലെ ഇന്‍ഡസ്ട്രി എക്‌സലന്‍സ് അവാര്‍ഡ്, 2000ത്തിലെ ബിസിനസ് ദീപിക അവാര്‍ഡ്, 2007ല്‍ ധനം മാഗസിന്‍ ഏര്‍പ്പെടുത്തിയ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം, 2010ല്‍ ദേശീയ സുരക്ഷാ മിഷന്റെ സാമൂഹ്യ സുരക്ഷാ അവാര്‍ഡ് എന്നിവ കിട്ടിയിട്ടുണ്ട്. 2011ല്‍ മനോരമ ന്യൂസ് മേക്കര്‍, ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍, ടൂറിസം മാന്‍ ഓഫ് ദ ഇയര്‍ എന്നീ അവാര്‍ഡുകളും നേടി.

കുടുംബം

വി സ്റ്റാര്‍ ക്രിയേഷന്‍സ് മേധാവി ഷീലയാണ് ഭാര്യ. അരുണ്‍, മിഥുന്‍ എന്നിവര്‍ മക്കളാണ്. അരുണ്‍ വണ്ടര്‍ലായുടെ മാനേജിങ് ഡയറക്ടറും, മിഥുന്‍ വി ഗാര്‍ഡ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമാണ്. പ്രിയ, ജോഷ്‌ന എന്നിവര്‍ മരുമക്കളും, ആരവ്, അനെഖ എിവര്‍ പേരക്കുട്ടികളുമാണ്