കേരള സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധി (ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്) കേരള ലിമിറ്റഡ്) രാജ്യത്തെ പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരാണ്. 480ല്‍ അധികം ഉല്‍പ്പന്നങ്ങളുമായി കേരളത്തിലെയും ഇന്ത്യയിലെ മറ്റ് 19 സംസ്ഥാനങ്ങളിലെയും ഗവണ്‍മെന്റ് ആശുപത്രികളിലും ഡിസ്പന്‍സറികളിലും ഔഷധി മരുന്നുകള്‍ വിതരണം ചെയ്യുന്നു.
പരമ്പരാഗത ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി, ആയുര്‍വേദ ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഔഷധി ഉയര്‍ന്ന ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുകയും ന്യായമായ വിലയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നത്. ഔഷധിക്ക് കേരളത്തില്‍ 700 ഡീലര്‍മാരുണ്ട്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ വിവിധ സെയില്‍സ് ഔട്ട്ലെറ്റുകളിലൂടെ മറ്റ് സംസ്ഥാനങ്ങളിലും ഔഷധി സ്വന്തം ഉല്‍പന്നങ്ങള്‍ എത്തിക്കുന്നു.
തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരില്‍ ഔഷധിക്ക് ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറിയുണ്ട്. പരമ്പരാഗത മരുന്ന് നിര്‍മാണ രീതികള്‍ പിന്‍തുടരുമ്പോഴും ആധുനികമായ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുക്കൊണ്ട് നവീനമായ സാങ്കേതികമാര്‍ഗങ്ങള്‍ മരുന്ന് നിര്‍മാണത്തിനായി ഔഷധി ഉപയോഗപ്പെടുത്തുന്നു. തിരുവനന്തരപുരത്ത് മുട്ടത്തറയില്‍ പുതിയതായി സ്ഥാപിച്ച ഫാക്ടറി യൂണിറ്റ്, നിര്‍മാണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ഔഷധിക്കുണ്ട്. ഏറ്റവും ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതു മുതല്‍ പായ്ക്കിംഗ്, സ്റ്റോറിംഗ് തുടങ്ങി നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് നിരന്തരം നിരീക്ഷിക്കുന്നു. ഔഷധിയുടെ ഫാക്ടറിക്ക് ജിഎംപിയും (ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ്) ഐഎസ്ഒ 9001: 2015 സര്‍ട്ടിഫിക്കറ്റുകളുമുണ്ട്. ലാബിന് ആയുഷ് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. മരുന്ന നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്താനായി വിപുലമായ തോതില്‍ ഔഷദ്യോധ്യാനങ്ങള്‍ ഔഷധി നട്ടുവളര്‍ത്തുന്നു. ഔഷധിയുടെ മേല്‍നോട്ടത്തിലും നേരിട്ടും പരിപാലിക്കുന്ന ഔഷോദ്യാനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ആയുര്‍വേദത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ ആന്‍ഡ് ഡി വിഭാഗവും ഔഷധിക്കുണ്ട്. മരുന്നുകളുടെ ഫലസിദ്ധി ഉയര്‍ത്തുന്നതിനും വിപണിസൗഹാര്‍ദപരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായി നിരവധി നൂതന മാര്‍ഗങ്ങള്‍ ഈ വിഭാഗം ഇതിനകം ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് സിദ്ധ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് 2018 -19 കാലത്ത് സിദ്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേക്കും ഔഷധി പ്രവേശിച്ചു.
ആധുനിക രീതിയിലുള്ള പഞ്ചകര്‍മ ആശുപത്രി സ്ഥാപിച്ചുകൊണ്ട് 2005ല്‍ ഔഷധി ചികിത്സാരംഗത്തും ചുവടുറപ്പിച്ചു. 2019ല്‍ 50 കിടക്കകളോടു കൂടിയ പുതിയ ബ്ലോക്കും പ്രവര്‍ത്തനമാരംഭിച്ചു. അതെ, ആയുര്‍വേദ ചികിത്സാരംഗത്ത് വികസനത്തിന്റെ പാതയില്‍ മികവോടെ മുന്നേറുകയാണ് സര്‍ക്കാര്‍ സംരംഭമായ ഔഷധി.
ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ ഔഷധിയുടെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.