സ്വയം കറങ്ങലിനൊപ്പം ചുറ്റുപാടും കറങ്ങുന്നതു പോലെയുള്ള തോന്നല്‍. കണ്ണില്‍ ഇരുട്ട് കയറുന്നതും, നേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, നേരെ കിടക്കാനോ ചരിഞ്ഞു കിടക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുക ഇത്തരം ലക്ഷണങ്ങളോടെ വരുന്ന ശാരീരികാവസ്ഥയെ തലകറക്കം എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. എന്താണ് തലകറക്കം എന്നു നോക്കാം. 

പ്രായഭേദമന്യേ കണ്ടുവരുന്ന അസുഖലക്ഷണമാണ് തലകറക്കം അഥവാ വെര്‍ട്ടിഗോ. തലകറക്കം പല അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രമാണ്.  ഏറ്റവും കൂടുതല്‍ തലകറക്കത്തിന്റെ ലക്ഷണം കാണപ്പെടുന്നത് ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ്. എങ്കില്‍ക്കൂടി തലയിലേയ്ക്കുള്ള രക്തയോട്ടം കുറയുക, കൂടുതലാവുക, രക്തധമനികളിലെ ബ്ലോക്കുകള്‍, അര്‍ബുദങ്ങള്‍, പ്രമേഹം എന്നിവയൊക്കെ തലകറക്കത്തിന്റെ കാരണങ്ങളാവാം. 

ചെവിയുടെ ഏറ്റവും ഉള്ളിലായി ആന്തരിക കര്‍ണ്ണത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സെമിസര്‍ക്കുലാര്‍ കനാല്‍ എന്നുപറയുന്ന അവയവത്തിനുള്ളിലെ ദ്രാവകങ്ങളിലെ കാല്‍സിയം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ മാറുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് സാധാരണമായി കണ്ടുവരുന്നത്. ഇതിനെ BPPV(Benign Paroxysmal Positional Vertigo) എന്നറിയപ്പെടുന്നു. 

മധ്യവയസ്‌കരില്‍ സാധാരണമായി കാണുന്ന തലകറക്ക പ്രശ്‌നങ്ങളില്‍ ഒന്നാണ് PPPD (Persistent Postural Perceptual Dizziness). ദീര്‍ഘനാള്‍ ചികിത്സ  വൈകിച്ചാല്‍ വെര്‍ട്ടിഗോ എന്ന അവസ്ഥ PPPD യിലേയ്ക്ക് മാറാം, ഇതല്ലാതെ എന്‍ഡോ ലിംഫാറ്റിക് ഹൈഡ്രോപ്‌സ് അല്ലെങ്കില്‍ മെനിയേര്‍സ് ഡിസീസ് എന്ന രോഗാവസ്ഥയില്‍ ആന്തരിക കര്‍ണ്ണത്തിലുള്ള ചെറിയ ബാഗ് പോലുള്ള സാക്കില്‍ അനിയന്ത്രിതമായി ദ്രാവകം കൂടുകയും അവ പൊട്ടി ശക്തമായ തലകറക്കവും മറ്റ് ദേഹാസ്വസ്ഥങ്ങളും ഉണ്ടാക്കുന്നു. 

തലചുറ്റല്‍ പല വിധ കാരണങ്ങളാല്‍ ഉണ്ടാകാം എന്നതിനാല്‍ കൃത്യമായരോഗനിര്‍ണ്ണയം നടത്തിവേണം ചികിത്സ. 

മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്സ്പോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 99614 64777, 96051 07076. കേരള ഹെല്‍ത്ത് എക്‌സ്‌പോയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.

Content Highlights: Vertigo Symptoms Causes, Kerala Health Expo 2019