രീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായി വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് സോഡിയം. സോഡിയം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളില്‍ (Electrolyte) ഒന്നാണ്. കോശങ്ങളുടെ അകത്തും പുറത്തുമുള്ള ജലാംശത്തെ കോശകോശാന്തര വൈദ്യുത വാഹകമാക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സാന്നിധ്യമാണ്. ശരീരത്തിലെ സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും, കോശങ്ങള്‍ക്ക് ചുറ്റുമുള്ള ദ്രാവകത്തിലുമാണ് (പ്ലാസ്മദ്രവം) കാണപ്പെടുന്നത്. ഹൈപ്പോതലാമസ്, അഡ്രീനല്‍ ഗ്രന്ഥി, വൃക്കകള്‍ എന്നീ ശരീരഭാഗങ്ങളാണ് സോഡിയത്തിന്റെ സന്തുലനത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഹൈപ്പോനാട്രീമിയ

ശരീരത്തില്‍ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാല്‍ വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു. ആരോഗ്യമുള്ള വൃക്കകള്‍ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നില ക്രമീകരിച്ചുകൊണ്ട് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു. പ്രായമായവരിലാണ് ശരീരത്തില്‍ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. വൃക്കയുടെയും, അഡ്രീനല്‍ ഗ്രന്ഥികളുടെയും പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതും, വെള്ളം വേണമെന്ന് തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും മറ്റും വാര്‍ധക്യത്തിലേക്ക് കടന്നവര്‍ക്കുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളാണ്. ഇവയ്ക്കു പുറമെ ഇവര്‍ കഴിക്കുന്ന ചില മരുന്നുകളും സോഡിയത്തിന്റെ അളവില്‍ വ്യതിയാനം വരുത്തുന്നു. ഹൈപ്പോനാട്രീമിയ എന്നാണ് സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയുടെ പേര്. സോഡിയത്തിന്റെ അളവിനേക്കാള്‍ സോഡിയം കുറയുന്ന വേഗതയാണ് പ്രധാനം. സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.

ഹൈപ്പോനാട്രീമിയയുടെ പ്രധാന ലക്ഷണങ്ങള്‍

 • തലവേദന
 • ഓക്കാനം
 • സ്വബോധമില്ലാത്ത അവസ്ഥ
 • ഓര്‍മക്കുറവ്
 • ക്ഷീണം
 • തളര്‍ച്ച
 • അപസ്മാരം

ഹൈപ്പോനാട്രീമിയയുടെ തുടക്കത്തില്‍ ക്ഷീണം, തലവേദന എന്നിവയും, പിന്നീട് ചെറിയ രീതിയില്‍ സ്വഭാവത്തിലെ വ്യതിയാനങ്ങള്‍, ആശയക്കുഴപ്പം, സ്ഥിരമായി ചെയ്തിരുന്ന കാര്യങ്ങള്‍ മറന്നു പോകുക, ചിലപ്പോള്‍ ആരേയും തിരിച്ചറിയാതിരിക്കുക, ചിലരെ മാത്രം തിരിച്ചറിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രകടമാകാം. സോഡിയം കുറയുന്നത് മസ്തിഷ്‌ക കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചില ഘട്ടങ്ങളില്‍ അപസ്മാരംകൊണ്ടും ബോധംനശിച്ചും കോമ സ്റ്റേജിലേക്കു വരെ രോഗി എത്തിപ്പെടും. അതിനാല്‍ പ്രായമായവരില്‍ അല്ലെങ്കില്‍ കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും വേണ്ട വൈദ്യസഹായം നേടേണ്ടതുണ്ട്. രോഗം നിര്‍ണയിക്കപ്പെടുകയാണെങ്കില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്ലോറൈഡ് ലായിനി ഡ്രിപ്പായി നല്‍കുകയോ, ഭക്ഷണം ക്രമീകരിക്കുകയോ, കഴിക്കുന്ന മരുന്നുകളില്‍ വ്യതിയാനം വരുത്തുകയോ ചെയ്യുന്നതായിരിക്കും. വിദഗ്ദ്ധാഭിപ്രായം ഇതിനു അത്യാവശ്യമാണ്. സ്വയം രോഗം നിര്‍ണയിക്കുന്നതും, ചികിത്സ ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. അതിനാല്‍ യോഗ്യരായ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഹൈപ്പര്‍നാട്രീമിയ

സോഡിയം കൂടിപ്പോകുന്ന അവസ്ഥയെയാണ് ഹൈപ്പര്‍നാട്രീമിയ (Hypernatraemia) എന്നു പറയുന്നത്. വാര്‍ധക്യത്തില്‍ മാത്രമല്ല ശിശുക്കളിലും കണ്ടു വരുന്ന ഒന്നാണിത്. ശരീരത്തില്‍ ജലാംശം കുറയുന്നതാണ് സോഡിയം കൂടുന്നതിന്റെ പ്രധാനം കാരണം. ശരീരത്തിന്റെ ദഹനസംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വരുമ്പോഴും അമിതമായി ജലനഷ്ടം വരുമ്പോഴുമാണ് സോഡിയം നില കൂടുക.

ഹൈപ്പര്‍നാട്രീമിയയുടെ പ്രധാന ലക്ഷണങ്ങള്‍

 • ക്ഷീണം
 • ദാഹം
 • നിര്‍ജലീകരണം
 • പരവേശം
 • മയക്കം

ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും വേണ്ട വൈദ്യസഹായം നേടേണ്ടതുണ്ട്. രോഗം നിര്‍ണയിക്കപ്പെടുകയാണെങ്കില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ ചെയ്യേണ്ടതാണ്. സ്വയം രോഗം നിര്‍ണയിക്കുന്നതും, ചികിത്സ ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

ചില മുന്‍കരുതലുകള്‍

അതിസാരം കാരണം ശരീരത്തില്‍ നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി കുടിവെള്ളം മാത്രമായി നല്‍കുന്നതിന് പകരം തിളപ്പിച്ചാറ്റി തണുപ്പിച്ച വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം നല്‍കുന്നതാണ് ഉത്തമം.

വെയിലത്ത് പണിയെടുക്കുമ്പോഴോ, അല്ലെങ്കില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതോ വഴി വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെ ക്ഷീണം തോന്നുകയാണെങ്കില്‍ ഉപ്പു ചേര്‍ത്ത വെള്ളമാണ് ധാരാളമായി കുടിക്കേണ്ടത്.

ശരീരത്തില്‍ അകാരണമായി നീര് കാണുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക.

ശരിയായ ചികിത്സ കിട്ടുകയാണെങ്കില്‍ പെട്ടെന്ന് പരിഹരിക്കാമെങ്കിലും സോഡിയം കുറയുന്ന അവസ്ഥ പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത്. അതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ പെട്ടെന്ന് ഓര്‍മക്കുറവ്, സ്വബോധമില്ലാത്ത അവസ്ഥ എന്നിവ കാണിക്കുകയാണെങ്കില്‍ പെട്ടെന്ന് വേണ്ട വൈദ്യസഹായം എത്തിക്കുക. നാഡികളുടെ പ്രവര്‍ത്തനത്തെ ഛിന്നഭിന്നമാക്കാന്‍ കഴിവുള്ള ഒന്നാണ് സോഡിയം കുറയുന്ന അവസ്ഥ.

മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്‌സ്‌പോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 99614 64777, 96051 07076. കേരള ഹെല്‍ത്ത് എക്സ്പോയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

Content Highlight: Kerala Health Expo 2019, sodium level in body