ഷാര്‍ജ: രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ രോഗംവരാതെ നോക്കുക എന്നതാണ്. മലയാളി മാത്രമല്ല, ലോകത്തിലെ ഓരോ മനുഷ്യനും ചെറുപ്പംമുതല്‍ കേട്ടുപരിചയിച്ച പ്രയോഗമാണത്. പക്ഷെ മിക്കവരും മറന്നുപോകുന്നതും അതുതന്നെ.
രോഗങ്ങളെക്കുറിച്ചുള്ള അറിവുകള്‍, അതിലേക്ക് നയിക്കാവുന്ന ലക്ഷണങ്ങള്‍, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍. ഇതൊക്കെ മനസ്സിലാക്കിയാല്‍ തന്നെ രോഗങ്ങളെ വലിയൊരുപരിധിവരെ അകറ്റിനിര്‍ത്താം. അതിനുള്ള ഏറ്റവുംമികച്ച വഴി ബോധവത്കരണമാണ്.
മലയാളിയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ഒരു നൂറ്റാണ്ടോളമായി സ്വാധീനിച്ചും അവര്‍ക്ക് വഴികാട്ടിയായും നില്ക്കുന്ന മാതൃഭൂമി പ്രവാസികള്‍ക്കായി അത്തരമൊരു ദൗത്യവുമായി വീണ്ടും ഷാര്‍ജയില്‍ എത്തുന്നു. മലയാളത്തിലെ ഏറ്റവുംമികച്ച ആരോഗ്യ പ്രസിദ്ധീകരണം എന്ന വിശേഷണം വര്‍ഷങ്ങളായി സ്വന്തമാക്കിയിട്ടുള്ള മാതൃഭൂമി ആരോഗ്യമാസികയാണ് ഇത്തവണ കേരള ഹെല്‍ത്ത് എക്സ്പോ എന്ന പേരില്‍ സമഗ്രമായ ആരോഗ്യപ്രദര്‍ശനം ഷാര്‍ജ എക്സ്പോ സെന്ററില്‍ ഒരുക്കുന്നത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിമുതല്‍ രാത്രി എട്ടുമണിവരെയാണ് പ്രദര്‍ശനം. കഴിഞ്ഞവര്‍ഷം മാതൃഭൂമിയുടെ ഓണ്‍ലൈന്‍ സംരംഭമായ മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്ത് എക്സ്പോയാണ് ഇത്തവണ മാതൃഭൂമി ആരോഗ്യമാസിക വീണ്ടും എത്തിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, രോഗങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കേരളത്തിലെ ഒരുസംഘം വിദഗ്ദ ഡോക്ടര്‍മാര്‍ പ്രവാസികളോട് സംസാരിക്കും. അര്‍ബുദചികിത്സാരംഗത്തെ കേരളത്തിലെ ഏറ്റവും പ്രഗല്ഭനായ ഡോ. വി.പി. ഗംഗാധരന്, ഡോ. ഷോണ്‍ ടി. ജോസഫ് (ഓങ്കോ സര്ജന്), ഡോ. ജിലീപ് പണിക്കര്‍ (ന്യൂറോ സര്ജന്), ഡോ. പ്രസാദ് സുരേന്ദ്രന്), ഡോ. രവി ചെറിയാന് (കാര്‍ഡിയോളജി), ഡോ. അനില്‍ കുമാര്‍ (ന്യൂറോളജി), ഡോ. മാത്യു പാപ്പച്ചന് (റീപ്രൊഡക്ടീവ് മെഡിസിന്), ഡോ. ഷജീം ഷാഹുദീന്‍ (റേഡിയോളജിസ്റ്റ്), ഡോ. എം.ബി. വിനീത് (ഓര്‍ത്തോപീഡിക്സ്) എന്നിവര്‍ ഹെല്‍ത്ത് എക്സ്പോവില്‍ അവരവരുടെ മേഖലകളെക്കുറിച്ച് സംസാരിക്കും. സദസ്സിന്റെ സംശയങ്ങള്‍ക്ക് അവര്‍ മറുപടിനല്‍കുകയും ചെയ്യും.
കേരളത്തിലെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളുടെ സ്റ്റാളുകളും ഹെല്‍ത്ത് എക്സ്പോയില്‍ അണിനിരക്കുന്നുണ്ട്. നാട്ടില്‍ എവിടെ ചികിത്സ നടത്താനും പ്രശസ്തരായ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച ഒരുക്കാനും ഈ സ്റ്റാളുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ബി.ആര്. ലൈഫ് എസ്.യു.ടി. പട്ടം സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, വിവിഡ് ഇമേജിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്റര്‍, ലൈഫ് ലൈന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, റിജന്കെയര്, കേരളീയ ആയുര്‍വേദ സമാജം, സി.ഐ. കോസ്മെറ്റിക് ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ എന്നീ ആരോഗ്യസ്ഥാപനങ്ങളുടെ പവിലിയനുകള്‍ മേളയിലുണ്ടാവും. ഇവിടെവെച്ച് അതാത് സ്ഥാപനങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും.