കൊച്ചി: 'മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്‌സ്പോ' രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. ആരോഗ്യരംഗത്തെ വിവിധ ശ്രേണികളില്‍നിന്നുള്ള ആശുപത്രികളും ഡോക്ടര്‍മാരും ഭാഗമായ എക്‌സ്പോ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

അവയവദാനത്തെ സംബന്ധിച്ച് നിലവിലുള്ള തെറ്റിദ്ധാരണകള്‍ മാറാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. 'അവയവദാനം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവയവദാനത്തിനു ശേഷവും ഒരു വ്യക്തിക്ക് സാധാരണ ജീവിതം നയിക്കാനാകും. അതിനുള്ള ഉദാഹരണമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ജോര്‍ജ് ചാണ്ടി, ഡോ. ജോര്‍ജി കെ. നൈനാന്‍, ഡോ. ജിജി കുരുട്ടുകുളം, ഡോ. ജോണ്‍ വല്യാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

'കാന്‍സര്‍: മുന്‍കരുതലും ജീവിത രീതിയും' എന്ന സിമ്പോസിയത്തിന് ഡോ. വി.പി. ഗംഗാധരന്‍ നേതൃത്വം നല്‍കി. ജീവിത രീതിയിലെടുക്കുന്ന മുന്‍കരുതലുകള്‍ വഴി കാന്‍സറിനെ ഒരു പരിധിവരെ തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗം മൂലം പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് ഡോ. സുകുമാരന്‍ പാറയ്ക്കല്‍ പറഞ്ഞു.

പൊണ്ണത്തടിയുള്ളവരില്‍ മറ്റ് അസുഖങ്ങള്‍പോലെ കാന്‍സറിനും സാധ്യത കൂടുതലാണെന്ന് ഡോ. ചിത്രതാര പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി മുപ്പതോളം ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. സൗജന്യ മെഡിക്കല്‍ ചെക്കപ്പ്, ആരോഗ്യ സെമിനാറുകള്‍, യോഗ പരിശീലനം തുടങ്ങിയവും എക്‌സ്പോയുടെ ഭാഗമായി നടന്നു.